തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മഹാനായ ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മിച്ചാല്‍ മതിയെന്നും അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.

'ആരുംതന്നെ അങ്ങനെയൊന്നു പറയാന്‍ പാടില്ല. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്. അങ്ങനെയിരുന്ന മഹാവ്യക്തിയിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മിച്ചാല്‍ മതി. വേറെയൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. അവനവന്‍ തിരിച്ചറിയുക എന്നതാണ്. വകതിരിവ് അവനവനാണ് കാണിക്കേണ്ടത്'' ഗണേഷ്‌കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതടക്കമുള്ള വെള്ളാപ്പള്ളിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിനുപുറമേ മുസ്ലിം ലീഗിനെതിരായി വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളും വിവാദത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാറും രംഗത്തെത്തിയത്.

അതേസമയം വെള്ളാപ്പള്ളി നടേശനെ തള്ളാതെയാണ് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചത്. വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങളില്‍ സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങള്‍ ഉണ്ട്. അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നും ബേബി പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളി നടേശനെ പിന്തുണക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. വര്‍ഗീയപരമായ ചേരിതിരിവിന് കാരണമാകുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ അതുണ്ടാക്കുന്ന സാമൂഹിക വിപത്തുകളെ കുറിച്ച് ശ്രദ്ധിക്കണമെന്നും സാദിഖലി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്ന പ്രസ്താവനകള്‍ക്കും ആളുകള്‍ക്കും ഒപ്പം നില്‍ക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് സമസ്ത എപി വിഭാഗം. ക്രമസമാധാന പ്രശ്‌നമായി കണ്ട് സര്‍ക്കാര്‍ നടപടി എടുക്കണമെന്നും വെള്ളാപ്പള്ളിയുടെ അഭിപ്രായം ആരും അംഗീകരിക്കില്ലെന്നും കേരളാ മുസ്‌ലിം ജമാഅത്ത് നേതാവ് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.