കൊച്ചി: സിപിഎം നേതാക്കളുടെ കാര്യത്തില്‍ നിയമം വളയുന്ന കാഴ്ച്ച കേരളത്തില്‍ പുത്തരിയുള്ളതല്ല. ടി പി ചന്ദ്രശേഖരന്റെ ഘാതകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലും ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്ത്രീസുരക്ഷാ വിഷയവും വീണ്ടും ചര്‍ച്ചയാകുകയാണ്. കലാ രാജു എന്ന സിപിഎം കൗണ്‍സിലറെ കൂറുമാറ്റം ആരോപിച്ചു സിപിഎം നേതാക്കള്‍ തട്ടിക്കൊണ്ടു പോയ വിഷയത്തില്‍ പോലീസ് നടപടികള്‍ ഇഴയുകകയാണ്. കേസില്‍ പ്രതികളായവര്‍ പോലീസിന് മുന്നിലൂടെ വിലസുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. സിപിഎം പ്രതിസ്ഥാനത്തുള്ള കേസില്‍ പോലീസ് മെല്ലേപ്പോക്കിലാണ്.

കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലറായ കലാ രാജുവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതികള്‍ കണ്‍മുമ്പില്‍ വന്നിട്ടും കാണാത്ത മട്ടിലാണ് പോലീസ് മുന്നോട്ടു പോകുന്നത്. ചൊവ്വാഴ്ച സി.പി.എം. കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ പങ്കെടുത്തത്. ഒന്നാം പ്രതിയായ ഏരിയാ സെക്രട്ടറി പി.ബി. രതീഷായിരുന്നു യോഗാധ്യക്ഷന്‍.സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കേസിലെ മറ്റ് പ്രതികളായ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, ഇടതു കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍, ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവരും സമ്മേളനത്തില്‍ ആദ്യവസാനം ഉണ്ടായിരുന്നു. ഫെബീഷ് ജോര്‍ജ് സ്വാഗതവും സണ്ണി കുര്യാക്കോസ് നന്ദിയും പറഞ്ഞു. യോഗം അവസാനിക്കുംവരെ വന്‍ പൊലീസ് സംഘം സമ്മേളനസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ചെറുവിരല്‍ അനക്കിയില്ല.

ശനിയാഴ്ചയാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സ്വന്തം കൗണ്‍സിലറെ സി.പി.എം. പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയര്‍ന്നത്. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്‍ത്തകര്‍ തന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു രംഗത്തെത്തി. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊതുജനമധ്യത്തിലാണ് ഈ സംഭവങ്ങള്‍ നടന്നത്.

കാറിന്റെ ഡോറിനിടയില്‍ കുരുങ്ങിയ കാല് എടുക്കാന്‍ കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോര്‍ തുറന്ന് കാലെടുക്കാന്‍ അനുവദിച്ചില്ല. ആശുപത്രിയില്‍ പോകണമെന്നും മക്കളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്നായിരുന്നു മറുപടി എന്നൊക്കെയാണ് കലാ രാജു ആരോപിച്ചത്.കൗണ്‍സിലറെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഇന്നലെ നിയമസഭ പ്രക്ഷുബ്ധമായിരുന്നു. വിധവയായ സ്ത്രീയെ നടുറോഡില്‍ വസ്ത്രാക്ഷേപം ചെയ്യുന്നതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യമുന്നയിച്ചു.

പരസ്യമായി പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ചിട്ട് കാലുമാറ്റമായി ലഘൂകരിച്ച് ബഹളമുണ്ടാക്കുന്നവര്‍ ചരിത്രത്തില്‍ അഭിനവ ദുശാസ്സനന്‍മാരായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്ര് ചെയ്യണമെന്നും കൂട്ടു നിന്ന പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.സ്ത്രീ സുരക്ഷയില്‍ കേരളം മാതൃകയാണെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണെന്നുമാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ മറുപടി നല്‍കിയത്.