തിരുവനന്തപുരം: കേരളാ പോലീസില്‍ അഴിച്ചു പണി ഉടന്‍. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിഥിന്‍ അഗര്‍വാളിനെ കേരള കേഡറിലേക്കു മടക്കിയ സാഹചര്യത്തിലാണ് അഴിച്ചു പണി അനിവാര്യതയാകുന്നത്. 17 എസ്പിമാര്‍ക്ക് ഐപിഎസ് കൂടി ലഭിച്ച സാഹചര്യവും ഉന്നത നേതൃത്വത്തിലെ മാറ്റങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

ഐപിഎസ് ലഭിച്ച 17 പേരും പൊലീസ് ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യും. ഇതില്‍ 11 പേര്‍ വിരമിച്ചവരാണ്. ഇവര്‍ക്ക് ഉടന്‍ നിയമനം നല്‍കണം. ഈ സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു സ്ഥാനചലനം ഉണ്ടാകും. ഡപ്യൂട്ടേഷന്‍ റദ്ദാക്കി കേരള കേഡറിലേക്കു മടങ്ങാന്‍ ഡിജിപി റാങ്കിലുള്ള നിഥിന്‍ അഗര്‍വാളിന് ഒരു ദിവസത്തെ സാവകാശം പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. സ്ഥാനമൊഴിഞ്ഞെങ്കിലും 2 മാസം അവധിയെടുക്കാനാണ് നിതിന്‍ അഗര്‍വാളിന്റെ നീക്കം.

അതിന് ശേഷം അഗര്‍വാള്‍ കേരളത്തില്‍ എത്തൂ എന്നാണു സൂചന. കേരളത്തിനു കേന്ദ്രം അനുവദിച്ച 4 ഡിജിപി തസ്തികയും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയില്‍ അല്ല. അതുകൊണ്ട് തന്നെ അഗര്‍വാളിന്റെ പദവിയില്‍ സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധിയുണ്ട്. അല്ലാത്ത പക്ഷം ബവ്‌കോ എംഡി എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ഡിജിപി പദവി ലഭിക്കേണ്ടതായിരുന്നു. ഇനി സഞ്ജീവ് കുമാര്‍ പട്‌ജോഷി ഡിസംബര്‍ 31നു വിരമിക്കുമ്പോള്‍ മാത്രമേ യോഗേഷിനു ഡിജിപി റാങ്ക് ലഭിക്കൂ.

മേയ് ഒന്നിനു എഡിജിപി മനോജ് ഏബ്രഹാമിനും ഡിജിപി പദവി ലഭിക്കും. ഡപ്യൂട്ടേഷന്‍ കാലാവധി കഴിയുന്ന എസ്പിജി ഡയറക്ടര്‍ സുധേഷ് കുമാറും കേരളത്തിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. സ്വയം വിരമിക്കല്‍ സ്വീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി ടി.കെ.വിനോദ് കുമാര്‍ 10ന് പടിയിറങ്ങും. ഈ സാഹചര്യത്തില്‍ ഐജി, എഡിജിപി തലത്തിലും മാറ്റങ്ങള്‍ വരും.