തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കാറ്റില്‍ പറത്തിക്കൊണ്ട് സംസ്ഥാനത്ത് ഫയല്‍ നീക്കം പൂര്‍ണ്ണമായും നിലച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, സെക്രട്ടേറിയറ്റിലും വിവിധ വകുപ്പ് അദ്ധ്യക്ഷന്‍മാരുടെ ഓഫീസുകളിലുമായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏഴുലക്ഷം പിന്നിട്ടിരിക്കുകയാണ്. ഭരണമാറ്റമുണ്ടാകുമോ അതോ തുടര്‍ഭരണം വരുമോ എന്ന ചര്‍ച്ചകളിലും ആശങ്കകളിലും ഉദ്യോഗസ്ഥര്‍ മുഴുകിയതോടെ സാധാരണക്കാരന്റെ പരാതികളും അപേക്ഷകളും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

ഈ മെല്ലെപ്പോക്കിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിലനില്‍ക്കുന്നത്:അനിശ്ചിതത്വം: സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മാത്രം ഫയലുകളില്‍ നടപടി എടുത്താല്‍ മതിയെന്ന ചിന്താഗതിയാണ് മിക്കവാറും ഓഫീസുകളില്‍.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും സ്ഥലംമാറ്റവും: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം നടന്നത് ഫയല്‍ പഠനത്തെയും തീര്‍പ്പാക്കലിനെയും ബാധിച്ചു. ഇതിനുപുറമെ, റവന്യൂ വകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളിലെ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ജോലികളിലേക്ക് നിയോഗിക്കപ്പെട്ടതും ഓഫീസുകളുടെ പ്രവര്‍ത്തനത്തെ തളര്‍ത്തി.

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രത്യേക അദാലത്തുകള്‍ക്കും പൂര്‍ണ്ണമായ ഫലം കാണാനായില്ല. സെക്രട്ടേറിയറ്റില്‍ 52 ശതമാനവും വകുപ്പ് മേധാവികളുടെ തലത്തില്‍ 60 ശതമാനവും ഫയലുകള്‍ മാത്രമാണ് തീര്‍പ്പായത്.കണക്കുകളിലെ കള്ളക്കളികള്‍സെക്രട്ടേറിയറ്റില്‍ മാത്രം ഏകദേശം 3,05,555 ഫയലുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ പകുതിയോളം ഫയലുകള്‍ ഇനിയും വെളിച്ചം കണ്ടിട്ടില്ല.

ഐ.ടി വകുപ്പ് വഴി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പ്രത്യേക പോര്‍ട്ടല്‍ സംവിധാനവും എങ്ങുമെത്താത്തത് ഡിജിറ്റല്‍ ഗവേണന്‍സ് എന്ന ലക്ഷ്യത്തിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ വരും മാസങ്ങളിലും ഫയലുകള്‍ക്ക് മോചനമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും അവ വന്‍ പരാജയമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടന്ന 3,05,555 ഫയലുകളില്‍ വെറും 1,58,336 എണ്ണം (52%) മാത്രമാണ് തീര്‍പ്പായത്. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടന്ന 9,09,778 ഫയലുകളില്‍ 5,49,267 എണ്ണം (60%) മാത്രമാണ് അദാലത്തിലൂടെ പരിഹരിക്കപ്പെട്ടത്. അദാലത്തിന് ശേഷവും ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഭരണപരിഷ്‌കാര വകുപ്പ് 16 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.