കൊച്ചി: നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി കലാഭവന്‍ നവാസ് തുടരുകയാണ്. കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഉള്ളിലഞ്ഞ കുറിപ്പുമായി നടന്‍ ടിനി ടോം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവില്‍ നിന്ന് ആലുവയിലേക്ക് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞുവെന്നും കലാഭവന്‍ ഷാജോണിന്റെ വീഡിയോ കോളിലൂടെയാണ് നവാസിനെ അവസാനമായി ഒരു നോക്ക് കണ്ടതെന്നും ടിനി ടോം കുറിച്ചു. ഞായറാഴ്ച നവാസിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ട ഹൃദയഭേദകമായ കാഴ്ചയും ടിനി ടോം പങ്കുവച്ചു. നവാസിന്റെ മകന്‍ നവാസ് ഉപയോഗിച്ച ചെരുപ്പുകള്‍ തുടച്ച് വച്ചിരിക്കുന്നതു കണ്ടപ്പോള്‍ തന്റെ നിയന്ത്രണം വിട്ടു പോയെന്നും ടിനി ടോം പറഞ്ഞു. അതിനിടെ കലാഭവന്‍ നവാസിന്റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ആസിഫ് അലിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ആസിഫ് അലി അദ്ദേഹത്തിന്റെ മരണത്തെ മോട്ടിവേഷനുള്ള വിഷയമാക്കിയെന്നാണ് വിമര്‍ശനം. ഒരു പരിപാടിയില്‍ സംസാരിക്കുന്ന ആസിഫ് അലിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നവാസിന്റെ മരണം ചൂണ്ടിക്കാണിച്ച് ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ല, അതിനാല്‍ ഉള്ള സമയം അടിച്ചു പൊളിക്കണം എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്.

''ഈയ്യൊരു അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിങ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചൊരു ലൊക്കേഷനില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതമെന്നത്. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക'' എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. പലരും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ' ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇമ്മാതിരി മോട്ടിവേഷന്‍, ദുഃഖ വാര്‍ത്ത ചേര്‍ത്ത് പറയേണ്ടിയിരുന്നില്ല, ഏതാണ് ഈ മൊയന്ത്? അവിടെ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു. ആ മനുഷ്യനുവേണ്ടി ഒരു ആദരാഞ്ജലി പറഞ്ഞിരുന്നെങ്കില്‍ ഇല്ലെങ്കില്‍ കണ്ണീര്‍ പൊഴിച്ചിരുന്നെങ്കില്‍, ഇല്ലെങ്കില്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്ന് പറയുകയാണെങ്കില്‍ എത്ര നന്നായിരുന്നു' എന്നാണ് ചിലരുടെ വിമര്‍ശനം.

'ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. പക്ഷേ ഇത് വളരെ മോശം ആയിപ്പോയി. സിനിമയിലും സ്റ്റേജ് പെര്‍ഫോമന്‍സും കണ്ടേ നമുക്ക് അദ്ദേഹത്തെ പരിചയം ഉള്ളൂ. എന്നിട്ട് പോലും നമുക്ക് ഇന്നലെ ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. താങ്കള്‍ ഒരു സഹപ്രവാര്‍ത്തകനോട് കാണിച്ച രീതി ശരിയായില്ല. വളരെ മോശം പ്രത്യേകിച്ച് താങ്കള്‍ തന്നെ പറഞ്ഞു കുറച്ച് ദിവസങ്ങള്‍ ആയി ഒരുമിച്ച് അഭിനയിക്കുകയും ചെയ്‌തെന്ന്. എന്നിട്ടും താങ്കള്‍ കാണിച്ച രീതി ശരി ആയില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'നവാസിനെ ഖബറില്‍ വെച്ചിട്ട് ഒരു ദിവസം പോലും ആയിട്ടില്ല നിനക്ക് ലേശം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വര്‍ത്താനം പറയില്ലായിരുന്നു, മരിച്ചിട്ട് മൂന്ന് ദിവസം പോലും ആയിട്ടില്ല. ആ കുടുംബം എങ്ങനെയാടോ ഇതൊക്കെ ഉള്‍കൊള്ളുക. ഒരു കല്യാണ വീട്ടിലോ അതല്ലെങ്കില്‍ മരണസമയത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പോലും അറിയാത്ത ചില മനുഷ്യ കോലങ്ങള്‍' എന്നും ചിലര്‍ പറയുന്നുണ്ട്.

നെഞ്ചരിച്ചില്‍ വന്ന നവാസ് ആശുപത്രിയില്‍ പോയിരുന്നില്ല. താന്‍ അഭിനയിക്കുന്ന സിനിമയോടുള്ള താല്‍പ്പര്യം കാരണം ഷൂട്ടിംഗ് സ്ഥലത്ത് തുടരുകയായിരുന്നു. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കാന്‍ ആഗ്രഹിച്ച മനുഷ്യ സ്‌നേഹിയായിരുന്നു നവാസ്. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഈ വിയോഗം പൊതു സ്ഥലത്ത് ചര്‍ച്ചയാക്കുന്നത്. ഇതിനിടെയാണ് ടിനി ടോമിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പും ചര്‍ച്ചയാകുന്നത്. കലാഭവന്‍ നവാസിന്റെ മരണം അറിഞ്ഞപ്പോള്‍ മിക്ക സിനിമാക്കാരും തിരുവനന്തപുരത്ത് സിനിമാ കോണ്‍ക്ലേവിലായിരുന്നു. ആ കോണ്‍ക്ലേവും കലാഭവന്‍ നവാസിന്റെ മരണത്തെ വേണ്ടതു പോലെ അനുശോചനം അറിയിക്കാന്‍ പോലും ഉപയോഗിച്ചില്ലെന്ന വിമര്‍ശനവുമുണ്ട്.

ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇനി ഈ പാദുകങ്ങള്‍ക്ക് വിശ്രമം ....കലാഭവന്‍ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകള്‍ കുറിക്കുന്ന കൂട്ടത്തില്‍ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു ഓഗസ്റ്റ് 2,3 മായി നടക്കുന്ന കേരള സര്‍ക്കാരിന്റെ സിനിമ കോണ്‍ക്ലേവില്‍ മന്ത്രി സജി ചെറിയാന്‍ സാറില്‍ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാന്‍ ആലുവയ്ക്കു തിരിച്ചത്, എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവന്‍ ഷാജോണ്‍ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു,എന്റെ കൂടെ കൈതപ്രം തിരുമേനിയും,സ്‌നേഹയും ഉണ്ടായിരിന്നു... ഞാന്‍ വിട ചൊല്ലി...

ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ മകന്‍, നവാസ് ഉപയോഗിച്ച പാദുകങ്ങള്‍ തുടച്ചിങ്ങനെ മുന്നില്‍ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകള്‍ പോകാന്‍ നീയില്ലല്ലോ... അതെ ആദ്യം നമ്മള്‍ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവന്‍ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദര വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം...