- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിലെ ഊട്ടുപുരയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാന്‍ ഏഴരക്കോടി രൂപ! മുഖ്യമന്ത്രിയുടെ വസതിയില്‍ ചാണകക്കുഴി നിര്‍മ്മിക്കാന്‍ ചെലവിട്ടത്് ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിനുള്ള തുകയേക്കാള്‍ കൂടുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെട്ടിടങ്ങള്‍ നവീകരിക്കാന്‍ കോടികള്‍ പൊടിച്ച് പിണറായി സര്‍ക്കാര്‍
നിയമസഭയിലെ ഊട്ടുപുരയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാന്‍ ഏഴരക്കോടി രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ നിയമസഭാ മന്ദിരത്തിലെ ഊട്ടുപുര നവീകരിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് ഏഴരകോടിരൂപ. കാലാവധി കഴിയാന്‍ ഒന്‍പതുമാസം മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ നവീകരിക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയേക്കാള്‍ കുടുതല്‍ ചെലവിട്ടാണ് ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മ്മിച്ചത്.
നിയമസഭയിലെ ഡൈനിങ്ഹാള്‍ നവീകരിക്കുന്നതിന് 7.40 കോടിരൂപയുടെ ഭരണാനുമതിയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ നല്‍കിയത്. നിര്‍മ്മാണത്തിനായി അംഗീകൃത ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി. നിയമസഭ മന്ദിരത്തിന്റെ സെല്ലാറിലുള്ള ഡൈനിങ് ഹാളാണ് നവീകരിക്കുന്നത്. സഭയുടെ 25ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഡൈനിങ് ഹാളിന് ആധുനിക മുഖം നല്‍കുന്നത്.
നവീകരണ പ്രവൃത്തികളില്‍ തറയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകുന്നത്, പാനലിങ്, ഗ്ലാസ് പാര്‍ട്ടീഷനുകള്‍, എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് തറയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാനാണ്. ഇതിനായി 1.41 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാനലിങ്, ഗ്ലാസ് പാര്‍ട്ടീഷന്‍ ജോലികള്‍ക്ക് 1.17 കോടി രൂപയും, പ്രീമിയം കര്‍ട്ടനുകള്‍ക്കായി 21.10 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ മതിയായ പരിചയമുള്ള അംഗീകൃത ഏജന്‍സികളെയാകും തെരഞ്ഞെടുക്കുക.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2021 മുതല്‍ നവീകരിക്കാന്‍ ഇതുവരെ നാലുകോടിയോളം രൂപ ചെലവായിട്ടുണ്ട്്. 14 പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ക്ലിഫ് ഹൗസില്‍ നടന്നത്. ലിഫ്റ്റ് ,കാലിതൊഴുത്ത് , കക്കൂസ്, കുളിമുറി നവീകരണം, അടുക്കളയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിശ്രമമുറിയുടെ നവീകരണം, പെയിന്റിംഗ്, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് മരാമത്ത് വകുപ്പ് മുഖേന നടന്നത്. പെയിന്റിംഗിന് മാത്രം 12 ലക്ഷം രൂപ ചെലവായി. ടൂറിസം വകുപ്പിന്റെ കീഴിലാണ് ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രി മന്ദിരങ്ങള്‍. മരാമത്ത് വകുപ്പിന് പുറമേ ഏകദേശം രണ്ടുകോടി രൂപയുടെ പ്രവൃത്തികള്‍ ക്ലിഫ് ഹൗസില്‍ ടൂറിസം വകുപ്പും നടത്തി. ക്ലിഫ് ഹൗസിലെ നീന്തല്‍കുളം, പൂന്തോട്ടം, വെള്ളം, വൈദ്യുതി മുതലായവയുടെ ചുമതല ടൂറിസം വകുപ്പിനാണ്.
ക്ലിഫ് ഹൗസിലെ ചാണകക്കുഴി നിര്‍മ്മാണത്തിനു മാത്രം 4.40 ലക്ഷം രൂപയാണ് ചെലവായത്്. 3.72 ലക്ഷം രൂപക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍, പണി പൂര്‍ത്തിയായപ്പോള്‍ ടെണ്ടര്‍ തുകയേക്കാള്‍ 68000 രൂപ കൂടുതല്‍ ചെലവായി. ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയേക്കാള്‍ (നാലുലക്ഷം രൂപ) കൂടുതലായി മുഖ്യമന്ത്രിയുടെ ചാണകക്കുഴി നിര്‍മ്മിക്കാന്‍. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും ഓഫിസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിര്‍ദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നല്‍കും. അടിയന്തരമായി ചെയ്യേണ്ട ജോലികള്‍ ആയതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാര്‍ക്ക് നിര്‍മാണച്ചുമതല കൈമാറുകയാണു പതിവ്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനത്തിനു വിധേയമാകുന്നതും ഇത്തരം അറ്റകുറ്റപ്പണികളുടെയും മോടിപിടിപ്പിക്കലിന്റെയും പേരിലാണ്.
ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നിര്‍മ്മിച്ചതായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെ വേട്ടയാടിയ മുഖ്യ വിമര്‍ശനങ്ങളില്‍ ഒന്ന്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍തുക മുടക്കി മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിച്ചതു വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും കൂടുതല്‍ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേയ്ക്കു മാറിയിരുന്നു. കോടിയേരി 17 ലക്ഷ രൂപയും ദിവാകരന്‍ 11 ലക്ഷ രൂപയുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്. നവീകരണം വിവാദമായതിത്തെുടര്‍ന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ നിയോഗിച്ചു.
മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് നിര്‍ദ്ദേശിച്ച പ്രകാരമായിരുന്നു അറ്റകുറ്റപ്പണിയെന്നായിരുന്നു രേഖാസഹിതം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ അറിയിച്ചത്. എന്നാല്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ പണി ചെയ്തെന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോള്‍ മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ ചെവാക്കിയത്.