- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഹപ്രവര്‍ത്തകയ്ക്കൊപ്പം കര്‍ണാടക ഡിജിപിയുടെ അശ്ലീല രംഗം സര്‍ക്കാറിന് മൊത്തം നാണക്കേടായി; സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍; പിന്നാലെ കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍; വിരമിക്കാന്‍ നാല് മാസം ബാക്കി നില്ക്കവേ നാണംകെട്ട് പുറത്തായി കര്‍ണാടക ഡിജിപി
സഹപ്രവര്‍ത്തകയ്ക്കൊപ്പം കര്‍ണാടക ഡിജിപിയുടെ അശ്ലീല രംഗം സര്‍ക്കാറിന് മൊത്തം നാണക്കേടായി

ബെംഗളൂരു: കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവു നാണംകെട്ട് പുറത്തേക്ക്. അശ്ലീല ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍. വിഷയം കര്‍ണാടക സര്‍ക്കാറിനാകെ നാണക്കേടായതോടെയാണ് നടപടി എടുത്തത്.
ഓഫിസിലെത്തിയ സഹപ്രവര്‍ത്തകയെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സര്‍ക്കാര്‍, രാമചന്ദ്രറാവുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി എടുത്തത്.
അതേസമയം എട്ട് വര്‍ഷം മുന്‍പത്തെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവര്‍ത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദത്തില്‍ കുടുങ്ങി അദ്ദേഹം വീണ്ടും പുറത്തായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പെട്ട നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) 102 കോടി രൂപയാണ് പിഴ ചുമത്തിയത്. ഈ കേസില്‍ ഉള്‍പ്പെട്ട ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സക്കറിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കും യഥാക്രമം 63 കോടി, 56 കോടി രൂപ എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇവര്‍ മൂന്ന് പേര്‍ക്കും 250 പേജുള്ള നോട്ടീസും 2,500 പേജുള്ള അനുബന്ധ രേഖകളും കൈമാറി.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് മൂന്നിനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രന്യ റാവു 14.8 കിലോ സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഡിആര്‍ഐ അന്വേഷണത്തില്‍, ഒരു വര്‍ഷത്തിനിടെ രന്യ റാവു 30 തവണ ദുബായ് സന്ദര്‍ശിച്ചതായും ഓരോ കിലോ സ്വര്‍ണ്ണത്തിനും ഒരു ലക്ഷം രൂപ വീതം കമ്മീഷന്‍ ലഭിച്ചിരുന്നതായും കണ്ടെത്തി. 12.56 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌കറ്റുകളുമായാണ് രന്യ റാവു പിടിയിലായത്.
പോലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടി പിടിയിലായത്. ഇതേ തുടര്‍ന്ന് രന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 2.06 കോടി രൂപയുടെ കറന്‍സിയും 2.67 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ ആകെ 17.29 കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്. ഓരോ ദുബായ് യാത്രയിലും കിലോക്ക് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ 12-13 ലക്ഷം രൂപയാണ് കമ്മീഷനായി രന്യ നേടിയിരുന്നത്. ഈ കേസിലും ഡിജിപി രാമചന്ദ്ര റാവുവിന്റെ പങ്കിലും സംശയം ഉയര്‍ന്നിരുന്നു.


