- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസുകാരുടെ ഹിന്ദു, മുസ്ലിം വാട്സാപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെ കൈവിടാതെ സര്‍ക്കാര്‍ കരുതല്‍; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി മെമ്മോ; മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയ കാര്യവും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടന്ന പരാതിയും ചാര്‍ജ്ജ് മെമ്മോയില്‍ ഇല്ല
കെ.ഗോപാലകൃഷ്ണനെ കൈവിടാതെ സര്‍ക്കാര്‍ കരുതല്‍
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെ കൈവിടാതെ സര്‍ക്കാറിന്റെ കരുതല്‍. ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് സര്‍ക്കാര്‍ ചാര്‍ജ്ജ് മെമ്മോ നല്‍കിയിരിക്കുന്നത്.
ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ചാര്‍ജ് മെമ്മോയില്‍ ഇല്ല. മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതും ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസിനു നല്‍കിയ സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയില്‍ ഇല്ല. ഇതെല്ലാം പ്രഥമദൃഷ്ട്യ ഗോപാലകൃഷ്ണനെതിരായ തെളിവുകളാണ്. എന്നല്‍, ഇതെല്ലാം തല്‍ക്കാലം പരിഗണിക്കാതെയാണ് മെമ്മോ നല്‍കിയിരിക്കുന്നത്. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് മെമ്മോയില്‍ പറയുന്നു.
കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയാണ്.
വിവാദ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും പുറമേ നിന്നുള്ളവര്‍ നല്‍കുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്‍ തന്നെയെന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയ കുറ്റത്തിലാണ് തെളിവും പരാതിയുമില്ലെന്ന കാരണത്താല്‍ കേസ് ഒഴിവാക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ വേര്‍തിരിവുണ്ടാക്കാനും ഐക്യം തകര്‍ക്കാനുമാണ് ഗോപാലകൃഷ്ണന്‍ ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്‌സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജപരാതി ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ നല്‍കിയത് മൂന്നുവട്ടം ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങളെല്ലാം മായ്ച ശേഷമായിരുന്നു. ഇത് തെളിവ് നശിപ്പിക്കലാണ്. ഇതിലൊന്നും കുറ്റാരോപണ മെമ്മോയില്‍ വിശദീകരണം ആവശ്യപ്പെട്ടട്ടില്ല.
ഗോപാലകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്നാണ് പൊലീസിന്റെയും നിലപാട്. ആരോപണങ്ങള്‍ നിസാരമെന്ന് വരുത്തി നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനാണ് നീക്കം. മുസ്ലീം ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയതിനെതിരെ അദീല അബ്ദുള്ള ചീഫ്‌സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. അതിലും അന്വേഷണമില്ല.ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നല്ലാതെ വിദ്വേഷ സന്ദേശങ്ങളോ പരാമര്‍ശങ്ങളോ ഇല്ലെന്നും ഗ്രൂപ്പിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നുമാണ് പൊലീസ് നിലപാട്.
ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ആരുടെയും പരാതിയില്ലാതെ കേസ് നിലനില്‍ക്കില്ലെന്നും പൊലീസ് പറയുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും വഴിയൊരുക്കുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ പൊലീസിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.