- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടര്ന്ന് കലാരംഗത്തേക്ക്; കലാഭവനില്‍ തെളിഞ്ഞതോടെ 90കളില്‍ മലയാള സിനിമാ ലോകത്തേക്കും; കൂടുതല്‍ തവണ നായികയായ നടിയെ തന്നെ ജീവിതസഖിയാക്കി; കോമഡികളില്‍ നിന്ന ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത് സമീപകാലത്ത്; പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്
പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്
തിരുവനന്തപുരം: ഈയടുത്ത് റിലീസായ ഡിക്ടടീവ് ഉജ്ജ്വലന്‍ എന്ന സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ അഷ്റഫ് ഗുരുക്കള്‍ ചിത്രത്തിലെ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വാചാലനായത് തന്റെ സാധാരണ രീതിയില്‍ നിന്നുമാറി വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടനെക്കുറിച്ചായിരുന്നു. സിനിമയിലെ ആക്ഷന്‍ രംഗത്ത് ആ നടന്റെ പ്രകടനത്തെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രമായി വന്നപ്പോള്‍ ആ നടനുണ്ടായ മാറ്റത്തെക്കുറിച്ചുമാണ് അഭിമുഖത്തില്‍ അഷ്റഫ് ഗുരുക്കള്‍ വാചാലനായത്... അത് മറ്റാരെക്കുറിച്ചുമായിരുന്നി്ല്ല.. ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ നവാസിനെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പങ്കുവെച്ചത്.
ആ കുറിപ്പില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ റിലീസ് ആയപ്പോള്‍ കുറെ ആളുകള്‍ എന്നെ വിളിച്ചു, ആ സീന്‍ നവാസിന് ഡ്യൂപ്പ് ഇട്ടതാണോ എന്ന്! കലാഭവന്‍ നവാസിനെ മലയാള സിനിമ വേണ്ടുവോളം ഉപയോഗിച്ചില്ല എന്ന് തോന്നുന്നു അദ്ദേഹത്തെ കുറിച്ച് ഞാന്‍ എഴുതാതെ തന്നെ പ്രിയ പ്രേഷകര്‍ക്ക് അറിയാം.ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ ഒരു പാടത്തായിരുന്നു രാത്രി നവാസിനെ കൊല്ലുന്ന ആക്ഷന്‍ സീക്വന്‍സ്. റോപ്പിന്റെ സഹായത്താല്‍ ഷൂട്ട് ചെയ്യണം. പക്ഷെ.. അവിടെക്ക് ഇന്‍ഡസ്ട്രിയല്‍ ക്രൈന്‍ വരില്ല! ചുറ്റും പാടം, നടുവില്‍ പാറ. ആ പാറപ്പുറത്താണ് ഷൂട്ട്.
ജാവെദ് ആയിരുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജാവേദിനോട് ഞാന്‍ പറഞ്ഞു ഒറ്റ മാര്‍ഗ്ഗം ഒള്ളു കലാ സംവിധായകന്‍ കോയാക്കാടെ വലിയ ഒരു സഹായം ഉണ്ടെങ്കില്‍ ഞാന്‍ എടുത്തു തരാം. കോയക്കായുമായി സംസാരിച്ചു. റിസ്‌ക്കാണ് ചെയ്തേ പറ്റു കോയാക്ക എന്ന്. രജീഷും കൂട്ടരും കോയക്കേടെ സാനിദ്ധ്യത്തില്‍ പണിതുടങ്ങി. നവാസ് മേക്കപ്പ് ചെയ്ത് എന്റെ അരികില്‍ വന്നു. എനിക്ക് ആകെ ഒരു സംശയം. ലൈറ്റ്പ്പ് തുടങ്ങിയിട്ടേ ഉള്ളു കുറഞ്ഞ ഇരുട്ടും.
