- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന് ' മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞുപോയ അമ്മ; 'കിരീടത്തിലെ' ആ അപൂര്‍വ്വ കെമിസ്ട്രി; കവിയൂര്‍ പൊന്നമ്മ ലാലിന് ചേര്‍ന്ന പൊന്നമ്മ
കവിയൂര്‍ പൊന്നമ്മ ലാലിന് ചേര്‍ന്ന പൊന്നമ്മ
തിരുവനന്തപുരം: 'ഉണ്ണിക്കിടാവിന് നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി....' എങ്ങനെ മറക്കും 'സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവറയില്‍' എന്ന കീരിടത്തിലെ ഉള്ളുലയ്ക്കുന്ന ഗാനം. ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന ദുരന്ത സംഭവപരമ്പരകളുടെ തിരതള്ളലില്‍ ഉലഞ്ഞുപോയ നായകന്റെ മനസ്സിനെ നൊമ്പരത്തോടെ കാട്ടുന്ന രംഗങ്ങള്‍. സേതുമാധവനായി മോഹന്‍ലാലും, അച്ഛനായി തിലകനും, അമ്മയായി കവിയൂര്‍ പൊന്നമ്മയും ഹൃദയസ്പര്‍ശിയായി അഭിനയിച്ച സിനിമ.
ശരിക്കും മോഹന്‍ലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയം. സെറ്റിലും ജീവിതത്തിലും മോഹന്‍ലാലിനോട് വിശേഷ വാത്സല്യമായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്. എവിടെക്കണ്ടാലും ഇരുവരും പരസ്പരം സ്‌നേഹം കോരി ചൊരിയുന്നതും കാണാം. ലാലേട്ടന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ മതി എന്ന് പ്രക്ഷേകര്‍ പറഞ്ഞിരുന്ന നാളുകള്‍. അപ്പോഴായിരുന്നു ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ കീരീടത്തിന്റെ വരവ്.
ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ താന്‍ ഏറെ വിഷമിച്ച് പോയ സന്ദര്‍ഭത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'തിലകന്‍ ചേട്ടനുമായി മോഹന്‍ലാല്‍ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞുനോക്കിയാണ് കുട്ടന്‍ നടക്കുന്നത്. താന്‍ ഓടിച്ചെന്ന് വിളിക്കുമ്പോള്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂര്‍ പൊന്നമ്മ ഒരിക്കല്‍ പറഞ്ഞു.
നാടകവേദിയില്‍ നിന്നാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലേക്കെത്തിയത്. അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ചാണ് ഇവര്‍ മുന്നേറിയത്. 5 വയസ്സ് മുതല്‍ സംഗീത പഠനം ആരംഭിച്ചിരുന്നു. 14ാമത്തെ വയസ്സിലാണ് നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയത്. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെയായിരുന്നു അരങ്ങേറ്റം. വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷത്തെ അവതരിപ്പിച്ചിരുന്നു ഈ താരം.
മിക്ക നായകന്‍മാരുടേയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, മോഹന്‍ലാലിനോട് തനിക്ക് പ്രത്യേക വാത്സല്യമുള്ളതായും അവര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ പെരുമാറ്റമാണ് അതിന് കാരണമെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ എല്ലവരോടും തമാശയൊക്കെ പറഞ്ഞാണ് ലാലുവിന്റെ നടപ്പെന്നും അവര്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ മാത്രം അമ്മയായി അഭിനയിച്ചാല്‍ മതിയെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. അദ്ദേഹം സ്വന്തം മകനെപ്പോലെ തന്നെയായതിനാല്‍ പല രംഗങ്ങളിലും താന്‍ വിഷമിച്ചാണ് അഭിനയിച്ചതെന്നും അവര്‍ പറയുന്നു. കിരീടത്തിലെ അനുഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും സങ്കടം വരുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
പൊതുപരിപാടികള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെ പോവുമ്പോള്‍ പലരും മോനെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കാറുണ്ട്. ഏത് മോനെന്ന് ചോദിക്കുമ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് അവരൊക്കെ പറയാറുള്ളത്. ലാലിനെ കുട്ടാ എന്നാണ് താന്‍ വിളിക്കാറുള്ളതെന്നും താന്‍ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെപ്പോലെയാണ് അദ്ദേഹമെന്നും അവര്‍ പറയുന്നു. ലാലിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ടെന്നും അവര്‍ പലപ്പോഴും പറഞ്ഞിരുന്നു. ഈ മികച്ച അഭിനേത്രി ഓര്‍മയാകുമ്പോള്‍, മലയാളികള്‍ക്ക് സ്‌ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇല്ലാതാവുകയാണ്.