- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ; പരുന്തുംപാറയില്‍ റവന്യൂ എന്‍.ഒ.സി ഇല്ലാതെ നിര്‍മാണം പാടില്ല; നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം; പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു? കയ്യേറ്റക്കാരുടെ പട്ടിക ഹാജറാക്കണം; സജിത് ജോസഫിന്റെ 'കുരിശുകൃഷി'ക്കെതിരെ വടിയെടുത്ത് കോടതി
കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ
പരുന്തുംപാറ: പരുന്തുംപാറയില്‍ സജിത് ജോസഫിന്റെ കുരിശു കൃഷിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും. പരുന്തുംപാറയില്‍ റവന്യൂ എന്‍ഒസി ഇല്ലാതെ നിര്‍മാണം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരുന്തുംപാറയിലേക്ക് നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പ് പൊളിച്ചുമാറ്റിയത്. അതിന് പിന്നാലെയാണ് ഹൈക്കോടതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇതുവരെ പരുന്തുംപാറ മേഖലകളിലെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. മൂന്നാറിലെ മൂന്ന് താലൂക്കുകളില്‍ മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ റവന്യൂ എന്‍ഒസി ഇല്ലാതെ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും പരുന്തുംപാറയില്‍ നടത്തരുതെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവെന്നും കോടതി ചോദിച്ചു. റവന്യൂ വകുപ്പ് നിര്‍മാണപ്രവര്‍ത്തികള്‍ എന്തുകൊണ്ട് തടഞ്ഞില്ല, റോഡ് നിര്‍മാണവും ടാറിങ്ങും കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.
കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതിന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊട്ടാരത്തില്‍ സജിത്ത് ജോസഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കൈയേറി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പുതിയ കോണ്‍ക്രീറ്റ് കുരിശ് ഉയര്‍ന്നത്. സജിത്ത് ജോസഫിനെതിരേ നിരോധനാജ്ഞ ലംഘിച്ചതിന് മാത്രം കേസെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ് ചൂണ്ടിക്കാട്ടിയ കോടതി സജിത്ത് ജോസഫിനെതിരേ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും വ്യക്തമാക്കി.
കയ്യേറ്റക്കാരുടെ മുഴുവന്‍ പട്ടികയും മറ്റന്നാളോടെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിന് ശേഷം ഭൂമി കയ്യേറിയവരെ കേസില്‍ കക്ഷി ചേര്‍ക്കാനാണ് കോടതി തീരുമാനം. വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലോടെ എല്‍.ആര്‍. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് പരുന്തുംപാറയിലെത്തി കുരിശ് പൊളിച്ചുനീക്കിയത്. അതിന് പിന്നാലെ എല്‍.ആര്‍. തഹസില്‍ദാര്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെത്തി സജിത്ത് ജോസഫിനെതിരെ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്്. ജില്ല കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിനുശേഷമാണ് കുരിശിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്. കുരിശ് സ്ഥാപിച്ചതിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പാര്‍ട്ടി തന്നെ കയ്യേറ്റം ചര്‍ച്ചായാക്കി. രണ്ടു ദിവസം മുമ്പ് ഈ കുരിശ് നിര്‍മ്മാണം മറുനാടനും വാര്‍ത്തയാക്കി. ഇതോടെയാണ് വിഷയം ശ്രദ്ധയില്‍ പെട്ടതും.
3.31 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു, ഈ മാസം രണ്ടിന് പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ല കലക്ടര്‍ പീരുമേട് എല്‍.ആര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നല്‍കുകയുംചെയ്തു. എന്നാല്‍, ഇതവഗണിച്ച് കുരിശിന്റെ പണികള്‍ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. പണികള്‍ നടക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ശിവരാമനാണ് ഈ കുരിശ് നിര്‍മ്മാണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്.
മറ്റൊരു സ്ഥലത്തുവെച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. 2017ല്‍ സൂര്യനെല്ലിയിലും ഇത്തരത്തില്‍ കൈയേറ്റഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. സ്റ്റോപ് മെമ്മോ പുറപ്പെടുവിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും തുടരുകയാണ്.
യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിടം നിര്‍മ്മിക്കുകയാണ് സജിത്ത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്റെ നടപടിയായി പരുന്തുംപാറയിലുള്ള സജിത് ബ്രദര്‍ നിര്‍മ്മിക്കുന്ന കെട്ടിടവും ഉള്‍പ്പെടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമിയിലാണ് സജിത്ത് കെട്ടിടം പണിയുന്നത്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറയുന്നത്. സര്‍ക്കാര്‍ ഭൂമി കൈയ്യറിവരെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തി ഇപ്പോള്‍ നടന്ന് വരികയാണ്. കുടിയൊഴിപ്പക്കലിന്റെ ഭാഗമായി ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.