തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മോഡലില്‍ ജനകീയനാകാന്‍ വേണ്ടി പിണറായി വിജയനും മന്ത്രിമാരും നടത്തിയ ശ്രമമായിരുന്നു 'നവകേരള സദസ്സ്' എന്ന പരിപാടി. എന്നാല്‍ പൊതുസമക്ഷത്തില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന പരിപാടിയിരുന്നു ഇത്. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഈ പരിപാടി വഴി ഉണ്ടായത്. നാടു നീളെ നടന്ന് മന്ത്രിമാരും സംഘവും വാങ്ങിയ പരാതികളില്‍ പരിഹാരമില്ലാത്ത അവസ്ഥയായിരുന്നു.

എത്ര പരാതികള്‍ പരിഹരിച്ചു എന്നു ചോദിച്ചാല്‍ അതിനും സര്‍ക്കാര്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല. നവകേരള സദസ്സിലെ പരിപാടിക്ക് ഇതാണ് അവസ്ഥയെന്നിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നവകേരള സദസ്സിന്റെ മിനി മോഡലുമായി രംഗത്തുവന്നിരിക്കുന്നത്. ഇക്കുറി ഓരോ താലൂക്ക് തലത്തിലും 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ അദാലത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടി പൂര്‍ത്തിയാകുമ്പോള്‍ കോടികള്‍ തന്നെ ഖജനാവില്‍ നിന്നും പൊടിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രൂപ വീതമാണ്. 'സംസ്ഥാന തല ഉദ്ഘാടന'ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് വകയിരുത്തിയയത്. ഇതോടെ കേരളത്തില്‍ ആകെയുള്ള 77 താലൂക്കുകളിലും പരിപാടികള്‍ നടക്കുമ്പോള്‍ കോടികള്‍ പൊടിയും. എന്നാല്‍, എന്തൊക്കെ പരാതികള്‍ക്ക് ഈ അദാലത്തു കൊണ്ട് പരിഹാരമായി എന്ന് ഭാവിയില്‍ കണ്ടെറിയേണ്ടി വരും. കാരണം, സര്‍ക്കാറിന്റെ തടിക്ക് പിടിക്കുന്ന ഒരു പരാതികളും പരിഹരിക്കില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായ മേഖലയിലേക്കുള്ള ചോദ്യങ്ങളാണ് തടയപ്പെട്ടിരിക്കുന്നത്. ഇതോടെ പിന്നെ എന്തിനാണീ പ്രഹസനം എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം തേടുന്നവരാണ് നാട്ടിലെ സാധാരണക്കാര്‍. പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് വലിയ സഹമായിരുന്നു ഇത്. എന്നാല്‍, 'കരുതലും കൈത്താങ്ങും പരിപാടിയില്‍ ആ കുരുതല്‍ കൈവിട്ടു. ഇത് മാത്രമല്ല, ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു ലഭിക്കാത്തവരുടെ പരാതികളും സ്വീകരിക്കില്ല. ഇങ്ങനെ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രധാന വിഷയങ്ങളില്‍ ചോദ്യങ്ങള്‍ പോലും അനുവദിക്കാന്‍ ഇവര്‍ തയ്യാറല്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ലെന്നതാണ് പ്രധാനപ്പെട്ട വിലക്കപ്പെട്ട കാര്യം. സര്‍ക്കാര്‍ നല്ല രീതിയിലാണ് പോകുന്നതെന്നാണ് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നത് എന്നാണ് ഇതിനര്‍ഥ്. വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ലെന്നും നിബന്ധനയുണ്ട്. അത്തരം വികസനം എന്താകണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും, അഭിപ്രായം വേണ്ടെന്നും വ്യക്തം. വീടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല, ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ലെന്നുമാണ് മറ്റ് നിബന്ധന. ഇതോടെ യുവജനങ്ങള്‍ക്ക് ഈ പരിപാടിയില്‍ കരുതല്‍ ഇല്ലെന്ന് വ്യക്തമാണ്.


ഇത് കൂടാതെ കര്‍ഷകരെയും അദാലത്ത് അവഗണിക്കുകയാണ് ചെയ്യുന്നത്. കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല, മാത്രല്ല, പോലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ലെന്നും നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ പട്ടയ വിഷയങ്ങളും ഉന്നയിക്കേണ്ടതില്ലെന്നാണ് മുന്നറിയിപ്പായി പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കമുള്ളവര്‍ക്കും അദാലത്തില്‍ പ്രയോജനമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപെടാന്‍ കഴിയില്ലന്ന വിധത്തിലാണ് നിബന്ധന.

റവന്യൂ റിക്കവറി വസ്തുക്കളളിലെ തിരിച്ചടവു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ലെന്നെന്നാണ് വ്യക്തമാക്കുന്ന മറ്റൊരുകാര്യം. ഇത്തരത്തില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാത്ത അദാലത്ത് എന്തിന് വേണ്ടിയാണെന്നതാണ് ഉയരുന്ന വിമര്‍ശനം. പൊതുജനങ്ങള്‍ക്ക് 13 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ പരാതികളും അപേക്ഷകളും നല്‍കിയ ശേഷം അതാണ് പരിഗണിക്കുക.

karuthal.kerala.gov.in ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.