- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്ന പൗരത്വ നിയമ ആശങ്കകള്‍ മുതലെടുത്ത് ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍; ഓര്‍ഡിനന്‍സ് ഇറക്കാനും ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം; ലോക്ഭവന് അംഗീകരിക്കില്ല; 'നേറ്റിവിറ്റി കാര്‍ഡ്' നടക്കില്ല; അത് മറ്റൊരു പ്രചരണ തന്ത്രം!
തിരുവനന്തപുരം: 'നേറ്റിവിറ്റി കാര്‍ഡ്' നടക്കില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയായി മാറുമെന്ന അവകാശവാദം നിയമപരമായ പ്രതിസന്ധിയാകും. പൗരത്വം എന്നത് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വ രേഖ എന്ന നിലയില്‍ എത്രത്തോളം അംഗീകാരം ലഭിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്. ഇതിന് വേണ്ടി കേരളം നിയമ നിര്‍മ്മാണം നടത്തിയാലും ഗവര്‍ണ്ണറും രാഷ്ട്രപതിയും അംഗീകരിക്കില്ല.
പൗരത്വ രേഖകള്‍ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാപരമായി പാര്‍ലമെന്റിന് മാത്രമാണെന്നിരിക്കെ, കേന്ദ്രം നല്‍കുന്ന ആധാര്‍ കാര്‍ഡിനെ പോലും സുപ്രീം കോടതി ഒരു പൗരത്വ രേഖയായി അംഗീകരിച്ചിട്ടില്ലെന്നത് ഈ നീക്കത്തിന് തിരിച്ചടിയാകുന്നുണ്ട്. വ്യക്തിയുടെ ജനനവും താമസവും തെളിയിക്കുന്ന ഒരു തിരിച്ചറിയല്‍ രേഖ എന്നതിനപ്പുറം ഇതിന് നിയമസാധുത ലഭിക്കാനിടയില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും നിയമ നിര്‍മ്മാണത്തിലൂടെ ഇത് സാധ്യമാക്കാന്‍ ശ്രമിച്ചാല്‍ ഗവര്‍ണ്ണറുടെ അനുമതി അനിവാര്യതയാകും. അതിനിടെ ഈ വിഷയത്തില്‍ സാധ്യതാ പഠനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിയമോപദേശവും തേടും. ഇതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാകും.
പുതിയ പദ്ധതിക്ക് നിയമപരമായ സംരക്ഷണം നല്‍കാനായി ഓര്‍ഡിനന്‍സ് ഇറക്കാനും തുടര്‍ന്ന് ജനുവരിയിലെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പൗരത്വം കേന്ദ്രവിഷയമായതിനാല്‍ ഈ ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് കൂടുതല്‍ സാധ്യത. രാഷ്ട്രപതി എടുക്കുന്ന തീരുമാനം ഒരിക്കലും അനുകൂലമാകാന്‍ സാധ്യതയില്ല. ഇതു കൊണ്ട് തന്നെ ഈ ബില്‍ നിയമമാകാന്‍ സാധ്യത കുറവാണ്.
കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്കും മാതാപിതാക്കളുടെ ജനനസ്ഥലം കണക്കിലെടുത്ത് നിലവില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കാര്‍ഡുകളെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് കേന്ദ്ര നിയമങ്ങളുമായി ഒത്തുപോകില്ല. വരാനിരിക്കുന്ന പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുതലെടുത്ത് ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനമെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. കേരള കൗമുദി അടക്കം ഇത്തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ നിയമമനുസരിച്ച് പൗരത്വ രേഖകള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, പാസ്പോര്‍ട്ട് തുടങ്ങിയവയാണ് നിലവില്‍ പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകള്‍. പുതിയ നേറ്റിവിറ്റി കാര്‍ഡ് കേരളത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഒരു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുമെങ്കിലും പൗരത്വ പ്രശ്‌നങ്ങളില്‍ ഇതൊരു കവചമാകില്ല.
ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഈ കാര്‍ഡ് സഹായകമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും അതിന്റെ സാങ്കേതിക വശങ്ങള്‍ അവ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒന്നാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്നവര്‍ക്കും കേരളീയരായ മാതാപിതാക്കളുടെ മക്കള്‍ക്കും ഈ കാര്‍ഡിന് അര്‍ഹതയുണ്ടാകുമെങ്കിലും കേന്ദ്ര നിലപാട് ഇതില്‍ നിര്‍ണ്ണായകമാകും.




