തിരുവനന്തപുരം: യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക് വരില്ല. രണ്ടാമത്തെ ബലാത്സംഗ കേസ് കൂടിയുള്ള സാഹചര്യത്തിലാണ് ഇത്. ഇതിനൊപ്പം ഹൈക്കോടതിയിലെ കേസില്‍ അന്തിമ വിധിയും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തല്‍കാലം പുറത്തേക്ക് വരില്ല. ഹൈക്കോടതി കേസ് 15ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

രാഹുല്‍ മുമ്പ് നല്‍കിയ അപേക്ഷ സെഷന്‍സ് കോടതി തള്ളുകയും അറസ്റ്റ് ചെയ്യാമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയ്ക്ക് എതിരെ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദിച്ചാണ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. പത്ത് ദിവസമായി രാഹുല്‍ ഒളിവിലാണ്. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലും ബംഗളുരു നഗരത്തിന് പുറത്തുള്ള ആഡംബരവില്ലയിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. എല്ലാ സഹായവുമെത്തിക്കുന്നത് ചില റിയല്‍ എസ്റ്റേറ്റുകാരാണെന്നും സൂചന ലഭിച്ചിരുന്നു. കേരളാ പോലീസ് സംഘം രാഹുലിനെ കണ്ടെത്താനായി ബംഗ്ലൂരുവിലുണ്ടായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തോടെ ആ പോലീസ് സംഘത്തെ തിരിച്ചു വിളിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയ്ക്ക് ശേഷമാകും ഇനി കൂടുതല്‍ പരിശോധനകള്‍.

ഒളിവില്‍ പോകാന്‍ സഹായിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇത്തരം നടപടികളും തല്‍കാലം ഉണ്ടാകില്ല. രാഹുലിനെ രക്ഷപെടാന്‍ സഹായിച്ച പാലക്കാട് ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് ഫസലിനെതിരെയും ഡ്രൈവര്‍ ആല്‍ബിനെതിരെയും കേസെടുത്തിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും.. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കുക. ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തുമ്പോഴാണ് രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് പ്രോസിക്യൂഷനും തിരിച്ചടിയായി. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കോടതി ചേര്‍ന്നയുടന്‍ രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങള്‍ തങ്ങള്‍ക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന് പരിഗണിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.

യുവതിയെ ബലാല്‍സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി പരാതി നല്‍കിയതാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ആരോപണം ബലാല്‍സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ് എന്നും ഹര്‍ജിയില്‍ പറയുന്നു.