ഇത് നവാസാണോ? ഞാന്‍ മാറിനിന്ന് ജാവേദിനെ വിളിച്ചു. ഇത് നവാസാണോ എന്ന്! ജാവേദ് ചിരിച്ചിട്ട് അതേ ഇക്കാ എന്നും. ഞങ്ങള്‍ ട്രയല്‍ തുടങ്ങി. ഞാന്‍ എന്റെ ഫൈറ്ററേ പൊക്കി അടിച്ചു നവാസിനെ കാണിച്ചു. ഞാനും നവാസും കാലങ്ങളായിട്ടുള്ള ബന്ധം ആണ്. ഇക്കാ ഇത് ഡ്യൂപ്പ് ചെയ്താല്‍പ്പോരേ! ഏയ്,,,,,,നവാസ് ബായ് ചെയ്തോ പേടിക്കണ്ട എന്ന് ഞാനും. നവാസിന്റെ ആ പേടിച്ചുള്ള മുഖം മാറി, നിമിഷങ്ങള്‍ക്കുള്ളില്‍ കക്ഷി കാരക്റ്ററിലേക്ക് വന്നു..
റോള്‍ ക്യാമറ'റോളിങ്!ആക്ഷന്‍........പക്കാ.മലര്‍ന്നടിച്ചു പാറപ്പുറത്തു കിടക്കുന്ന നവാസിന്റെ അരികിലേക്ക് ഞാനും ഫൈറ്റേഴ്സും ഓടിയെത്തി. ഓക്കേ അല്ലെ ബായ്? ഷോട്ട് ഒക്കെ ആണോ ഇക്കാ എന്ന് നവാസ്. ഷോട്ട് ഓക്കേ എന്ന് ഞാനും സംവിധായകനും. നവാസിന് അതേ ഷോട്ട് ഒന്നുകൂടി വേണമെന്ന്. എങ്കില്‍ ശരി ആ ഷോട്ട് ഓക്കേ വെച്ചോ നമുക്ക് ഒന്നുകൂടി പോകാം എന്നു ഞാനും.
ആദ്യ ഷോട്ടിലും ഗംഭീരം. നല്ലൊരു കൈയടിയും കിട്ടി നവാസിന്.അന്ന് ആ ലൊക്കേഷനില്‍ കിട്ടിയ കയ്യടി നവാസിന് തിയേറ്ററില്‍ പ്രേക്ഷകരില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായ നവാസ് യാത്രയാകുന്നത്.
കലാഭവനില്‍ നിന്നും സിനിമയിലേക്ക്
തൃശൂര്‍ വടക്കാഞ്ചേരി എന്ന ഗ്രാമത്തിലാണ് നവാസ് ജനിച്ചത്.ബാപ്പ അബൂബക്കര്‍ നാടക-സിനിമ നടനായിരുന്നു.ഉമ്മ വീട്ടമ്മയും.മലയും പുഴയും നെല്‍പ്പാടങ്ങളുമുള്ള നാടായിരുന്നു വടക്കാഞ്ചേരി.വാപ്പയ്ക്ക് നാലു സഹോദരങ്ങള്‍ ഉണ്ടായിരുന്നു.ഓടിട്ട ചെറിയൊരു വീടായിരുന്നു.അന്നത്തെ കലാകാരന്മാര്‍ക്ക് വലിയ സമ്പാദ്യം ഒന്നും കാണില്ലല്ലോ.ചെറിയ വേഷങ്ങളാണെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അബൂബക്കര്‍.വാത്സല്യം, അനുഭവങ്ങള്‍ പാളിച്ചകള്‍, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ദാദ, വാചാലം തുടങ്ങിയ സിനിമകളിലൂടെയാണ് അബൂബക്കര്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.
