- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രി
കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും
തിരുവനന്തപുരം: കേരളപ്പിറവിദിനമായ ഇന്ന് കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും. ശനിയാഴ്ച ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം.
2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സര്‍ക്കാര്‍ തുടങ്ങിയത്. സര്‍വേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേര്‍ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിര്‍ത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍നിന്ന് താത്കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങില്‍ നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തികവരവും കാലാകാലങ്ങളിലെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടര്‍ന്നവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്.
ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (ദാരിദ്ര്യ നിര്‍മാര്‍ജനവും വിശപ്പില്‍നിന്നുള്ള മോചനവും) പൂര്‍ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇടതു സര്‍ക്കാറിന്റെ വലിയ നേട്ടമായി അതിദാരിദ്ര്യമുക്ത സംസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്', മുഖ്യമന്ത്രി വ്യക്തമാക്കി.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




