തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ തീരുമാനിച്ചരിക്കുന്നത്. ഇത് സംബന്ധിച്ച മദ്യനതത്തിന്റെ കരടില്‍ ശുപാര്‍ശ ചെയ്തു. ഒന്നാം തിയ്യതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ , ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും.

ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്നും ബാര്‍ ഉടമകള്‍ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാര്‍ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു.

ഇതോടെ പൂര്‍മായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിര്‍ദ്ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂര്‍ണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്. മദ്യനയത്തിന്റെ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്‌സൈസ് വകുപ്പ് കടന്നിരുന്നു. മന്ത്രിസഭയുടെ അംഗീകാരം നേടിയ ശേഷം മാത്രമേ കരടു നയത്തിലെ കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ.

ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന ആവശ്യവും നേരത്തെ പരിഗണിച്ചിരുന്നു. ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും. മുന്‍വര്‍ഷത്തെ നയത്തില്‍ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.

നേരത്ത് മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പുതിയ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കലും സംബന്ധിച്ച ആലോചനയൊന്നും നടന്നിട്ടില്ലെന്നു മന്ത്രി എം.ബി.രാജേഷ് ആവര്‍ത്തിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ തന്നെ ഈ ആശയം ഔദ്യോഗികമായി സര്‍ക്കാരിനു മുന്‍പില്‍ വെച്ചിരുന്നു. ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പുതിയ മദ്യനയത്തിനു മുന്നോടിയായി എക്‌സൈസ് വകുപ്പ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

എക്‌സൈസ് വകുപ്പിന്റെ അധികാരപരിധിയില്‍പെട്ട വിഷയത്തില്‍ കൂടുതല്‍ താല്‍പര്യമെടുത്തതും ബാറുടമകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു പിന്നീട് യോഗം വിളിച്ചതും ടൂറിസം വകുപ്പാണ്. മേയ് 21നു ടൂറിസം ഡയറക്ടറുടെ യോഗത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കണമെന്ന ആവശ്യം ബാറുടമകള്‍ ഉയര്‍ത്തി. കോഴ ആരോപണത്തിന്റെ തുടക്കവും ഈ യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു.

ഡ്രൈ ഡേ ഒഴിവാക്കണം എന്നത് ടൂറിസം വകുപ്പിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനു മാര്‍ച്ചില്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സെക്രട്ടറിതല യോഗത്തില്‍ അവര്‍ ആവശ്യം ആവര്‍ത്തിച്ചു. ഒരുപടി കൂടി കടന്ന് ടൂറിസം സെക്രട്ടറി ഈ വിഷയം ഉള്‍പ്പെടുത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ടൂറിസം ഡയറക്ടര്‍ ബാറുടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിക്കുകയുമായിരുന്നു.

ഡ്രൈ ഡേ ടൂറിസം മേഖലയുടെ പ്രധാന പ്രശ്‌നമായി അവതരിപ്പിക്കുകയും സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു ഉദ്ദേശ്യമെന്നാണു വിവരം. എക്‌സൈസ് വകുപ്പിനെ മറികടന്നു മദ്യനയത്തില്‍ ഇടപെടാന്‍ ടൂറിസം വകുപ്പ് അമിതോത്സാഹം കാണിച്ചെന്ന സംശയമാണ് അന്ന് ഉയര്‍ന്നത്.