- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലുതവണ ജയിച്ച സിപിഎമ്മിനെ നേരിടുന്നത് ജമാഅത്തെ ഇസ്ലാമിയും ഹിസ്ബുല്ലയും; താരിഗാമിയും റെഷിയും തമ്മിലുള്ള പോരാട്ടം രാജ്യം ഉറ്റുനോക്കുന്നു; കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുമ്പോള്‍!
ജമാഅത്തിനും വേരുള്ള മണ്ഡലം
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ജമ്മു കാശ്മീര്‍ ഇത്തവണ കടന്നുപോകുന്നത് അതിവിചിത്രമായ ഒരു മത്സരത്തിലുടെയാണ്. 'കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റമുട്ടുന്നു' എന്ന് ദേശീയ മാധ്യമങ്ങളൊക്കൊണ്ട് എഴുതിക്കത്തക്കര ീതിയില്‍ അത് വളര്‍ന്നു കഴിഞ്ഞു. അതാണ് കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുല്‍ഗാം മണ്ഡലത്തിലെ മത്സരം. നാലുതവണ ഇവിടെ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ തീപ്പൊരി നേതാവും, സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍ സയര്‍ അഹമ്മദ് റെഷിയാണ്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഉള്ളതുകൊണ്ട് അവര്‍ പ്രച്ഛന്നവേഷത്തിലാണ് മത്സരിക്കുന്നത്. റെഷിയുടെ പിന്നില്‍ പൂര്‍ണ്ണമായും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും, ഒരുകാലത്ത്് അവരുടെ യുവജനവിഭാഗത്തിന്റെ സായുധ വിഭാഗമായ ഹിസ്ബുള്‍ മുജാഹിദ്ദീനുമാണെന്ന് എല്ലാവര്‍ക്കും അറിയാം.
ദക്ഷിണ കശ്മീരിലെ കുല്‍ഗാം സിപിഎമ്മിനെപ്പോലെ ജമാഅത്തെ ഇസ്ലാമിക്കും നല്ല വേരുള്ള മണ്ഡലമാണ്. 1996-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് കുല്‍ഗാം സി.പി.എമ്മിന് സ്വന്തമായത്. 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ സി.പി.എം തരിഗാമിയിലൂടെ ജയം ആവര്‍ത്തിച്ചു. 2002-ല്‍ കുല്‍ഗാമിനെ കൂടാതെ സെയ്‌നപോറ മണ്ഡലത്തിലും സി.പി.എമ്മിന് ജയിക്കാനായി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമിനെ പ്രതിനിധീകരിക്കുന്ന തരിഗാമി അഞ്ചാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.
ജമാഅത്തിനും വേരുള്ള മണ്ഡലം
1987 മുതല്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വിഘടനവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയുടെ നിരവധി നേതാക്കള്‍ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍, ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാല്‍ മത്സരിക്കാനായില്ല. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ജമാഅത്തെ ഇസ്ലാമി മത്സരരംഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച സയര്‍ അഹമ്മദ് റെഷിയുടെ നേതൃത്വത്തില്‍ കുല്‍ഗാമില്‍ വന്‍ റാലി സംഘടിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമി കരുത്ത് പ്രകടിപ്പിച്ചത്. ഇതോടെയാണ് കശ്മീരില്‍ 'കമ്യൂണിസ്റ്റും ഇസ്ലാമിസ്റ്റും നേര്‍ക്കുനേര്‍' എന്ന ക്യാപ്ഷന്‍ ഉയര്‍ന്നത്.
