- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്‍
കലാഭവന്‍ നവാസ് മടങ്ങുമ്പോള്‍
എത്ര ബലം പിടിച്ചിരിക്കുന്ന ആള്‍ക്കൂട്ടത്തെയും ഒരു മിനിട്ടുകൊണ്ട് പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുന്ന മിമിക്രിതാരം. ഏത് വേഷവും സ്വാഭാവികമായി ചെയ്യാന്‍ കഴിയുന്ന നടന്‍. കലാഭവന്‍ നവാസ് ഓര്‍മ്മയാവുമ്പോള്‍ ബാക്കിയാവുന്നത് ചിരിയുടെ ഒരു വസന്തമാണ്. പാലക്കാടന്‍ സ്‌ളാങ് വെച്ചുള്ള ചില നമ്പറുകളായിരുന്നു, നവാസിന്റെ മാസ്റ്റര്‍ പീസ്. അതോടൊപ്പം ശബ്്ദാനുകരണത്തിലും അദ്ദേഹം പെര്‍ഫെക്റ്റ് ആയിരുന്നു. ചേട്ടന്‍ നിയാസ് ബക്കറിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ചില മിമിക്രി കാസറ്റുകള്‍ കണ്ടാല്‍ ഇപ്പോഴും ചിരിച്ച് മണ്ണുകപ്പും. സ്പോട്ട് നര്‍മ്മങ്ങളായിരുന്നു നവാസിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഒരുകാലത്ത് ഉത്സവപറമ്പുകളിലെ സൂപ്പര്‍സ്റ്റാറായ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായിരുന്ന അദ്ദേഹം.
ആര്‍ക്കും എളുപ്പത്തില്‍ കഴിയാത്ത ഒരുപാട് നമ്പറുകള്‍ നവാസിന്റെ കൈയിലുണ്ടായിരുന്നു. ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ ഒരുപോലെ പാടുക, ഏത് പാട്ടിന്റെയും അനുപല്ലവി കിട്ടിയാല്‍ പല്ലവി പാടുക, ചൊറിച്ചുമല്ല്, അന്ത്യാക്ഷരി, ടങ് ട്വിസ്റ്റര്‍.. അങ്ങനെ പോവുന്ന നമ്പറുകളുടെ നീണ്ട നിര. നല്ല ഗായകനും കൂടിയാണ് നവാസ്. സിനിമാ ഡയലോഗുകള്‍ക്ക് സ്പോട്ട് ഡബ്ബ് ചെയ്യുക എന്നിവയിലൂടെയൊക്കെ അദ്ദേഹം വേദികള്‍ കൈയിലെടുത്ത്. സിനിമാ താരങ്ങളുടെ ശബ്ദം അദ്ദേഹം ചെയ്യുമ്പോഴുള്ള പെര്‍ഫക്ഷന്‍ ഒന്ന് വേറെയായിരുന്നു.

വടക്കാഞ്ചേരിയില്‍നിന്ന് സിനിമയിലേക്ക്
തൃശൂരിലെ വടക്കാഞ്ചേരി എന്ന ഗ്രാമത്തിലാണ് കലാഭവന്‍ നവാസ് ജനിച്ചത്. ബാപ്പ അബൂബക്കര്‍ അറിയപ്പെടുന്ന നാടക നടനായിരുന്നു. പിന്നീട് അദ്ദേഹം സിനിമയിലെത്തി. ആധാരം, വാല്‍സല്യം എന്നീ സിനിമകളിലെ അബൂബക്കറിന്റെ പ്രകടനം മറക്കാന്‍ കഴിയില്ല.
മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമാമായതോടെയാണ്. സഹോദരന്‍ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
ഡിറ്റക്റ്റീവ് ഉജ്ജ്വലനിലെ കാരണവരുടെ സീരിയസ് ക്യാരക്ടര്‍ ഇതുവരെ നവാസ് ചെയ്യാത്ത വേഷമായിരുന്നു. കോമഡി റോളുകള്‍ വിട്ട് സീരിയസ് റോളുകളിലേക്ക് അദ്ദേഹം മാറാനുള്ള ശ്രമത്തിലായിരുന്നു. സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിയില്ല എന്ന പരാതിയൊന്നും നവാസിന് ഇല്ലായിരുന്നു. കൂടുതല്‍ സജീവമാവാന്‍ തുടങ്ങുമ്പോഴാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. ഭാര്യ രഹ്നയും നടിയാണ്. കുറച്ച് സിനിമകളും സീരിയിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് മക്കളാണ്. മെഹ്റിന്‍, റൈഹന്‍ാന്‍, റിസ്വാന്‍.
