പത്തനംതിട്ട: സ്വര്‍ണപാളി വിവാദത്തില്‍ പ്രതികരണവുമായി ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനര്‍. 1999ല്‍ വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളി തന്നെയാന്നെന്നും അന്ന് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചു എന്നാണ് അറിവെന്നും കണ്ഠരര് മോഹനര്‍ പറഞ്ഞു. ദ്വാര പാലക ശില്പ പാളികള്‍ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും കണ്ഠരര് മോഹനര്‍ ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് സന്നിധാനത്ത് വച്ച് തന്നെയാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. 1999ല്‍ സ്വര്‍ണം പൊതിഞ്ഞപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കണം. പുറത്തുകൊണ്ടുപോയി ഉള്ള അറ്റകുറ്റപ്പണികള്‍ക്ക് തന്ത്രിമാര്‍ അനുമതി നല്‍കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പൂജയുടെ പേരില്‍ പ്രമുഖരില്‍ നിന്ന് പണപ്പിരിവും നടത്തി ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്രീകോവില്‍ കവാടത്തിന്റെ പൂജയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിളിച്ചിട്ടാണ് പോയതെന്നു നടന്‍ ജയറാം വ്യക്തമാക്കി. കോട്ടയം പള്ളിക്കത്തോട് ഇളംമ്പള്ളി ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിലും ശബരിമലയിലെ വാതില്‍ പാളി എത്തിച്ചിരുന്നെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2019 മാര്‍ച്ച് 10ന് ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു.

2019 മാര്‍ച്ചില്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളും നടന്‍ ജയറാമിന്റെ പ്രതികരണവും ആണ് ഇപ്പോള്‍ പുറത്തു വന്നത്. 2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും.

ശബരിമലയില്‍ നിന്നും കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങള്‍ 40 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണി നടത്തുന്ന ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിക്കുന്നത്. കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പീഠം പ്രദര്‍ശന വസ്തുവാക്കിയും ഉണ്ണികൃഷ്ണന്‍ പോറ്റി പണം സമ്പാദിച്ചുവെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ച വിവരം. വിവാദങ്ങള്‍ക്കിട ഇന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അനൗദ്യോഗികമായി ചേരും. ഹൈക്കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും പൊലീസില്‍ പരാതി നല്‍കണമോ എന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് വിവരം.