തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് നടപടി ആരംഭിച്ചു. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. ഇന്ന് വിശാഖ പട്ടണത്ത് എത്തുന്ന സംഘം പെണ്‍കുട്ടിയുമായി മടങ്ങും. മറ്റു കാര്യങ്ങള്‍ ഇവിടെ എത്തിയ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.

വെള്ളിയാഴ്ച ഉച്ചയോടെ സംഘം കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി ഏറ്റുവാങ്ങും. ആവശ്യമായി വന്നാല്‍ അവിടത്തെ കോടതിയില്‍ ഹാജരാക്കുമെന്നും എ.സി.പി പി. നിയാസ് പറഞ്ഞു. അന്വേഷണ സംഘത്തിന് കുട്ടിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ഡബ്ല്യു.സി വിശാഖപട്ടണത്തെ സി.ഡബ്ല്യു.സിക്ക് ഇ-മെയില്‍ അയച്ചിരുന്നു. വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുന്‍ഗണന. അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാട്ടിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കുട്ടിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് സി.ഡബ്ല്യു.സിക്ക് കൈമാറും. കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കിയശേഷമാകും മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുക. ആവശ്യമെങ്കില്‍ മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുമെന്ന് സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ഷാനിഫ ബീഗം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടം വടക്കുംഭാഗത്തെ വാടകവീട്ടില്‍നിന്ന് കുട്ടിയെ കാണാതായത്. വൈകീട്ടാണ് രക്ഷാകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വിശാഖപട്ടണത്ത് കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. പൊലീസിന്റെ ഇടപെടല്‍ തൃപ്തികരമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം, കേരളത്തിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും ജന്മനാട്ടില്‍ പഠനം തുടരാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി മലയാളി സമാജം അംഗങ്ങളോട് ആഗ്രഹം അറിയിച്ചത്. അസമില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. കഴക്കൂട്ടത്തെ വീട്ടിലെ അന്തരീക്ഷം ഉള്‍ക്കൊള്ളാനാവില്ല. അവിടെ കഴിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു. വിശാഖപട്ടണത്തുള്ള സംരക്ഷണകേന്ദ്രത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

അതേ സമയം, മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിച്ചത്.