തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ഓര്‍മ്മിപ്പിച്ചുള്ള കെ.വി. തോമസിന്റെ കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇടഞ്ഞുനിന്ന അദാനിയുമായി ഉമ്മന്‍ ചാണ്ടി 15 മിനിറ്റ് സംസാരിച്ചതോടെ പദ്ധതി ഒ കെയായി എന്ന തരത്തിലായിരുന്നു തോമസിന്റെ കുറിപ്പ്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിനിടെ കെ.വി. തോമസ് ഈ കുറിപ്പിട്ടത് ഇടതുവൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറുമുഖ ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ ചാണ്ടി എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി അടക്കം സര്‍ക്കാരിലെ പ്രമുഖര്‍ പ്രത്യേകം ശ്രദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതെടുത്തിട്ടതോടെ, മുഖ്യമന്ത്രി, കെ വി തോമസിനെ അതൃപ്തിയും അമര്‍ഷവും അറിയിച്ചതായാണ് സൂചന.

ഉമ്മന്‍ ചാണ്ടി കല്ലിട്ടതല്ലാതെ ഒന്നും ചെയ്തില്ലന്ന മുഖ്യമന്ത്രിയുടെ വാദം പാടേ പൊളിക്കുന്ന തരത്തിലായിരുന്നു കെ വി തോമസിന്റെ എഫ്ബിയില്‍ വന്ന കുറിപ്പ്. ഇതു വന്നയുടന്‍ പ്രസ് സെക്രട്ടറിയുള്‍പ്പടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വലിയ തുക ഓണറേറിയവും 11.3 ലക്ഷം രൂപ യാത്രപ്പടിയും, പ്രൈവറ്റ് സെകട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, വാഹനം എല്ലാം നല്‍കി നിയമിച്ചിട്ടുള്ള ഒരാള്‍ ഇങ്ങനെ ചെയ്തത് നന്ദികേടാണ് എന്നും പ്രസ് സെക്രട്ടറി മുഖ്യമന്തിയോട് പറഞ്ഞെന്നാണ് സൂചന. തുടര്‍ന്നാണ് മുഖ്യമന്തി കെ.വി. തോമസിനെ നേരിട്ട് അതൃപ്തി അറിയിച്ചത്.

എന്നാല്‍, വിഴിഞ്ഞം യാഥാര്‍ഥ്യമായതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അംഗീകരിക്കേണ്ടതില്ല എന്ന് സി പി എം ഒരു രാഷ്ട്രീയ തീരുമാനം എടുത്തിരിക്കെ തനിക്കറിയാവുന്ന സത്യം ഇത്രയെങ്കിലും അനുസ്മരിച്ചില്ലങ്കില്‍ അത് തന്റെ മനസാക്ഷിയോടു ചെയ്യുന്ന വഞ്ചനയാകും എന്നും തന്റെ ഷേര്‍ളിയുടെ ആത്മാവും കണ്ണമാലി പള്ളിയിലെ യൗസേപ്പ് പിതാവും തന്നോട് പൊറുക്കില്ലന്നും കെ വി തോമസ് അടുപ്പക്കാരോട് പറഞ്ഞതായാണ് സൂചന.

ഡല്‍ഹി പ്രതിനിധിയെന്ന പദവിയില്‍ നിന്ന് കെ വി തോമസിനെ നീക്കുമെന്നും ശ്രുതിയുണ്ട്. എന്നാല്‍, കെ.വി. തോമസ് വ്യക്തിപരമായി അങ്ങനെ കരുതുന്നില്ല. മുഖ്യമന്ത്രിയേയും കുടുംബത്തേയും നേരിട്ട് ബാധിക്കുന്ന ചില വിഷയങ്ങള്‍ മുറുകി നില്‍ക്കുമ്പോള്‍ തോമസിനെ നീക്കുന്നത് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലും വന്നേക്കാം.

കെ വി തോമസിന്റെ കുറിപ്പില്‍ നിന്ന്

2015-ല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് യാത്രചെയ്യുന്നതിനിടെയാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അദ്ദേഹം തന്നോടു പറഞ്ഞത്. പോര്‍ട്ടിന്റെ പണിയേറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ തനിക്ക് നല്ലപരിചയമുണ്ട്. അദ്ദേഹത്തെ വിളിക്കാം. പക്ഷേ, സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും അദാനി ഗ്രൂപ്പിനോട് എതിര്‍പ്പുണ്ട്, ഇതിനുള്ള പരിഹാരം മുഖ്യമന്ത്രി തന്നെ കാണണമെന്നായിരുന്നു തന്റെ മറുപടി.

