കണ്ണൂര്‍: ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കലക്ടര്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാകുമ്പോഴാണ് അരുണ്‍ കെ വിജയന്‍ ക്ഷമാപണം നടത്തിയത്. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കൊണ്ടാണ് കത്ത് നല്‍കിയത്. പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.

യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം. എന്നാല്‍, ഈ കൂടിക്കാഴ്ച്ചയില്‍ എന്താണ് സംസാരിച്ചതെന്നതില്‍ വ്യക്തതയില്ല. കളക്ടര്‍ക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം കണ്ണൂരില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. പ്രതിഷേധം കനത്താല്‍ അരുണിനെയും ജില്ലാ കലക്ടര്‍ സ്ഥാനത്തു നിന്നും നീക്കേണ്ടി വന്നേക്കാം

കളക്ടര്‍ ഓഫീസില്‍ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യോഗത്തില്‍ ദിവ്യ പങ്കെടുത്തതിന് പിന്നില്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ അടക്കം ഈ ആക്ഷേപം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

വിവാദയോഗം റവന്യൂ വകുപ്പിലെ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പായിരുന്നു. തീര്‍ത്തും സ്വകാര്യമായിരുന്ന ഈ പരിപാടിയില്‍ ജില്ലാ കളക്ടറായിരുന്നു അധ്യക്ഷന്‍. യോഗത്തില്‍ ജനപ്രതിനിധികളെ ആരെയും ക്ഷണിച്ചിരുന്നില്ല. വൈകിട്ട് മൂന്ന് മണിക്ക് ഈ യോഗം നിശ്ചയിച്ചത് കളക്ടറുടെ കൂടി സൗകര്യം പരിഗണിച്ചാണ്. എന്നാല്‍ ഈ യോഗത്തെ കുറിച്ച് പിപി ദിവ്യയെ അറിയിച്ചതും ദിവ്യയ്ക്ക് യോഗത്തില്‍ പങ്കെടുത്ത് എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാന്‍ അവസരമൊരുക്കിയതും കളക്ടറാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

പി പി ദിവ്യ അങ്ങനെ സംസാരിക്കുമെന്ന് കലക്ടര്‍ കരുതിരുന്നിരിക്കില്ല എങ്കിലും ഈ വിഷയത്തില്‍ ഇപ്പോള്‍ കടുത്ത എതിര്‍പ്പാണ് കലക്ടര്‍ക്കെതിരെ ഉയരുന്നത്. യാത്രയയപ്പ് യോഗം നടന്ന ദിവസം രാവിലെ 10 മണിക്ക് ദിവ്യയും എഡിഎമ്മും പങ്കെടുത്ത മറ്റൊരു യോഗം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഹാളില്‍ നടന്നിരുന്നു. എന്നാല്‍ അവിടെ വച്ച് പിപി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നില്ല. ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് റവന്യൂ വകുപ്പ് സ്റ്റാഫ് കൗണ്‍സിലിന്റെ യോഗം നടന്നത്.

കലക്ട്രേറ്റിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയൊന്നും ഇതിലേക്ക് വിളിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ക്ഷണിക്കാതെ കയറിയപ്പോള്‍ യോഗാധ്യക്ഷനായിരുന്ന കളക്ടര്‍ അരുണ്‍ തടയുകയോ ഇത് ജീവനക്കാരുടെ പരിപാടിയാണെന്ന് പറയുകയോ ചെയ്തില്ല. ദിവ്യ ഹാളിലെത്തി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുമെന്നും ജില്ലാ കളക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. മരിച്ച എഡിഎമ്മിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം കണ്ണൂരിലെ കളക്ട്രേറ്റ് ജീവനക്കാര്‍ക്ക് ലഭിക്കാതിരുന്നതിലും പ്രതിഷേധമുണ്ട്.

പിന്നാലെ എഡിഎമ്മിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഓഫ് ചെയ്തത് സംശയം കൂട്ടി. ഇതോടയാണ് ജീവനക്കാര്‍ കടുത്ത രോഷത്തിലായത്. അതേസമയം നവീന്‍ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂര്‍ കലക്ടറാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടര്‍ കണ്ടെത്തി. ഫയല്‍ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കലക്ടറോട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പെട്രോള്‍ ബങ്കിനായി ടി വി പ്രശാന്തന്‍ അപേക്ഷ നല്‍കിയത് 2023 ഡിസംബര്‍ രണ്ടിനാണ്. ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് 2024 ഫെബ്രുവരി 21നാണ്. പിന്നീട് കൃത്യമായ രീതിയില്‍ വൈകല്‍ ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയി. മാര്‍ച്ച് 31ന് ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എന്‍ഒസി എതിര്‍ത്തിരുന്നു. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയ ശേഷം അനുമതി നല്‍കാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയത് സെപ്റ്റംബര്‍ 30നാണ്. ഈ റിപ്പോര്‍ട്ട് കിട്ടി ഒമ്പത് ദിവസത്തിനുള്ളില്‍ തന്നെ എഡിഎം നവീന്‍ ബാബു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഫയലില്‍ ഒപ്പിട്ടുവെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.