കൊച്ചി: സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണവുമായി സഹകരിക്കുന്ന കേരളത്തിലെ റൈസ് മില്ലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും. ജനപ്രതിനിധികളുടെ ഉറപ്പിന്മേല്‍ ഓരോ വര്‍ഷവും സഹകരിക്കുന്ന മില്ലുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്‍ (കെ.ആര്‍.എം.എ) സങ്കടം പറയുന്നു.

നെല്ലുസംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മില്ലുകളില്‍ പലതും ബാങ്ക് ജപ്തി ഭീഷണിയിലാണ്. നിലവില്‍ ആറ് മില്ലുകള്‍ വന്‍ കടക്കെണിയിലാണ്. രണ്ട് മില്ലുകളുടെ ബാങ്ക് ഗ്യാരണ്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റും സപ്ലൈകോ കണ്ടുകെട്ടി ഉത്തരവിറക്കിയിട്ടുണ്ട്. ഈ മില്ലുകള്‍ക്ക് 17 കോടിയും 11 കോടിയുമാണ് സപ്ലൈകോ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നത്. കരാറില്‍ ഒപ്പിട്ടാല്‍ കെണിയില്‍ അകപ്പെടുന്ന നിലവിലെ സ്ഥിതി ദുസ്സഹമാണെന്നും സര്‍ക്കാര്‍ കണ്ണുതുറക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.

തുടക്കം 112 മില്ലുകള്‍, ഇന്ന് 53 മാത്രം

നെല്ലുസംഭരണ സംവിധാനം 2005-ല്‍ ആരംഭിച്ചപ്പോള്‍ 112 ഓളം മില്ലുകള്‍ ഈ പ്രക്രിയയുടെ ഭാഗമായിരുന്നു. എന്നാല്‍, നിസ്സാരമായ കൈകാര്യചെലവും, ഒരു ക്വിന്റല്‍ നെല്ലിന് 68 കി.ഗ്രാം അരി തിരികെ നല്‍കണമെന്ന നിബന്ധനയും കാരണം വന്‍ നഷ്ടം സംഭവിച്ച് നിരവധി മില്ലുകള്‍ പൂട്ടി. ബാങ്ക് ജപ്തി മൂലം നാമാവശേഷമാവുകയും ചെയ്തു. നിലവില്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നത് 53 മില്ലുകള്‍ മാത്രമായി ചുരുങ്ങിയ സാഹചര്യത്തിലാണ് അസോസിയേഷന്‍ യഥാര്‍ഥ വസ്തുത സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഔട്ട് ടേണ്‍ റേഷ്യോ: സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു

മില്ലുടമകളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി 2016 ഒക്ടോബര്‍ 3-ന് സര്‍ക്കാര്‍തല കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന്, 2017 മെയ് 8-ന് കമ്മിറ്റി ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും, നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം 2017 ഒക്ടോബര്‍ 4-ന് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു.

സംസ്‌കരണ കൂലി 272 രൂപയായി വര്‍ധിപ്പിക്കുമെന്നും, കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം 68 കി.ഗ്രാം അരി തിരികെ നല്‍കേണ്ട സ്ഥാനത്ത്, കേരളത്തിലെ പ്രത്യേക കൃഷിരീതിയും, കാലാവസ്ഥ സാഹചര്യങ്ങളും അനുസരിച്ച് 64 കി.ഗ്രാം അരി മാത്രമാണ് ലഭിക്കുന്നത് എന്ന കമ്മിറ്റിയുടെ കണ്ടെത്തല്‍ അംഗീകരിക്കുമെന്നും സര്‍ക്കാര്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ഔട്ട് ടേണ്‍ റേഷ്യോ 64 കി.ഗ്രാം ആക്കി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാമെന്നും, അതുവരെ മില്ലുകള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താന്‍, കേന്ദ്ര സര്‍ക്കാര്‍ 64.5% ആക്കി കുറയ്ക്കുന്നത് വരെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന ഉത്തരവ് 2018 ഓഗസ്റ്റ് 18-ന് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍, 64.5% ആയി നിശ്ചയിച്ച ഈ സര്‍ക്കാര്‍ ഉത്തരവ് ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി.

മന്ത്രിമാരുടെ ഉറപ്പ്

കോടതി ഉത്തരവിനെ തുടര്‍ന്ന് മില്ലുടമകള്‍ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കരാറില്‍ ഏര്‍പ്പെടാതെ നിസ്സഹകരണം ആരംഭിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം 2022 സെപ്റ്റംബര്‍ 28-ന് ധന, ഭക്ഷ്യമന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ നയം 64.5% ല്‍ തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. റദ്ദാക്കിയ കോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട് എന്നും വിധി അനുകൂലമാണെങ്കില്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.

ഈ ഉറപ്പിന്മേലാണ് മില്ലുടമകള്‍ നെല്ലുസംഭരണത്തിനായി വീണ്ടും കരാറില്‍ ഒപ്പുവെച്ചതും നെല്ല് സംഭരണം ആരംഭിച്ചതും. പിന്നീട് സര്‍ക്കാരും അസോസിയേഷനും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ 2022 ഡിസംബര്‍ 1-ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ 68% എന്നത് മാറ്റാനാവില്ലെന്നും, എന്നാല്‍ മില്ലുകള്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി.

വീണ്ടും കരാറുകള്‍, കൈകാര്യചെലവ് തടഞ്ഞുവെച്ചു

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെ, 2023 ജനുവരി 17-ന് വീണ്ടും നിസ്സഹകരണം ഉണ്ടായപ്പോള്‍, ഭക്ഷ്യ-ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഔട്ട് ടേണ്‍ റേഷ്യോ നിലവില്‍ നല്‍കിവരുന്ന 64.5% ആയി തന്നെ തുടരുമെന്ന് ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും ഉറപ്പ് ലഭിച്ചു. ഈ ഉറപ്പിന്മേലാണ് ഫെബ്രുവരി മുതല്‍ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടത്. സംസ്‌കരണത്തോത് 64.5% അംഗീകരിച്ച് കരാറിന്റെ ക്ലോസ് നമ്പര്‍ 40-ല്‍ പ്രത്യേക വ്യവസ്ഥയായി ചേര്‍ക്കുകയും അതിനുശേഷം അരി വിട്ടെടുപ്പ് നടത്തുകയും ചെയ്തു.

എന്നാല്‍, കോടതി ഉത്തരവിനുശേഷം ഔട്ട് ടേണ്‍ റേഷ്യോ സംബന്ധിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് 2023 മെയ് മാസം മുതല്‍ നല്‍കുവാനുള്ള മില്ലുകളുടെ കൈകാര്യചെലവ് തുക സപ്ലൈകോ തടഞ്ഞുവെച്ചിരിക്കുകയാണ്. കൂടാതെ, മില്ലുകളില്‍ നെല്ല് എണ്ണാവുന്ന രീതിയില്‍ അട്ടിവെച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് 2024-25 സീസണിലെ കൈകാര്യചെലവുകളും തടഞ്ഞുവെച്ചിരിക്കുന്നു. ഓരോ വര്‍ഷവും കരാറില്‍ ഇപ്രകാരമുള്ള പുതിയ നിബന്ധനകള്‍ എഴുതിച്ചേര്‍ത്തുകൊണ്ട് മില്ലുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന രീതിയാണ് സപ്ലൈകോ നടത്തിക്കൊണ്ടിരിക്കുന്നത്.

9 വര്‍ഷമായി കൂലി വര്‍ധനയില്ല; കേന്ദ്ര സഹായവും മുടങ്ങി

സംസ്‌കരണ കൂലി

എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍തല കമ്മിറ്റി കണ്ടെത്തി അംഗീകരിച്ച കൈകാര്യചെലവ് വര്‍ധന ക്വിന്റലിന് 272 രൂപ എന്നത് ഇതുവരെ നടപ്പാക്കിയിട്ടില്ല. നിലവില്‍ ക്വിന്റലിന് 120 രൂപ മാത്രമാണ് മില്ലുകള്‍ക്ക് ലഭിക്കുന്നത്.

ഉയര്‍ന്ന ചെലവ്

ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വൈദ്യുതി, ലേബര്‍ ചാര്‍ജ് എന്നിവ കേരളത്തില്‍ മറ്റേത് സംസ്ഥാനത്തേക്കാളും വളരെ കൂടുതലാണ്. ഗോഡൗണ്‍ വാടക, ഇന്‍ഷുറന്‍സ് തുക, ബാങ്ക് പലിശ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്.

