തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമിയാണെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രസ്താവന.

മുനമ്പം വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ ഷാജി രംഗത്തെത്തിയിരുന്നു. മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പറയാനാകില്ലെന്നും വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനെന്നുമായിരുന്നു ഷാജിയുടെ പ്രസ്താവന.

'മുനമ്പം വിഷയം വലിയ ഒരു പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമായ ഒരു കാര്യമല്ല. അതില്‍ വലിയ കോണ്‍ട്രോവേസികള്‍ക്ക് സാധ്യതയുണ്ട്. അത് വഖ്ഫ് ഭൂമിയല്ലെന്ന് ഇവിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലിം ലീഗിന് ആ അഭിപ്രായമില്ല. വഖ്ഫ് ഭൂമിയല്ലെന്ന് പറയാന്‍ പറ്റില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അത് വഖ്ഫ് ഭൂമിയല്ലെന്നാണ്. അത് പറയാന്‍ അവര്‍ക്കെന്താണ് അവകാശമുള്ളത്.'- ഇതായിരുന്നു ഷാജിയുടെ ചോദ്യം.

അതേസമയം മുനമ്പം വിഷയത്തില്‍ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രതികരണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൈകൊണ്ട നിലപാടിനെ തള്ളിപ്പറഞ്ഞ ഷാജി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

നവംബര്‍ 18ന് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് ലത്തീന്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ സന്ദര്‍ശിക്കുവാന്‍ എത്തിയ മുസ്ലീംലീഗ് നേതാക്കളുടെ നിലപാട് ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ ഷാജിയുടെ പേരില്‍ നടപടി എടുക്കുവാനുള്ള തന്റേടം കാട്ടണം. അല്ലാത്തപക്ഷം മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ കാട്ടുന്നത് കാപട്യമാണെന്ന് കരുതേണ്ടി വരുമെന്നും ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇതിനിടെ മുനമ്പം വഖഫ് ഭൂമി പ്രശ്നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്ന് ബി.ജെ.പി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 90 മാസം കഴിഞ്ഞാലും ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ഇന്നലെ മുനമ്പം സമരവേദിയിലെത്തിയ അദ്ദേഹം പറഞ്ഞു.

ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചതുവഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീര്‍പ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കും. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

മുനമ്പം ഭൂമിപ്രശ്‌നം കൃത്യമായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്ന് ജെ.പി.സി അംഗവും സംസ്ഥാന സഹപ്രഭാരിയുമായ അപരാജിത സാരംഗി ഉറപ്പുനല്‍കി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, അഡ്വ. ഷോണ്‍ ജോര്‍ജ്, മൈനോരിറ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, അഡ്വ. ശങ്കു ടി.ദാസ്, ഭാരതീയ വ്യാപാരി വ്യവസായിസംഘം പ്രസിഡന്റ് കെ.കെ. മുരളി തുടങ്ങിയവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.