തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളെയും കോളേജുകളെയും ഒറ്റ കുടക്കീഴിലാക്കി സംയോജിത സോഫ്റ്റ്വേര്‍ സംവിധാനം കേരള റിസോഴ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ വിട്ട് മാറുന്നില്ല. പല സര്‍വകലാശാലകളും വേണ്ടെന്ന് വെച്ച മഹാരാഷ്ട്ര കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നതിലാണ് വിവാദം. കെ-റീപ്പ് പദ്ധതിയിലൂടെ വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ മഹാരാഷ്ട്ര സ്വാകാര്യ കമ്പിനിക്ക് നല്‍കുന്നത് അക്കാദമിക് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന നാല് വര്‍ഷ ബിരുദ കോഴ്‌സുകളുടെ തുടര്‍പ്രവര്‍ത്തനത്തിന് വേണ്ടി സോഫ്റ്റവെയര്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് എം.കെ.സി.എല്‍.എ എന്ന കമ്പനിയുമായി കരാറില്‍ എത്തിയത്. വിദ്യാര്‍ഥികളുടെ ആവശ്യമായ വിവരങ്ങള്‍ കെ-റീപ്പ് പദ്ധതിയിലൂടെ അസ്സാപ്പ് വഴി കമ്പനിക്ക് കൈമാറും. എന്നാല്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും കൈമാറുന്നതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല ഒഴിച്ചാല്‍ മറ്റ് സര്‍വകലാശാലകള്‍ ഒന്നും തന്നെ രംഗത്ത് എത്തിയിട്ടില്ല.

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് നല്‍കിയാലുള്ള സുരക്ഷിതത്വമാണ് പ്രധാനമായും ചോദ്യംചെയ്യപ്പെടുന്നത്. സര്‍വകലാശാലയ്ക്ക് നേരിട്ട് കമ്പനിയുമായോ അസാപുമായോ കരാറില്ല. സാധാരണനിലയില്‍ സ്ഥാപനങ്ങള്‍ സോഫ്റ്റ്‌വെയര്‍ വാങ്ങുകയാണ് പതിവ്. സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാനും പരിപാലിക്കാനുമുള്ള കരാര്‍ ഒരു കമ്പനിക്ക് കൊടുക്കുന്നത് ഇതാദ്യമായാണ്. ടെന്‍ഡര്‍ നടത്താതെ കമ്പനിയുമായി അസാപ് കരാറുണ്ടാക്കിയെന്ന് ആരോപണവുമുണ്ട്. ഇതിന്റെ നിയമസാധുതയും സംശയനിഴലിലാണ്. സോഫ്റ്റ്വേറിന്റെ ഉടമസ്ഥാവകാശം സര്‍വകലാശാലയ്ക്ക് നല്‍കാത്തതാണ് മറ്റൊരു പ്രശ്നം. സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥാവകാശം സര്‍വകലാശാലയ്ക്ക് ആണെങ്കില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഡൊമെയ്ല്‍നില്‍ കയറി ഡാറ്റ നല്‍കുകയും സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആ സോഫ്റ്റ്‌വെയറില്‍ ലോഗിന്‍ ചെയ്യുകയും ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഉടമസ്ഥാവകാശം ഇല്ലാത്ത പക്ഷം ഒരു കമ്പനി ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ ഡൊമെയ്ന്‍ വഴിയായി കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഡാറ്റ സമര്‍പ്പിക്കുന്നതും സര്‍വകലാശാലയുടെ ഡൊമെയ്?നിലല്ല. അതുകൊണ്ട് തന്നെ സോഫ്റ്റ്‌വെയറിന്റെ ഉടമകളായ കമ്പനിക്ക് ആധാര്‍ നമ്പറുകള്‍ അടക്കമുള്ള ഈ ഡാറ്റ കൈവശപ്പെടുത്താന്‍ കഴിയും. അത് അവര്‍ക്ക് എന്തും ചെയ്യാനും സാഹചര്യമുണ്ട്. ഇത് ഡാറ്റാ തട്ടിപ്പിനുള്ള കളം ഒരുക്കലാണ് എന്നതാണ് പ്രധാന വിമര്‍ശനം. ഇത് കുട്ടികളോട് കാണിക്കുന്ന അവകാശലംഘനമാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

സര്‍വകലാശാലയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലുള്ള ഒരു കമ്പനി ഇനി നടപ്പില്‍ വരുത്തും എന്നതാണ് മറ്റൊരു പ്രശ്നം. മാര്‍ക്ക്‌ലിസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കി നല്‍കുമ്പോള്‍ വലിയ രീതിയിലുള്ള കൃത്രിമത്വം നടക്കും. വേണ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് നല്‍കാനും മാര്‍ക്ക് കുറയ്ക്കാനും കമ്പനി വിചാരിച്ചാല്‍ കഴിയും. പദ്ധതിയില്‍നിന്ന് കമ്പനി പിന്‍മാറിയാല്‍ പ്രവേശനംമുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കല്‍വരെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാല പെട്ടെന്ന് പ്രതിസന്ധിയിലാകും. പദ്ധതിയിലൂടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഇതുപ്രകാരം കോടിക്കണക്കിന് രൂപയാണ് കമ്പനിക്കും അസാപ്പിനും കിട്ടുക.

പുണെ ആസ്ഥാനമായുള്ളതാണ് ഉപകരാര്‍ കമ്പനി. സാങ്കേതികപ്പിഴവുകള്‍ വ്യാപകമായതിനാല്‍ മഹാരാഷ്ട്രയിലെ എട്ടു സര്‍വകലാശാലകള്‍ ഇവരുമായുള്ള കരാര്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ക്കു ലിസ്റ്റ് വിതരണത്തിലെ പാളിച്ചയില്‍ രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായതോടെ നാഗ്പുര്‍ സര്‍വകലാശാലയും കമ്പനിക്കെതിരേ രംഗത്തുവന്നിരുന്നു. പല സര്‍വകലാശാലകളും തഴഞ്ഞ മഹാരാഷ്ട്ര കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുള്ള നീക്കത്തിന് മറ്റെന്തിങ്കിലും ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ തീരുമാനം എന്ന് പറഞ്ഞാണ് സര്‍വകലാശാല കൈ ഒഴിയുന്നത്. മറ്റ് സര്‍വകലാശായിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഈ പദ്ധതി ആരംഭിച്ചു. മറ്റ് സര്‍വകലാശാലയില്‍ അടുത്ത സെമസ്റ്റര്‍ മുതല്‍ ആരംഭിക്കും.