തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ എഴുതിത്തള്ളാന്‍ കേരള ബാങ്ക്. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിനു ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജൂലായ് 30-ന് ഉണ്ടായ ദുരന്തത്തില്‍ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടിയ മുണ്ടക്കൈ- ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും പരിശോധന നടന്നു. വിവിധ മേഖലകളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാര്‍ മേഖലയിലെ പരിശോധനയില്‍ ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത് .

കണ്ടെത്തിയ തലയോട്ടിയും ശരിരഭാഗവും ദൗത്യസംഘം കല്‍പ്പറ്റയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്നും മലപ്പുറത്തുനിന്നുള്ള രണ്ട് ടീമുകളാണ് ഇന്ന് ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്, സൈന്യവും എസ്ഒജി കമാന്‍ഡോസും വനംവകുപ്പും ചേര്‍ന്നായിരുന്നു പരിശോധന. ചാലിയാല്‍ മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന തുടരും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയാണ് തിരിച്ചലിന്റെ ലക്ഷ്യം.

കഴിഞ്ഞദിവസത്തേതിന് സമാനമായ രീതിയില്‍ ജനകീയ തിരച്ചില്‍ അല്ല ഇന്ന് നടന്നത്. ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അട്ടമലയില്‍നിന്ന് എല്ലിന്‍കഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ ഇടപെടല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ (ഐഎജി) കോര്‍ഡിനേഷന്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. കളക്ടറേറ്റില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനു (ഡിഇഒസി) സമീപമാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍, പൗരസമിതികള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലെ ദുരന്തപ്രതികരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് ദുരന്തനിവാരണ അതോറിറ്റികളുടെ കീഴില്‍ ഐഎജി പ്രവര്‍ത്തിക്കുന്നത്.

ചൂരല്‍മല ദുരന്തത്തിന്റെ പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യദിനം തന്നെ വയനാട്, മലപ്പുറം ഐഎജി പങ്കാളികളായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാല്‍ ദേശീയ, അന്തര്‍ദേശീയ സന്നദ്ധ സംഘടനകളുടേയും കോര്‍പറേറ്റുകളുടേയും സഹകരണം കൂട്ടിയിണക്കേണ്ടതുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളതും ദീര്‍ഘകാല പിന്തുണ ആവശ്യമുള്ളതുമായ വിഷയങ്ങളില്‍ സഹായിക്കാനുള്ള സന്നദ്ധതയും അഭ്യര്‍ഥനകളും കോഡിനേഷന്‍ ഡെസ്‌ക് വഴി ഏകോപിപ്പിക്കും. വയനാട് ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ https://forms.gle/ueUtVwbZZuJ3pBrc8 എന്ന ഓണ്‍ലൈന്‍ ഫോമിലൂടെ അറിയിക്കാം. 8943204151 എന്ന നമ്പറില്‍ നേരിട്ടും ബന്ധപ്പെടാം.

റിലയന്‍സ്, ടാറ്റ, ആമസോണ്‍ തുടങ്ങിയ വലിയ കമ്പനികള്‍ ഇതിനോടകം തന്നെ ഐഎജിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടെ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വയനാട് ഐഎജി, യൂണിസെഫ്, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മായായ സ്പിയര്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.