1972-ല്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, കുല്‍ഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുല്‍ റസാഖ് മിര്‍ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്. 1977-ലെ ഇലക്ഷനിലും ജമാഅത്തെ ഇസ്ലാമി മത്സരിച്ചു, രണ്ടു സീറ്റില്‍ ജയിച്ചു. ഏറ്റവും കൗതുകം, ഭാരതീയ ജനസംഘവുമായി ചേര്‍ന്നാണ് രണ്ടു തവണയും ജമാഅത്തെ ഇസ്ലാമി മത്സരിച്ചത്. 1983-ല്‍ മത്സരിച്ച 26 സീറ്റിലും തോറ്റു. 1987-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ജമാഅത്തെ തുല്‍ബ മുസ്ലിം യുനൈറ്റഡ് ഫ്രണ്ട് എന്ന കൂട്ടായ്മയുടെ ഭാഗമായി മത്സരിച്ചു. കുല്‍ഗാം അടക്കം നാലിടത്ത് കൂട്ടായ്മക്ക് ജയിക്കാനായി.
കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു മുസ്ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ അജണ്ട. ഇതേ തുടര്‍ന്ന് ഫ്രണ്ടിനെതിരെ പൊലീസ് നടപടിയുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ പാക്കിസ്ഥാനിലേക്ക് കടന്നു. ചില പ്രവര്‍ത്തകര്‍ സായുധ പരിശീലനത്തിനുശേഷം ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. എം.യു.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് യൂസഫ് ഷായാണ് സയ്യീദ് സലാഹുദ്ദീന്‍ എന്ന പേരില്‍ പിന്നീട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ തലവനായത്. ഇയാളുടെ ഇലക്ഷന്‍ മാനേജറായിരുന്ന യാസിന്‍ മാലിക് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ തലവനായി. പിന്നീടുള്ള വര്‍ഷങ്ങള്‍ കശ്മീര്‍ ഭീകരപ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായിരുന്നു.
1997-ല്‍ ഗുലാം മുഹമ്മദ് ഭട്ട് അമീറായിരിക്കുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി വിഘടനവാദപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തടവിലായിരുന്ന അദ്ദേഹം ജയില്‍മോചിതനായ ശേഷം, സംഘടനയ്ക്ക് ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷേ അത് വെറും വാക്ക് മാത്രമായിരുന്നു. ഇന്നും കശ്മീര്‍ ഭീകരതയെ ഒളിഞ്ഞ് ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നുണ്ട്. ( ഈ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പറയുക)
42 കാരനായ സയര്‍ അഹമ്മദ് റെഷി കുല്‍ഗാമിലെ ഖാരോട്ട് ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.ഫില്‍ നേടിയശേഷം കുല്‍ഗാമിലെയും അനന്ത്‌നാഗിലെയും സര്‍ക്കാര്‍ കോളേജുകളില്‍ ലക്ചററായി ജോലി ചെയ്തിരുന്നു. കമ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും, കേന്ദ്ര സര്‍ക്കാറിന്റെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വോട്ടുപിടിക്കുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയിലേക്ക് തിരിച്ചുവരുന്നതിനെ റെഷി എതിര്‍ക്കുന്നില്ല എന്നതും ശ്രദ്ധേയയാണ്.
താരിഗാമി എന്ന തീപ്പൊരി
കശ്മീരിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവ് തന്നെയാണ് താരിഗാമി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സമരം നയിച്ച് ജയിലില്‍ കിടന്ന നേതാവ്. നിരവധി തവണ തീവ്രവാദികളുടെ ആക്രമണത്തില്‍നിന്ന് ഇദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭീകരവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഒരുപാട് സഖാക്കാള്‍ കശ്മീരില്‍ വെടിയുണ്ടക്ക് ഇരായായിട്ടുമുണ്ട്.
1949 ജൂലൈ 17 ന് കുല്‍ഗാമിലെ തരിഗാം ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഗുലാം റസൂല്‍ ആണ് പിതാവ്. കശ്മീരിലെ രാഷ്ട്രീയ പ്രക്ഷുബ്ധത കാരണം താരിഗാമിക്ക് ബിഎ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. 1975-ല്‍ ഒരു രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തിനിടെ മരിച്ചതും വേദനിപ്പിക്കുന്ന അനുഭവമാണ്.