പിതാവിന്റെയും ടെലിവിഷന്‍ സിനിമാ താരവുമായ ചേട്ടന്‍ നിയാസിന്റെയും ചുവടുപിടിച്ചാണ് നവാസ് കലാരംഗത്തേക്ക് വരുന്നത്.ചെറിയ മിമിക്രി വേദികളില്‍ നിന്ന് കലാഭവന്റെ മേല്‍വിലാസത്തിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ഇതുവഴിയാണ് സിനിമയിലേക്കും അദ്ദേഹത്തിന് വഴി തുറക്കുന്നത്.1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്.പിന്നിടങ്ങോട്ട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ,ഡിക്ടടീവ് ഉജ്ജ്വലന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
സിനിമയില്‍ ഇടവേളയുണ്ടായപ്പോവാണ് നവാസ് ടെലിവിഷന്റെ ഭാഗമാകുന്നത്.സീരിയലുകളിലും ഒപ്പം കോമഡി പരിപാടികളുടെ വിധികര്‍ത്താവായുമൊക്കെ പ്രക്ഷകര്‍ക്കിടയില്‍ നവാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
വേദികളിലും സിനിമകളിലും കൂട്ടായെത്തി.. ഒപ്പം ജീവിതത്തിലേക്കും
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നവാസ് വിവാഹം കഴിച്ചത് നടി രഹ്നയെയാണ്.തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരങ്ങളാണ് കലാഭവന്‍ നവാസും നടി രഹ്നയും ഒട്ടനവധി മലയാള ചിത്രങ്ങളില്‍ നായിക നായകന്മാരായും സഹതാരങ്ങളായും തിളങ്ങിയ ഇരുവരും പിന്നീട് ജീവത്തിലും ഒന്നിക്കുകയായിരുന്നു.അതിന് പിന്നിലെ രസകരമായ കഥ ഒരിക്കല്‍ രഹ്ന പങ്കുവെച്ചത് ഇങ്ങനെ.. 'നാട്ടില്‍ വച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു നവാസിനെന്ന് ഭാര്യ പറയുന്നു. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ ഞാന്‍ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ലെന്നാണ്' രഹ്ന പറയുന്നത്.
പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു.
എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്‌നമായി തുടങ്ങി.'ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്' എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു. പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്‌സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു.
രഹ്നയുടെ കാര്യം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് നവാസ് പറഞ്ഞതിങ്ങനെ..'അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്‌ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്.
നഹറിന്‍, റിദ്വാന്‍, റിഹാന്‍ എന്നിങ്ങനെ മൂന്നു മക്കളാണ് ഇവര്‍ക്ക്..
കൊതിച്ചത് നടനാവാന്‍.. ശ്രദ്ധിക്കപ്പെട്ടത് അനുകരണ കലയിലും! നവാസ് പറഞ്ഞത് ഇങ്ങനെ..
ഒരു അഭിമുഖത്തില്‍ നവാസ് ഒരു നടനെന്ന് അറിയപ്പെടാനാണ് തനിക്കിഷ്ടമെന്നും എന്നാല്‍ അനുകരണകലയിലാണ് താന്‍ ശോഭിച്ചതെന്നും അഭിപ്രായപ്പെട്ടുരുന്നു.'വാപ്പ എപ്പോഴും പറയും പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയില്‍ നമ്മള്‍ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്.''പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മള്‍ ശോഭിക്കുക. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാന്‍ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ജോണ്‍ ഹോനായി എന്ന ചിത്രത്തിലുടെ തിരിച്ചുവന്ന നവാസ് സമീപകാലത്ത് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു.ഈ കഥാപാത്രങ്ങളാകട്ടെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ നവാസിലെ നടനെ അടയാളപ്പെടുത്തുന്നതും പ്രേക്ഷകപ്രീതി നേടുന്നവയുമായിരുന്നു.സമീപകാലത്ത് നവാസും ഭാര്യയും ഒരുമിച്ചഭിനയിച്ച ഇഴ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.ചിത്രത്തിലെ അഭിനയത്തിന് രഹ്നയെത്തേടി പുരസ്‌കാരങ്ങളും വന്നിരുന്നു.ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.
ഒരു നടനെന്ന നിലയില്‍ തന്റെ രണ്ടാംഘട്ടമായിരുന്നു നവാസിന് ഇത്.വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലേക്ക് നവാഗതരായ സംവിധായകര്‍ ഉള്‍പ്പടെ വിശ്വസിച്ച് അദ്ദേഹത്തെ വിളിക്കുന്ന സമയം.. തന്റെ ആഗ്രഹങ്ങളിലേക്ക് നടന്നുകയറുമ്പോള്‍ തന്നെയാണ് അപ്രതീക്ഷിതമായി നവാസ് മടങ്ങുന്നതും.