സ്നേഹ വീട്ടില്‍ ഇനി നവാസില്ല
തന്റെ ബാലകാലം നവാസ് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്- 'മലയും പുഴയും നെല്‍പ്പാടങ്ങുമുള്ള നാടയിരുന്നു വടക്കാഞ്ചേരി. ഉത്രാളിക്കാവ് പൂരം കേരളമെങ്ങും പ്രസിദ്ധമായിരുന്നു. അനശ്വര സംവിധാകന്‍ ഭരതന്റെ വീടും വടക്കാഞ്ചേരിയായിരുന്നു. ബാപ്പക്ക് ഒരു നാലുസഹോദരങ്ങളായിരുന്നു. ഓടിട്ട ഒരു ചെറിയ വീടായിരുന്നു ഞങ്ങളുടേത്. അന്നത്തെ കാലത്ത് കലാകാരന്‍മ്മാര്‍ക്ക് കാര്യമായി ഒന്നും കിട്ടില്ലല്ലോ. ദാരിദ്ര്യത്തിലും സ്നേഹം ധാരാളമുള്ള കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടതേ്.

എറണാംകുളത്തായിരുന്നു ഉമ്മയുടെ തറവാട്. കലാജീവിതത്തിന്റെ തുടക്കം മുതല്‍ 20 വര്‍ഷത്തോളം ഞാന്‍ അവിടെയാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ മൂന്ന് മക്കളാണ്. എന്റെ ചേട്ടന്‍ നിയാസിനെ അറിയാത്തവര്‍ കുറവാണ്. മഴവില്‍ മനോരമയിലെ 'മറിമായത്തിലെ' കോയായയും ശീതളനായും നിറഞ്ഞു നില്‍ക്കയാണ് നിയാസ്. ഒരു സഹോദരന്‍ കൂടിയുണ്ട് നിസാം. അന്നത്തെ കഷ്ടപ്പാടിലും ഞങ്ങള്‍ ഒത്തൊരുമയോടെ കഴിഞ്ഞു. ആ സ്നേഹം ഇന്നും നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് അനുഗ്രഹം.''- ഒരു അഭിമുഖത്തില്‍ നവാസ് ഇങ്ങനെയാണ് പറയുന്നത്.
നവാസ് ഒരു പ്രകൃതി സ്നേഹികൂടിയാണ്. അദ്ദേഹം ആലുവയില്‍ ഉണ്ടാക്കിയ മണ്ണുവീട് സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ നവാസ് പറയുന്നു. -'വിവാഹ ശേഷം ഞങ്ങള്‍ ആലുവ ചൂണ്ടി എന്ന സ്ഥലത്താണ് വീടുപണിതത്. പിന്നീട് വര്‍ഷങ്ങള്‍ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നെ ഞങ്ങള്‍ വേറെ ഒരു വീട് വാങ്ങിയപ്പോള്‍ രഹ്ന അവിടെ ഡിസൈന്‍ വസ്ത്രങ്ങളുടെ കടയും താഴെ നഴ്സറി കുട്ടികള്‍ക്കായി ഒരു സ്‌കൂളും തുടങ്ങി.
നവാസിന്റെ മണ്ണുകൊണ്ടുള്ള വീടും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നഗരത്തിന്റെ ബഹളത്തില്‍നിന്ന് മാറി താമസിക്കണം എന്ന് ആഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ ആലുവ നാലാംമൈല്‍ എന്ന സ്ഥലത്ത് വീടുവെച്ചു. അത് മണ്ണുകൊണ്ടുള്ള വീടായിരുന്നു. സാഹിത്യകാരി സാറാ ജോസഫിന്റെ മരുമകനായ ആര്‍ക്കിടെക്റ്റ് ശ്രീനിവാസനാണ് കേരളത്തനിമ നിറയുന്ന ഒറ്റനില വീട് പണിതത്. ഈ വീട്ടില്‍ ഇപ്പോഴും സുഖകരമായ കാലാവസ്ഥയാണ്'' ഒരു അഭിമുഖത്തില്‍ നവാസ് പറയുന്നു. ഇപ്പോള്‍ ഈ മണ്ണുവീടും, പുര്‍ത്തിയാക്കാത്ത സ്‌കിറ്റുകളുമെല്ലാം വിട്ട് നവാസ് യാത്രയാവുകയാണ്.