കേന്ദ്രഫണ്ട് മുടങ്ങി

കൈകാര്യചെലവ് വര്‍ധന ആവശ്യപ്പെട്ടപ്പോള്‍, മുഖ്യമന്ത്രി ട്രാന്‍സ്‌പോര്‍ട്ടഷന്‍ ചാര്‍ജ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് മുഴുവനായി മില്ലുകള്‍ക്കു നല്കുമെന്നറിയിച്ചിരുന്നു. എന്നാല്‍, സപ്ലൈകോ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതുമൂലം 2017 മുതല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഈ തുക വാങ്ങാതിരിക്കുകയോ അല്ലെങ്കില്‍ ലാപ്‌സായി പോകുകയോ ചെയ്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും വര്‍ദ്ധനവ് വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരേ കൂലിയാണ് കഴിഞ്ഞ 9 വര്‍ഷങ്ങളായി നല്‍കുന്നത്.

കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്റെ പ്രധാന ആവശ്യങ്ങള്‍

കുടിശ്ശിക ഉടന്‍ നല്‍കുക

2022-23, 2024-25 വര്‍ഷത്തെ കൈകാര്യചെലവ് കുടിശിക എത്രയും പെട്ടെന്ന് നല്‍കണം. ഔട്ട് ടേണ്‍ റേഷ്യോ സര്‍ക്കാര്‍ കണ്ടെത്തിയ 64.5 % ആയി തുടരണം.

കൂലി വര്‍ധന

കമ്മിറ്റി കണ്ടെത്തി അംഗീകരിച്ച ക്വിന്റലിന് 272 രൂപ എന്ന കൈകാര്യചെലവ് ഉടന്‍ നടപ്പിലാക്കണം.

ജിഎസ്ടി ഒഴിവാക്കുക

2017-2021 കാലയളവിലെ കൈകാര്യ ചിലവിന് മുഴുവനായി ജിഎസ്ടി അടയ്ക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് മില്ലുകളെ ഒഴിവാക്കണം.

സ്റ്റോറേജ് ഒഴിവാക്കുക

സപ്ലൈകോ പ്രൊക്യൂര്‍മെന്റ് സെന്റര്‍ ആരംഭിക്കുകയും നെല്ല് സ്റ്റോറേജ് ഏറ്റെടുക്കുകയും ചെയ്യണം. മില്ലിങ് ചെയ്യുന്നതിന് ആവശ്യമായ നെല്ല് മാത്രം മില്ലുകള്‍ക്ക് അലോട്ട് ചെയ്യുന്ന രീതി അവലംബിക്കണം.

അരി വിട്ടെടുപ്പ്

മില്ലുകളില്‍ നിന്നും സംസ്‌കരിച്ച അരി എടുത്തുമാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണം. അരി വിട്ടെടുപ്പു സമയബന്ധിതമായി നടത്താത്തത് മില്ലുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

എഫ്ആര്‍കെ ഗുണനിലവാര പരിശോധന

FRK (Fortified Rice Kernel)യുടെ ക്വാളിറ്റി പരിശോധന സപ്ലൈകോ തന്നെ ഉറപ്പുവരുത്തണം. FRKയുടെ ക്വാളിറ്റി കുറവുമൂലം അരി തിരിച്ചെടുക്കേണ്ടി വന്നാല്‍ ചെലവ് മുഴുവന്‍ സപ്ലൈകോ വഹിക്കണം.

നെല്ല് കൃഷി ചെയ്യുന്നതുപോലെതന്നെ നെല്ല് സംസ്‌കരിച്ച് അരിയാക്കുന്നതും പ്രധാനമാണെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍പോലെതന്നെ മില്ലുകളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഒരു വ്യവസായം പൂട്ടുമ്പോള്‍ എത്ര തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയില്‍ ആകുന്നത് എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കണമെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസ്സോസിയേഷന്‍ അദ്ധ്യക്ഷന്‍ കെ.കെ. കര്‍ണന്‍ ആവശ്യപ്പെടുന്നത്.