- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; സിപിഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം; സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി
സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്;
മലപ്പുറം: പാണക്കാട് തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഉമര്‍ഫൈസി മുക്കത്തെ കടന്നാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഇപ്പോഴുള്ള വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സ്ലീപ്പിങ് സെല്ലുകളാണെന്ന് കെ എം ഷാജി കുറ്റപ്പെടുത്തി. മലപ്പുറം വളാഞ്ചേരിയില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കെ എം ഷാജി ഉയര്‍ത്തിയത്.
പാണക്കാട് സ്വാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും അത് ശരിയല്ലെന്നും ഷാജി പറഞ്ഞു. സിപിഐഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം, എന്നാല്‍ സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ വിമര്‍ശിച്ചയാളെ ഉടന്‍ തന്നെ സാദിഖലി തങ്ങള്‍ പുറത്താക്കിയിട്ടുണ്ടെന്നും ആ മാതൃക തിരിച്ചും ഉണ്ടാകണമെന്നും കെ എം ഷാജി ഓര്‍മിപ്പിച്ചു.
മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം നേരത്തെ പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും.
പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു. അതേസമയം, വിവാദങ്ങള്‍ക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം ചുമതലയേറ്റു. പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാര്‍. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റടുത്തത്.
അതേസമയം സമസ്ത തര്‍ക്കം താഴേത്തട്ടിലേക്കും നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് രംഗത്തെത്തിയ സമസ്ത പ്രവര്‍ത്തകന് ലീഗ് നേതാവിന്റെ ഭീഷണിയും അധിക്ഷേപവും എത്തി. മലപ്പുറം എടരിക്കോട്ടെ സമസ്ത പ്രവര്‍ത്തകനായ അനീസിന്റെ കച്ചവട സ്ഥാപനം പൂട്ടിക്കും എന്നാണ് ഭീഷണി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സുബൈര്‍ തങ്ങളാണ് അനീസിന്റെ ഭീഷണിപ്പെടുത്തുന്നത്.
എടരിക്കോട് പഞ്ചായത്തിന് ഓഫീസിന് മുമ്പില്‍ വ്യാപാരം നടത്തുന്നയാളാണ് അനീസ്. ഉമര്‍ ഫൈസിയെ അനുകൂലിച്ച് അനീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സുബൈര്‍ തങ്ങളെ പ്രകോപിപ്പിച്ചത്. ഭീഷണിക്കുപിന്നാലെ അനീസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
'എന്തിനാണ് അയാളെ താങ്ങി നടക്കുന്നത്, വ്യക്തിപരമായിട്ടാണെങ്കില്‍ നടന്നോട്ടെ. എടരിക്കോട്ട് പഞ്ചായത്തില്‍ വന്നിട്ട് എങ്ങാനം തോന്യാസം കാണിച്ചാല്‍ വിവരമറിയും. നാളെ വാ, ഞാന്‍ കാണിച്ച് തരാം. എന്താ ചെയ്യേണ്ടത് എന്ന്... ഫേസ്ബുക്ക് പോസ്റ്റ് വാട്‌സാപ്പിലൊക്കെ കാണുന്നുണ്ട്... സാദിഖലി തങ്ങളെപ്പറ്റി എന്തെങ്കിലും പറയുന്നത് കണ്ടാല്‍ വിവരം അറിയും...'- തുടങ്ങിയ ഭീഷണി സന്ദേശങ്ങളാണ് സമസ്ത പ്രവര്‍ത്തകനെതിരേ മുസ്ലിം ലീഗ് നേതാവ് ഉയര്‍ത്തുന്നത്. കേട്ടാലറക്കുന്ന തെറിയും സുബൈര്‍ തങ്ങള്‍ വിളിക്കുന്നുണ്ട്. 'നിങ്ങളുടെ ഭാഷ എനിക്ക് തിരിച്ച് പ്രയോഗിക്കാന്‍ കഴിയില്ലെന്ന്' സമസ്ത പ്രവര്‍ത്തകന്‍ അനീസ് സുബൈര്‍ തങ്ങളോട് തിരിച്ച് പറയുന്നതും ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.