ഗൗതം അദാനിയെ വിളിച്ച് തുറമുഖത്തെക്കുറിച്ച് താങ്കളോട് നേരിട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്നറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്: പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെക്കുറിച്ച് എനിക്കുമറിയാം. മാറിമാറിവരുന്ന സര്‍ക്കാരുകളും ഏതിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് കേരളത്തിലുള്ളത്. തമിഴ്‌നാട്ടില്‍ രണ്ടായിരം ഏക്കര്‍ സ്ഥലം സൗജന്യമായി തരാമെന്നു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് എന്താ കാര്യം'' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ആദ്യം ഉമ്മന്‍ചാണ്ടിയെ കാണൂ, അതിനുശേഷം തീരുമാനമെടുക്കാം എന്ന് താനും പറഞ്ഞു. അങ്ങനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും ഉള്‍പ്പെട്ട സംഘം ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയിലെത്തിയത്. അവിടെവെച്ച് അദാനിയും ഉമ്മന്‍ചാണ്ടിയും 15 മിനിറ്റോളം സ്വകാര്യമായി സംസാരിച്ചു. അതിനുശേഷം ഗൗതം അദാനി പറഞ്ഞു: 'പ്രൊഫസര്‍, ഐ വില്‍ കം ടു കേരള''. പിന്നീട് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എന്നിവരെ അദാനി തിരുവനന്തപുരത്തുപോയി കണ്ടു.

പദ്ധതിയുടെ ആവശ്യകത സോണിയ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കുമായി. പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും തോമസിന്റെ കുറിപ്പില്‍ പറയുന്നു. ശ്രദ്ധേയമായ കാര്യം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെലവുകള്‍ക്കായി ഒരു തുക സംഭാവന നല്‍കാം എന്നു അദാനി പറഞ്ഞപ്പോള്‍ അതു വേണ്ടെന്ന് ഉമ്മന്‍ പറഞ്ഞു എന്നും കുറിപ്പിലുണ്ട് എന്നതാണ്.


കുറിപ്പിന്റെ അവസാനം രണ്ട് വരിയില്‍ മാത്രമാണ് മുഖ്യമന്തി പിണറായ് വിജയന് പദ്ധതി പൂര്‍ത്തികരിച്ചതിന് ക്രെഡിറ്റു നല്‍കുന്ന വാക്കുകളുള്ളത്. ഇതേ കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ട് മെയ് 1 ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെകട്ടറിയായിരുന്ന പി എസ് ശ്രീകുമാര്‍ ഇട്ട ഒരു എഫ് ബി പോസ്റ്റ് കെ. വി തോമസ് ഷെയര്‍ ചെയ്തു.

അഞ്ചു തവണ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റംഗവും 2 തവണ നിയമസഭാംഗവും സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന തേവര കോളേജിലെ പഴയ കെമിസ്ട്രി പ്രൊഫസര്‍ പാര്‍ലമെന്റ് സിറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സി പി എമ്മുമായി അടുത്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 2022 മെയ് മാസത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കെ.വി തോമസ്-അദാനി ബന്ധം മനസിലാക്കിയ മുഖ്യമന്ത്രി പിണറായി ആ ബന്ധം പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് തന്റെ മാത്രം പ്രയത്നം കൊണ്ടാണന്നും ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും അതില്‍ ഒരു പങ്കുമില്ലെന്നും ജനങ്ങളെ ധരിപ്പിക്കാന്‍ പാര്‍ട്ടിയെയും പിആര്‍ സംവിധാനങ്ങളും ഉപയോഗിച്ച് കോടികള്‍ മുടക്കി പ്രചാരണം നടത്തി വരവേ കെ വി തോമസ് വെടി പൊട്ടിച്ചതില്‍ മുഖ്യമന്ത്രിക്കുള്ള അമര്‍ഷം ചെറുതല്ല. മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന്റെ പ്രയാസവും നിരാശയും പരിപാടി നടക്കുന്ന സന്ദര്‍ഭത്തില്‍ കെ.വി. തോമസിന്റെ മുഖത്തു വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.