തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമോ അതോ ഭരണമാറ്റോ. വിധിയഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. 2.71 കോടി വോട്ടര്‍മാരാണ് കേരളത്തിന്റെ വിധി നിശ്ചയിക്കന്നത്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്. 883 സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്. ഇന്ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. കേരളത്തിന് പുറമേ അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരില്‍ നല്ലൊരുവിഭാഗത്തിനും തപാല്‍വോട്ട് ചെയ്യാനായില്ലെന്ന ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് വോട്ടെടുപ്പ്. അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടര്‍മാരുടെ മനസ്സിലിരിപ്പും ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികള്‍ക്ക്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വോട്ടര്‍മാര്‍ ഏറെനേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്.

പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തുടര്‍ഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാല്‍, സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. നിയമസഭയില്‍ ഒരിക്കല്‍ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ.

പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. ഉത്സവപ്രതീതിയിലാണ് വോട്ടെടുപ്പ്. 24 ഓക്‌സിലറിയടക്കം 30,495 ബൂത്തുകള്‍ സജ്ജമാക്കി. വോട്ടുചെയ്യാന്‍ വിവിധ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് കയ്യില്‍ കരുതണം.