പത്തനംതിട്ട: കാപ്പ കേസ് പ്രതി പൊതുവഴിയില്‍ പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാപ്പ നിയമത്തിന്റെ പേര് കേക്കില്‍ എഴുതി ചേര്‍ത്തതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് നടുറോഡില്‍ ആഘോഷം നടന്നത്. ഒരു മാസം മുമ്പ് സി.പി.എമ്മില്‍ അംഗത്വം എടുത്ത മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്റെ പിറന്നാളാഘോഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മലയാലപ്പുഴ - മണ്ണാറക്കുളഞ്ഞി റോഡില്‍ നടന്നത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പൊലീസ് നടപടി.

'കാപ്പ' എന്ന് എഴുതിയ കേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആഘോഷത്തില്‍ മുറിച്ചു. ഇവരില്‍ പൊലീസ് രേഖകളില്‍ പിടികിട്ടാപ്പുള്ളിയായ എസ്. സുധീഷ് കുമാര്‍ എന്നയാളുമുണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ എടുത്ത കേസിലെ നാലാം പ്രതിയാണ് സുധീഷ് കുമാര്‍. ശരണ്‍ ചന്ദ്രനോടൊപ്പം സി.പി.എം അംഗത്വം എടുക്കാനും സുധീഷ് ഉണ്ടായിരുന്നു. നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് അതിന്റെ ബോണറ്റില്‍ അഞ്ചുതരം കേക്ക് വെച്ചാണ് ആഘോഷം നടത്തിയത്.

ശരണിന്റെയും ഒപ്പമുണ്ടായിരുന്ന 25 പേരുടെയും പേരിലാണ് കേസ്. അമ്പതിലേറെപ്പേര്‍ പങ്കെടുത്ത ആഘോഷം ഇവര്‍തന്നെ റീലുകളാക്കി പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങളെയും പാര്‍ട്ടി നേതൃത്വത്തെയും വെല്ലുവിളിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ച റീലുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്.

ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെ 62 പേര്‍ക്കാണ് ഒരുമാസം മുമ്പ് പാര്‍ട്ടി അംഗത്വം നല്‍കിയത്. ബി.ജെ.പി അനുഭാവികളായിരുന്ന ഇവര്‍ സി.പി.എമ്മിലേക്ക് എത്തിയപ്പോള്‍ സ്വീകരിക്കാനായി മന്ത്രി വീണ ജോര്‍ജും ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും എത്തിയിരുന്നു. കാപ്പ കേക്കുമുറി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ ശരണ്‍ചന്ദ്രനെ പ്രതിരോധിച്ചു കൊണ്ടാണ് സിപിഎം നേതൃത്വം രംഗത്തുവന്നത്. കേസുകളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്ന ന്യായീകരണമാണ് സിപിഎം ജില്ലാ നേതൃത്വം ഉയര്‍ത്തിയത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ആര്‍എസ്എസുകാരാണെന്നും ഇവരെ രാഷ്ട്രീയമായി 'സംസ്‌കരി'ച്ചെടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. പുതിയ പാര്‍ട്ടി അനുഭാവികളുടെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണു സൂചന. എന്നാല്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഇവരെ സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പരസ്യ വിമര്‍ശനത്തിന് ആരും തയാറല്ല.