തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പേരിലുണ്ടായ മോശം പ്രതിച്ഛായയുടെ ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തിയെ പ്രസിഡന്റാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ ഒരുപരിധി വരെയെങ്കിലും തിരിച്ചുപിടിക്കാന്‍, കളങ്കരഹിതനും മികച്ച പ്രതിച്ഛായയുമുള്ള മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പേരും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്ന് സൂചനകളുണ്ട്. അദ്ദേഹവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെയും നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. നാളെയോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഞ്ച് പേരുകളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതില്‍ കെ. ജയകുമാറിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ പേരിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് മന്ത്രി പത്തനംതിട്ട സ്വദേശിയായ സതീശന്‍ എന്നയാളുടെ പേരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ സ്വീകാര്യതയുള്ള വ്യക്തിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെ. ജയകുമാറിനെ പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍.

കെ. ജയകുമാര്‍ ഐഎഎസ് ശബരിമലയുടെ ചുമതലകളില്‍ ഇത് ആദ്യമല്ല. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവിയും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള പരിചയസമ്പത്ത് സര്‍ക്കാരിന് നിര്‍ണായകമാകും. ബഹുമുഖ പ്രതിഭ കൂടിയായ അദ്ദേഹത്തെ ദേവസ്വം ബോര്‍ഡ് തലപ്പത്ത് കൊണ്ടുവരുന്നത് വിവാദങ്ങളില്‍ സര്‍ക്കാരിന് ഒരു മികച്ച പ്രതിരോധം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടുത്തിടെ നടത്തിയ പരാമര്‍ശം ഈ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. 'ദേവസ്വം പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന പേരുകളായിരിക്കില്ല പുതിയ ആളെന്നും, പുതിയ വ്യക്തിയായിരിക്കും ചുമതലയേല്‍ക്കുക' എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ ദേവസ്വം ബോര്‍ഡിനെ കൂടി ഹൈക്കോടതി അന്വേഷണ പരിധിയില്‍ കൊണ്ടുവന്നതോടെയാണ് ഒരു വര്‍ഷത്തേക്ക് ബോര്‍ഡിന് കാലാവധി നീട്ടിക്കൊടുക്കാന്‍ ആലോചിച്ചെങ്കിലും സര്‍ക്കാര്‍ വേണ്ടെന്ന് തീരുമാനിച്ചത്.

നവംബര്‍ 16-ന് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാനിരിക്കെ, ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്. മൂന്നു നാല് പേരുകള്‍ പരിഗണനയിലുണ്ടെന്നും, മുഖ്യമന്ത്രി കുവൈറ്റ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.