കൂത്തുപറമ്പ് : പാർട്ടി ഗ്രാമമായ കോട്ടയം മലബാർ പഞ്ചായത്തിലെ പുറക്കളത്ത് നിരാശ്രയരായ കുടുംബത്തെ ജപ്തി ചെയ്തു വീട്ടിൽ നിന്നും ഇറക്കി പെരുവഴിയിലാക്കിയ സംഭവത്തിൽ സിപിഎമ്മിൽ അതൃപ്തി പുകയുന്നു. സിപിഎം ഭരിക്കുന്ന കേരള ബാങ്കിന്റെ നടപടി വിവാദമായതിനെ തുടർന്ന് മന്ത്രി വി.എൻ വാസവൻ പ്രശ്‌നത്തിൽ ഇടപെട്ടു. ജപ്തി ചെയ്തു വയോധികയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇന്നലെ വൈകുന്നേരം ഇറക്കിവിടുകയും ഒരു രാത്രി മുഴുവൻ വീടിന്റെ വരാന്തയിൽ കഴിയേണ്ടിവരികയും ചെയ്ത സാഹചര്യത്തിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

ജപ്തി നടപടി കാരണം ഒരു കുടുംബം പെരുവഴിയിലായ സംഭവം വിവാദമായതിനെ തുടർന്ന് സഹകരണ മന്ത്രി വി.എൻ കണ്ണൂർ സഹകരണ രജിസ്ട്രാറോട് മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. കേരള ബാങ്ക് കൂത്തുപറമ്പ് ഏരിയാ മാനേജർ റിപ്പോർട്ട് നൽകിയാലുടൻ മന്ത്രിക്ക് വസ്തുതാപരമായ റിപ്പോർട്ട് ഈ കാര്യത്തിൽ സഹകരണ വകുപ്പ് കൈമാറും. സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന കോട്ടയം മലബാർ പഞ്ചായത്ത് ബാങ്ക് ജപ്തി ചെയ്തു പെരുവഴിയിലായ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയിൽ വിഷയത്തിൽ ഇടപ്പെട്ട കെ.പി.മോഹനൻ എംഎൽഎയുമായുള്ള ചർച്ചയുടെ ഭാഗമായി ജപ്തി നടപടികൾ താൽകാലികമായി നിർത്തിവയ്ക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ കോടതി മുഖേനെയായതിനാൽ ഈ കാര്യത്തിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് കേരളാ ബാങ്ക് അധികൃതരുടെ നിലപാട്. എന്നാൽ ഈ കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന കേരള ബാങ്ക് അധികൃതരുടെ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.

കേരള ബാങ്ക് കുത്തുപറമ്പ് ബ്രാഞ്ച് വീടും സ്ഥലവും ജപ്തി ചെയ്തതിനെ തുടർന്ന് പുറക്കളത്തെ സുഹ്‌റയും കുടുംബവും വീട്ട് വരാന്തയിലാണ് ഇപ്പോൾ കഴിയുന്നത്, കേരളാ ബാങ്ക് ജപ്തി നടപടി അറിയിച്ച് നൽകിയ നോട്ടീസിൽ ഈ മാസം 15 വരെ ബാങ്ക് സുഹക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ കാലാവധി തികയും മുമ്പാണ് കേരള ബാങ്ക് ഉദ്യോഗസ്ഥർ സുഹ് റയുടെ വീടും സ്ഥലവും ജപതി ചെയ്തത്. ഇതോടെയാണ് സുഹറയും കുടുംബവും പെരുവഴിയിലായത് 2012 ലാണ് ഭവന നിർമ്മാണത്തിനായി ഇവർ സംസ്ഥാന സർവ്വീസ് ബാങ്ക് തെക്കീബസാർ ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്.

ആദ്യ 8 മാസം കൃത്യമായി അടച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു.ഇതിനിടെ മകളുടെ മരണവും ഇവരെ മാനസീകമായി തളർത്തി ഇതിനിടെയാണ് ചൊവ്വാഴ്ച ബാങ്ക് അധികൃതർ മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്.വീട്ട് കാരെ പുറത്തിറക്കി വാതിലടച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു, വായ്പാ കാലാവധി അവസാനിക്കാൻ രണ്ടര വർഷം ഇനിയും ബാക്കി നിൽക്കെ പണം അടക്കാൻ സമയം നൽകണമെന്നാണ് സുഹറയുടെ ആവശ്യം, അത്ര സമയം സുഹറയും കുടുംബവും ബാങ്കുമായി സഹകരിക്കാത്തതിനാൽ കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി നടപടിയെന്നും ഒറ്റതവണ തീർപ്പാക്കൽ പ്രകാരം പണം സ്വീകരിക്കാൻ തയ്യാറാണെന്നും ബാങ്ക് അധികൃതർ പറയുന്നു.

അതേസമയം സുഹറ ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വിഷയത്തിൽ കൂത്തുപറമ്പ് എംഎ‍ൽഎ കെ.പി മോഹനൻ ഇടപെട്ടിട്ടുണ്ട്. ബാങ്ക് അധികൃതരുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്ന് കെ.പി മോഹനൻ അറിയിച്ചു. നേരത്തെ കൊല്ലത്ത് കാനറ ബാങ്ക് ജപ്തി ചെയ്തു ഒരു കുടുംബത്തെ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന പാർട്ടിയാണ് സിപിഎം. ഇപ്പോൾ പാർട്ടി ഗ്രാമത്തിൽ തന്നെ ഇതേ സംഭവം ആവർത്തിച്ചത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.