- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിലെ തീവണ്ടി പാളങ്ങളിൽ പച്ചക്കൊടി വീശി മോദി സർക്കാർ; വരുന്നത് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ്സുകൾ; സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഇനി ചീറിപ്പായാം; ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പുത്തൻ വണ്ടികൾ; ഗുരുവായൂർ പാസഞ്ചറും ദേ..റെഡി; ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഇവയുൾപ്പെടെ ആറ് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണവും, അമൃത് ഭാരത് പദ്ധതി പ്രകാരം വികസിപ്പിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ നടക്കും.
കേരളത്തിന് അനുവദിച്ച ട്രെയിനുകളിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടുന്നു. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നിവയാണ് കേരളത്തിന് ലഭിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ. ഗുരുവായൂർ-തൃശൂർ പാസഞ്ചറാണ് നാലാമത്തെ പുതിയ ട്രെയിൻ.
ദിവസവും സർവീസ് നടത്തുന്ന ഗുരുവായൂർ-തൃശൂർ പാസഞ്ചർ വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് തിരിച്ച് 8.45ന് ഗുരുവായൂരിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ, തമിഴ്‌നാടിന് അനുവദിച്ച നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് എന്നീ രണ്ട് അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നവയിൽ ഉൾപ്പെടും.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ എന്നീ സ്റ്റേഷനുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിട്ടുള്ളത്. ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പുതിയ ട്രെയിനുകളും വികസന പദ്ധതികളും കേരളത്തിലെ റെയിൽ ഗതാഗത മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ആദ്യഘട്ടത്തിൽ ഒൻപത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചപ്പോൾ കേരളം ഒഴിവാക്കപ്പെട്ടതിൽ വലിയ നിരാശയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് ട്രെയിനുകൾ ഒരുമിച്ച് ലഭിച്ചത് യാത്രക്കാർക്ക് വലിയ ആവേശമാണ് നൽകുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് കൂടുതൽ റെയിൽവേ പദ്ധതികൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി എത്തുന്നതോടെ കേരളത്തിന്റെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.


