തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍, ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയാകുമ്പോള്‍, ചര്‍ച്ചയാകുന്നത് കേരള പൊലീസിന്റെ ക്രിമിനല്‍ കേസ് ഡയറിയിലെ ഒരുപ്രതികാര കഥ. കാരണവര്‍ തന്നെ സ്വത്തില്‍ നിന്നും ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് ഷെറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. മോഷണത്തെ തുടര്‍ന്നുളള കൊലപാതകമെന്ന് ആദ്യം പൊലീസ് കരുതിയ കേസാണ് പിന്നീട് വഴിമാറിയത്.

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും വഴിവിട്ട പ്രണയബന്ധങ്ങളും ആഡംബര ജീവിത കൊതിയും, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും ഒക്കെയാണ് പക തീര്‍ക്കാന്‍ ഭര്‍തൃപിതാവിനെ വകവരുത്തുന്നതിലേക്ക് ഷെറിനെ നയിച്ചത്. എന്നാല്‍, മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്ന് വരുത്തി തീര്‍ക്കാനുള്ള ഷെറിന്റെയും കൂട്ടാളികളുടെയും ശ്രമം പൊലീസ് ബുദ്ധിയില്‍ പാളി.

കേസില്‍ 2010 ജൂണില്‍ മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുറപ്പെടുവിച്ച ശിക്ഷാവിധി കേട്ട ശേഷം പുറത്തിറങ്ങുമ്പോള്‍, രണ്ടാം പ്രതി ബാസിത് അലി ഷെറിനോട് സുഖമാണോ എന്ന് ചോദിച്ചു. 'നീ മിണ്ടരുത്, നീയാണ് എന്നെ കുഴപ്പത്തിലാക്കിയത്, എന്റെ ജീവിതം തകര്‍ത്തതു നീയാണ്' എന്നായിരുന്നു കോടതിമുറിയില്‍ വെച്ച് ഷെറിന്‍ രോഷത്തോടെ പറഞ്ഞത്. ഒരുപക്ഷേ തന്റെ തന്നെ പ്രവൃത്തികളുടെ മോശഫലം ബാസിത് അലിയില്‍ ചാരാനുള്ള പാഴ്ശ്രമമായിരുന്നിരിക്കാം അത്. അതല്ലെങ്കില്‍ കുബുദ്ധി പറഞ്ഞ് തന്ന് തന്നെ കുഴപ്പത്തിലാക്കിയതിന്റെ പൊട്ടിത്തെറിയാവാം.

പൊടിപിടിച്ച ഏണി കണ്ടപ്പോഴേ പൊലീസിന് സംശയം

കാരണവരുടെ മരണാനന്തര ചടങ്ങിന് ശേഷമുള്ള പൊലീസ് ചോദ്യം ചെയ്യലില്‍, അതിബുദ്ധി കാട്ടിയതാണ് ഷെറിന് വിനയായത്. വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു സ്ലൈഡിംഗ് വിന്‍ഡോ ഉണ്ടെന്നും അതുവഴി ഒരാള്‍ക്ക് രണ്ടാം നിലയിലേക്ക് പ്രവേശിക്കാമെന്നും ഷെറിന്‍ പറഞ്ഞു. എന്നാല്‍, ഏണിയില്ലാതെ അതിന്റെ മുകളില്‍ കയറി നില്‍ക്കാനാവില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിലിനോട് ചേര്‍ന്ന് ഒരു ഏണി കണ്ടെത്തി. എന്നാല്‍ അതില്‍ മുഴുവന്‍ പൊടിപിടിച്ചിരുന്നതിനാല്‍ ആ വഴിയല്ല പ്രതികള്‍ അകത്തുകടന്നതെന്ന് മനസ്സിലായി വീടിന്റെ മുകള്‍ നിലയിലെ രണ്ടു ചില്ലുജനാലകള്‍ തുറന്നിട്ട നിലയിലുമായിരുന്നു. എന്നാല്‍ ഈ ഭാഗങ്ങളില്‍ നിന്നൊന്നും വിരലടയാള വിദഗ്ധര്‍ക്ക് പ്രത്യേക സൂചനയൊന്നും കിട്ടിയില്ല.

നായ്ക്കള്‍ മോഷ്ടാക്കളെ കണ്ടുകുരച്ചില്ല

മോഷ്ടാക്കളെ കണ്ടിട്ടും വീട്ടിലെ കാരണവരുടെ നായ്ക്കള്‍ കുരയ്ക്കാതിരുന്നത് എന്തുകൊണ്ട് എന്നും പൊലീസ് അന്വേഷിച്ചു. ഇനി അഥവാ മോഷ്ടാക്കളാണ് കൊല നടത്തിയതെങ്കില്‍ തന്നെ അകത്ത് കടക്കാന്‍ അകത്തുള്ളവരുടെ സഹായം കിട്ടിയെന്നും ബോധ്യപ്പെട്ടു. പൊലീസ് ഷെറിന്റെ ഫോണ്‍ കോള്‍ പട്ടിക പരിശോധിച്ചപ്പോള്‍ സംഭവ ദിവസം രാത്രി ഒരു നമ്പരിലേക്ക് 55 കോളുകള്‍ പോയതായി കണ്ടെത്തി. അത് രണ്ടാം പ്രതി ബാസിത്ത് അലിയുടെ നമ്പരായിരുന്നു.

കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ള വിരലിന്റെ പാട് ബാസിത്ത് അലിയുടേതാണെന്നും കണ്ടെത്തി. കാരണവരെ വകവരുത്തിയ ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച് ബാസിത്ത് ഷെറിന് നല്‍കിയ വെള്ളിമോതിരവും വീട്ടില്‍ നിന്ന് കണ്ടെത്തി.

ഭിന്നശേഷിക്കാരനായ ഇളയ മകന്‍ ബിനു പീറ്റര്‍ കാരണവറിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഷെറിനെ മരുമകളായി വീട്ടിലേക്ക് എത്തിച്ചത്. ഇതിന് വേണ്ടി ഷെറിന്റെ ബാദ്ധ്യതയെല്ലാം തീര്‍ത്തുകൊടുത്തു. വിവാഹം കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് ഷെറിന് ഉറപ്പുനല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും അമേരിക്കയില്‍ എത്തി. അന്ന് അവിടെ ജോലിക്ക് കയറിയ സ്ഥാപനത്തില്‍ നിന്ന് മോഷണത്തിന് പിടികൂടിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. പിന്നീട് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ പ്രശ്‌നങ്ങള്‍ തുടങ്ങി

ഓര്‍ക്കൂട്ട് കൂട്ടില്‍ എത്തിയ ബാസിത്ത് അലി

ഇന്നത്തെ പോലെ ഇന്‍സ്റ്റയും മറ്റും ഇല്ലാതിരുന്ന കാലത്ത് ഓര്‍ക്കൂട്ടായിരുന്നു ഷെറിന്റെ പുറംലോകവുമായുള്ള പാലം. അങ്ങനെയാണ് ബാസിത്ത് അലിയെ പരിചയപ്പെടുന്നത്. പലതരം പുരുഷ സൗഹൃദങ്ങളായതോടെ ഒരേ സമയത്ത് ഒന്നിലധികം പേര്‍ ഷെറിനെ കാണാന്‍ വീട്ടിലേക്ക് എത്തി. പുരുഷ സുഹൃത്തുക്കളുടെ വരവ് ഭാസ്‌കര കാരണവര്‍ കണ്ടതോടെ അവരുടെ സന്ദര്‍ശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെ ഷെറിന് തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി വില്‍പത്രം എഴുതി. കാരണവരില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം കൂടി നിന്നതോടെ പലരില്‍ നിന്നായി ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. ഈ കടങ്ങളെല്ലാം കാരണവര്‍ തന്നെ വീട്ടേണ്ടി വന്നു.

ഒന്നും രണ്ടും പ്രതികളും അവരുടെ സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമാണ് കാരണവരെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ കുരയ്ക്കാതിരിക്കാന്‍ അവയ്ക്ക് മയക്കുമരുന്ന് നല്‍കി.

മുളക് പൊടി വിതറിയതും കുരുക്കായി

കാരണവരെ കൊന്നശേഷം അദ്ദേഹത്തിന്റെ മുറിയിലും ഹാളിലും പ്രതികള്‍ മുളകുപൊടി വിതറിയിരുന്നു. കാരണവേഴ്സ് വില്ലയിലെ അടുക്കളയില്‍ തന്നെയുള്ള മുളകുപൊടി ഉപയോഗിച്ചതോടെ വീടുമായി അടുത്ത പരിചയമുള്ളവരാണു കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിച്ചു. കൊല നടത്തിയശേഷം വീട്ടിലെ ലാപ്ടോപ്, ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ രുദ്രാക്ഷമാല എന്നിവയും പണവും കവര്‍ന്നിരുന്നു. പക്ഷേ കാരണവരുടെ കിടപ്പുമുറിയിലെ അലമാരിയില്‍ ഉണ്ടായിരുന്ന 9,500 രൂപ എടുക്കാതിരുന്നതും കവര്‍ച്ചാശ്രമത്തിന്റേതായ അടയാളങ്ങളൊന്നും ആ മുറിയില്‍ ഇല്ലാതിരുന്നതും മോഷണം മാത്രമല്ല കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്നുമുള്ള സംശയത്തിന് ബലം നല്‍കി.

മുന്‍വശത്തെ കതകുവഴിയാണു സംഘം അകത്തുകടന്നതെന്നു ബോധ്യപ്പെടുത്താന്‍ കതകു തുറന്നിട്ടിരുന്നു. എന്നാല്‍ നല്ല ഉറപ്പുള്ള തടിയിലും വില കൂടിയ പൂട്ടിലും സംരക്ഷിക്കപ്പെട്ടിരുന്ന കതക് ബലം പ്രയോഗിച്ചു തുറന്നതായിട്ടുള്ള സൂചനയൊന്നുമില്ലായിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കുന്നത്.