തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സാങ്കേതികത്വത്തെ കൂട്ടു പിടിച്ച്. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ട്. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഒഴിവാക്കുന്നത് വിവദാമാകും.

സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് ആരെന്ന് തെളിയിക്കുക അപ്രയോഗികമായി. വിവാദ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും പുറമേ നിന്നുള്ളവര്‍ നല്‍കുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഗ്രൂപ്പില്‍ വിദ്വേഷ പോസ്റ്റു വന്നാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നുമാണ് നിയമോപദേശം. ഗോപാലകൃഷ്ണനെതിരെ കൊല്ലത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു പരാതിക്കാരന്‍. ഈ സാഹചര്യത്തിലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന വിശദീകരണം. കേസെടുക്കാത്ത സാഹചര്യത്തില്‍ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടികള്‍ പോലും അസാധ്യമായി മാറും.

ഗോപാലകൃഷ്ണന് വകുപ്പ് തല നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. രേഖമൂലം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ മെമ്മോയില്‍ വ്യക്തമാക്കിയിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതപരമായ വിഭാഗീയതയ്ക്ക് ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഐഎഎസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗോപാലകൃഷ്ണനെതിരെയുള്ളതായി ചീഫ് സെക്രട്ടറി വിശദീകരിച്ചത്. അത്തരമൊരു വിഷയത്തിലാണ് കേസെടുക്കാനാകില്ലെന്ന് നിലപാടില്‍ പോലീസ് നില്‍ക്കുന്നത്. ഇതോടെ ചീഫ് സെക്രട്ടറിയുടെ നിലപാടിനെ പോലീസ് തള്ളുന്ന സാഹചര്യമാണുള്ളത്.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും മെമ്മോയില്‍ പറഞ്ഞിരുന്നു. ഫോണ്‍ റീസെറ്റ് ചെയ്തശേഷമാണ് ഗോപാലകൃഷ്ണന്‍ ഫോണ്‍ പൊലീസിന് കൈമാറിയത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് കാട്ടി ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തില്ലെന്ന് തെളിഞ്ഞതോടെ പോലീസിന് കള്ള പരാതിയാണ് നല്‍കിയതെന്ന വാദം ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലും പോലീസിന് കേസെടുക്കാമെന്ന നിരീക്ഷണം എത്തിയിരുന്നു. ഗോപാലകൃഷ്ണന്‍ എന്തിന് കള്ളപരാതി കൊടുത്തുവെന്ന തരത്തിലും ചര്‍ച്ചകളെത്തി. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പൊലീസിനു വ്യാജപരാതി നല്‍കുന്നത് ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗോപാലകൃഷ്ണന്‍ ഹാജരാക്കിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതു തെളിവുനശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്. ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞുകയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗൂഗിളും മറുപടി നല്‍കിയത്. ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. അത് ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ സംഭവിക്കാം. പക്ഷേ അത്തരത്തില്‍ ഒരു ആപ്പും ഈ ഫോണില്‍ കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ ഗോപാലകൃഷ്ണനെതിരെ വ്യാജ പരാതിയില്‍ നടപടി എടുക്കാവുന്നതാണെന്ന വിലയിരുത്തല്‍ ഇപ്പോഴും സജീവമാണ്.