ചാവല്‍ഗാമിലെ അബ്ദുള്‍ കബീര്‍ വാനിയുടെ സ്വാധീനത്തിലാണ് യൂസഫ് തരിഗാമി കമ്മ്യൂണിസ്റ്റായി രൂപപ്പെട്ടത്. 1967-ല്‍ വെറും 18 വയസ്സുള്ളപ്പോള്‍, തരിഗാമിം അനന്ത്നാഗ് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇടക്ക് നക്സല്‍ പ്രസ്ഥാനത്തിലേക്ക് പോയ അദ്ദേഹം, 1967-ല്‍ നിര്‍ബന്ധിത അരി സംഭരിക്കുന്നതിനെതിരെ കര്‍ഷകരുടെ സമരം ഏറ്റെടുത്തതിന് ജയിലില്‍ അടയ്ക്കപ്പെട്ടു. 1975-ലെ ഇന്ദിര-ഷൈഖ് ഉടമ്പടിയെ എതിര്‍ത്തതിന്റെ പേരിലും അദ്ദേഹം ജയിലിലായി. ആ സമയത്താണ് ഭാര്യ മരിച്ചത്. സര്‍ക്കാര്‍ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.
1979-ല്‍, മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷ കശ്മീരില്‍ കലാപത്തിലേക്ക് നയിച്ചപ്പോള്‍, ഷെയ്ഖ് അബ്ദുള്ള, മാര്‍ക്സിസ്റ്റുകളെയാണ് വേട്ടയാടിയത്. തരിഗാമി വിവാദ പൊതുസുരക്ഷാ നിയമത്തിന് കീഴില്‍ അറസ്റ്റിലായി. അതിനുശേഷം അദ്ദേഹം സിപിഎമ്മില്‍ സജീവമായി. തുടര്‍ന്നും നിരവധി തവണയാണ് അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടത്.
2005-ല്‍ ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുളസിബാഗ് കോളനിയില്‍ പ്രവേശിച്ച തീവ്രവാദികള്‍ തരിഗാമിയുടെയും വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിന്റെയും വീടുകള്‍ ആക്രമിച്ചു. ലോണ്‍ കൊല്ലപ്പെട്ടു. 2005 ലെ ആക്രമണത്തില്‍, തരിഗാമിയുടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. ഇതടക്കം നിരവധി ആക്രമണങ്ങള്‍ താരിഗാമിക്കുനേരെ ഉണ്ടായിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്.
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന മതരാഷ്ട്രീയത്തെ തുറന്നെതിര്‍ത്താണ് 77 കാരനായ തരിഗാമിയുടെ കാമ്പയിന്‍. ഒപ്പം, കാശ്മീര്‍ ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനലംഘനത്തെയും തുറന്നുകാട്ടുന്നു. നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിലെ സഖ്യകക്ഷിയായാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. നാഷനല്‍ കോണ്‍ഫറന്‍സായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തരിഗാമിയുടെ പ്രധാന എതിരാളി.
പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ നാസില്‍ ലാവേയും ഇത്തവണ തരിഗാമിക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. 2008 മുതല്‍ തരിഗാമിക്കെതിരെ മത്സരിക്കുന്ന അദ്ദേഹം 2014-ല്‍ 334 വോട്ടിനാണ് തോറ്റത്. അന്ന് പി.ഡി.പി സ്ഥാനാര്‍ഥിയായിരുന്നു. ലാവേ പിന്നീട് പി.ഡി.പിയുടെ രാജ്യസഭാംഗമായി. 2019-ല്‍ പി.ഡി.പി വിട്ട് സജാദ് ലോണ്‍ നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ ചേര്‍ന്നു.മുഹമ്മദ് അമിന്‍ ദാറാണ് കുല്‍ഗാമിലെ പി.ഡി.പി സ്ഥാനാര്‍ഥി. അപ്നി പാര്‍ട്ടിയുടെ എഞ്ചിനീയര്‍ മുഹമ്മദ് അക്വിബും മത്സരരംഗത്തുണ്ട്്.