- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാര്‍ സംരക്ഷിച്ചില്ല; സിപിഎം ഉറപ്പിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്; കാപ്പാ പ്രതിയുടെ അഭിമുഖത്തില്‍ വെട്ടിലായി സിപിഎം; ക്യാപ്സ്യൂളുമായി ഉദയഭാനു
പത്തനംതിട്ട: ബിജെപി-ആര്‍എസ്എസ് അനുഭാവിയായ കാപ്പ കേസ് പ്രതി മലയാലപ്പുഴ നല്ലൂര് വാഴവിളയില്‍ വീട്ടില്‍ ഇഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രനെ(24) സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ആരോഗ്യമന്ത്രി വീണാ ജോര്‍ജും അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. നിരവധി ക്രിമിനല്‍ കേസുകളിലും കാപ്പയിലും ഉള്‍പ്പെട്ട ശരണ്‍ ചന്ദ്രനെ ന്യായീകരിക്കാന്‍ പെടാപ്പാടു പെടുകയാണ് ഉദയഭാനു. സ്ത്രീയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന ജാമ്യം നേടി കഴിഞ്ഞ ജൂണ്‍ 23 നാണ് ശരണ്‍ ചന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് ശേഷം ഇയാള്‍ നേരിട്ട് കെ.പി. ഉദയഭാനുവിനെ കാണുകയും താനടക്കം 60 യുവാക്കളെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും എത്തിക്കാമെന്നും അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇവരെ മാലയിട്ട് സിപിഎഎമ്മിലേക്ക് സ്വീകരിച്ചത്. യോഗം ഉദ്ഘാടനം ചെയ്തതാകട്ടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായിരുന്നു.
ഉദയഭാനു നേരിട്ടാണ് ക്രിമിനല്‍ കേസ് പ്രതിയെ അടക്കം പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇതോടെ കാപ്പകേസ് പ്രതിയെ ന്യായീകരിക്കേണ്ട ഗതികേടും അദ്ദേഹത്തിനുണ്ടായി. ശരണ്‍ കാപ്പക്കേസ് പ്രതിയല്ലെന്നാണ് ഉദയഭാനുവിന്റെ ന്യായീകരണം. കാപ്പകേസ് പ്രതിയാണെങ്കില്‍ അയാള്‍ ജില്ലയില്‍ കാണില്ല. ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അയാള്‍ സ്വതന്ത്രന് ആയതു കൊണ്ടാണല്ലോ വന്ന് അംഗത്വം സ്വീകരിച്ചിരിക്കുന്നത് എന്നും ഉദയഭാനു കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍, കാപ്പയിലെ 15(1) വകുപ്പ് പ്രകാരം ദക്ഷിണ മേഖല ഡിഐജി നിശാന്തിനി ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയതിന്റെ രേഖകള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തി താക്കീത് നല്‍കിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയത്. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിന് ശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ (സ്ത്രീയെ ആക്രമിച്ചു) ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക് പുറത്തു വച്ചു തന്നെ പത്തനംതിട്ടയിലെ കേസില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജൂണ്‍ 23 നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ഹൈക്കോടതിയില്‍ നിന്നുമാണ് ജാമ്യം എടുത്തത്. ശരണ്‍ ബിജെപി അനുഭാവി മാത്രമാണ്. പ്രവര്ത്തകന് പോലുമായിരുന്നില്ല. ഇക്കാര്യം മറച്ചു വച്ച് ബിജെപി അംഗം എന്ന നിലയിലാണ് ഇന്നലെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇയാള്‍ക്ക് സിപിഎം അംഗത്വം കൊടുത്തത്. മന്ത്രി വീണാ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു, കോണ്‍ഗ്രസ് വിട്ട് അടുത്ത കാലത്ത് സിപിഎമ്മില്‍ ചേര്‍ന്ന ബാബു ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലും പ്രചരിക്കുന്നുണ്ട്. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയത് വിവാദമായിട്ടുണ്ട്.
ബിജെപിയും ആര്എസ്എസുമൊന്നും താന്‍ കേസില്‍പ്പെട്ടപ്പോള്‍ സഹായിച്ചില്ലെന്നാണ് ശരണ്‍ ചന്ദ്രന് കൈരളിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
ഞങ്ങള്‍ പല ആള്‍ക്കാരും പല കേസുകളിലും ആയിട്ടും സ്റ്റേഷനില്‍ വന്ന് കാണാന്‍ ഒരു പാര്ട്ടിക്കാരന് പോലുമില്ല. അതു കൊണ്ടാണ് ഇപ്പോള്‍ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും ചേരാമെന്ന് കരുതിയത്. അപ്പോള്‍ സിപിഎം നിങ്ങളെ സംരക്ഷിക്കും അല്ലേ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതേ എന്ന് മറുപടിയും. സ്ത്രീകള്‍ക്കെതിരായ ആക്രമണം, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളാണ് ഇഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രനെതിരേ ഉളളത്.