കൊല്ലം: വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പി ബസ്സിന്റെ മുന്‍വശത്ത് നിരത്തിയിട്ട സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ ശാസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസ്സിന്റെ മുന്‍വശം കുപ്പികള്‍ വലിച്ചെറിയാനുള്ള സ്ഥലമല്ലെന്നും, ഇത് വൃത്തിഹീനമാണെന്നും മന്ത്രി ഡ്രൈവറെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

കൊല്ലം ആയൂരില്‍ വെച്ചാണ് മന്ത്രിയുടെ നടപടി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗത മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. മുമ്പ് പലതവണ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ താക്കീത് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും, ജീവനക്കാര്‍ക്ക് നോട്ടീസ് വഴിയും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസത്തെ ജീവനക്കാരാണ് ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി നിരത്തിയിട്ടതെന്ന് ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും അത് മാറ്റാത്തത് തെറ്റാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. രാവിലെ ബസ് എടുത്ത് സ്റ്റാര്‍ട്ട് ചെയ്ത് പോവുക മാത്രമല്ല ജീവനക്കാരുടെ ഉത്തരവാദിത്തമെന്നും, ബസ് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡ്രൈവര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും, ഇത് സംബന്ധിച്ച് കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കൃത്യവിലോപങ്ങളെ ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. മുമ്പ് ശമ്പളം കിട്ടുന്നില്ലെന്ന പരാതികളായിരുന്നുവെങ്കില്‍, ഇപ്പോള്‍ കൃത്യമായി ശമ്പളം ലഭിക്കുമ്പോള്‍ ജീവനക്കാര്‍ ജോലികളില്‍ വീഴ്ച വരുത്തുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാരുടെ ജോലി കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രമേ ശമ്പളം നല്‍കാനുള്ള പണം കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനസിലാക്കണം, നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എട്ട് വര്‍ഷത്തിന് ശേഷം പുതിയ ബസ് വാങ്ങിയത്. അത് സ്വിഫ്റ്റിലേക്ക് മാറ്റാന്‍ എനിക്ക് ഒരു മിനിട്ട് മതിയെന്ന് നിങ്ങള്‍ ആലോചിക്കണം. നിങ്ങള്‍ക്ക് ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടാനാണ് ഇതെല്ലാം ചെയ്യുന്നത്. എല്ലാ ട്രേഡ് യൂണിയനും രാഷ്ട്രീയത്തിനതീതമായി എന്നെ വിശ്വസിക്കണം. നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുകയാണ്.

ഒന്നാം തീയതി അടുക്കുമ്പോള്‍ പല ദിവസവും ഞാന്‍ ഉറങ്ങാറില്ല. 75 കോടി രൂപ വേണം നിങ്ങള്‍ക്ക് ശമ്പളം തരാന്‍. ഓണത്തിന് എല്ലാ അലവന്‍സും നല്‍കാന്‍ 114 കോടിയാണ് ഓവര്‍ഡ്രാഫ്റ്റ് എടുത്തത്. ഇതിനെല്ലാം പലിശ കൊടുക്കണം.

എല്ലായിടത്തും ക്യാമറയാക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ എന്ത് വൃത്തികേട് നടന്നാലും സെക്യൂരിറ്റി ജീവനക്കാര്‍ അറിയുന്നില്ല. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ എട്ട് ബസുകള്‍ നശിപ്പിച്ചു. എട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരില്‍ ആരും അത് കണ്ടില്ല. മുക്കിലും മൂലയിലും ഇനി ക്യാമറ വയ്ക്കും. താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ഒരു മാസം 26 ലക്ഷം രൂപ ചെലവാക്കുന്നുണ്ട്. അത് ഒഴിവാക്കി ക്യാമറയാക്കും. എല്ലാം സുതാര്യമാക്കും.

ചില്ലറയുടെ പ്രശ്നം വരാതിരിക്കാനാണ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതില്‍ ചില കണ്ടക്ടര്‍മാര്‍ തീര്‍ന്ന കാര്‍ഡ് ടോപ്പപ്പ് ചെയ്യാന്‍ തയ്യാറാകുന്നില്ല. ചില്ലറ അടിച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നവരാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ സത്യസന്ധര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇനി അങ്ങനെയുള്ള പരാതികള്‍ വന്നാല്‍ ഉടനേ സസ്പെന്‍ഡ് ചെയ്യും. മൂന്നാറിലെ ഡബിള്‍ ഡക്കറില്‍ ടിക്കറ്റ് കൊടുക്കാതെ രണ്ടുപേരെ കയറ്റി 400 രൂപ പോക്കറ്റിലിടുന്ന ചെറ്റപ്പണി ഇനി നിര്‍ത്തിക്കൂടേ. എംഎസ്സി ഉള്‍പ്പെടെ നല്ല വിദ്യാഭ്യാസമുള്ളവര്‍ വരെ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. അവര്‍ക്കെല്ലാം നാണക്കേടല്ലേ ഇത്."