തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദത്തില്‍ സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശിപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകം. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അധ്യക്ഷത വഹിച്ച സസ്പെന്‍ഷന്‍ റിവ്യൂ സമിതി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനു ഫയല്‍ കൈമാറി. ഗുരുതര കുറ്റം ചെയ്തുവെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തിയ ഉദ്യോഗസ്ഥനെയാണ് അതിവേഗം തിരിച്ചെടുക്കുന്നത്. എന്നാല്‍ ഗോപാലകൃഷ്ണനൊപ്പം സസ്‌പെന്റ് ചെയ്ത എന്‍ പ്രശാന്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം കണക്കിലെടുത്തു തിരിച്ചെടുക്കാനാണ് തീരുമാനം. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കല്‍ തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ഗോപാലകൃഷ്ണനൊപ്പം സസ്പെന്‍ഷനിലായ എന്‍. പ്രശാന്തിന്റെ കാര്യം പരിഗണിച്ചില്ല. പ്രശാന്തിനു മറുപടി നല്‍കാന്‍ സമയമുള്ളതിനാലാണ് പരിഗണിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഏതായാലും മുഖ്യമന്ത്രിയുടെ നിലപാട് അതിവേഗമുണ്ടാകുമെന്നാണ് സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിന്റെ അതിവിശ്വസ്തനാണ് ഗോപാലകൃഷ്ണനെന്ന ആരോപണം പ്രശാന്ത് ഉയര്‍ത്തിയിരുന്നു. ഇത്തരം സൗഹൃദങ്ങളും ഗോപാലകൃഷ്ണന് തുണയായി എന്നാണ് വിലയിരുത്തല്‍.

2024 ഒക്ടോബര്‍ 31നു ഗോപാലകൃഷ്ണന്‍ അഡ്മിനായി ആദ്യം 'മല്ലു ഹിന്ദു ഓഫീസേഴ്സ്'ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. പോലീസ് കണ്ടെത്തലുകള്‍ അടക്കം ഗോപാലകൃഷ്ണന് എതിരായിരുന്നു. ഏതു സാഹചര്യത്തിലാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമായതെന്നു വ്യക്തമല്ല. പ്രശാന്തിനെ തിരിച്ചെടുക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ. ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്പെന്‍ഷന്‍ വിളിച്ചുവരുത്തിയത്.

ഐഎഎസുകാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫിസേഴ്സ്' ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗോപലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കിയാണു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നത്.

കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകമാകുന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസില്‍ ജാതീയ വേര്‍തിരിവിന് ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്താല്‍ അത് വലിയ വിവാദമായേക്കും.ഗോപാലകൃഷ്ണന്‍ പറഞ്ഞത് കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലായ ഉദ്യോഗസ്ഥനെയാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കുന്നത്. കെ.ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത് ഗോപാലകൃഷ്ണനാണ്. തന്റെ ഫോണ്‍ റീസെറ്റ് ചെയ്തശേഷമാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്. ഐഎഎസുകാര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുകയും ഐക്യം തകര്‍ക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജാതീയ വേര്‍തിരിവിനു ഗോപാലകൃഷ്ണന്‍ ലക്ഷ്യമിട്ടതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതിനൊപ്പം തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നിട്ടും റിവ്യൂ സമിതി തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ശുപാര്‍ശ നല്‍കിയത് സ്വാധീനത്തിന് തെളിവായി വിലയിരുത്തുന്നുണ്ട്.