- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാനം മുതല്‍ ഹൃദയം വരെ; പ്രേക്ഷകര്‍ കാണും മുന്‍പേ 'ജനപ്രിയങ്ങളായ സിനിമ'കളുടെ പട്ടിക നീളും; സംസ്ഥാനപുരസ്കാരത്തിലെ ജനപ്രിയം പേരിലൊതുങ്ങുന്നതോ?
തിരുവനന്തപുരം: 2024 ല്‍ തിയേറ്ററിലെത്തിയ ആടുജീവിതത്തിന് 2023 ലെ കലാമൂല്യവും ജനപ്രിതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ചില ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.പുരസ്‌കാരത്തിനര്‍ഹമായ ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലസിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.സാങ്കേതിക പരമായി ആരോപണം ശരിയാണെന്നും അവാര്‍ഡ് പിന്‍വലിച്ചാല്‍ പ്രശ്നമൊന്നുമില്ലെന്നുമായിരുന്നു ബ്ലസിയുടെ പ്രതികരണം.എന്നാല്‍ സംസ്ഥാന പുരസ്‌കാരത്തിലെ നാളിതുവരയെുള്ള ജനപ്രിയ ചിത്രങ്ങളുടെ പുരസ്‌കാര പട്ടിക പരിശോധിച്ചാല്‍ ഈ 'സാങ്കേതിക പ്രശ്നം' ഇതിനു മുന്‍പും ആവര്‍ത്തിച്ചതായി കാണാം. കേരളത്തിന്റെ […]
തിരുവനന്തപുരം: 2024 ല്‍ തിയേറ്ററിലെത്തിയ ആടുജീവിതത്തിന് 2023 ലെ കലാമൂല്യവും ജനപ്രിതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ചില ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.പുരസ്‌കാരത്തിനര്‍ഹമായ ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലസിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.സാങ്കേതിക പരമായി ആരോപണം ശരിയാണെന്നും അവാര്‍ഡ് പിന്‍വലിച്ചാല്‍ പ്രശ്നമൊന്നുമില്ലെന്നുമായിരുന്നു ബ്ലസിയുടെ പ്രതികരണം.എന്നാല്‍ സംസ്ഥാന പുരസ്‌കാരത്തിലെ നാളിതുവരയെുള്ള ജനപ്രിയ ചിത്രങ്ങളുടെ പുരസ്‌കാര പട്ടിക പരിശോധിച്ചാല്‍ ഈ 'സാങ്കേതിക പ്രശ്നം' ഇതിനു മുന്‍പും ആവര്‍ത്തിച്ചതായി കാണാം.
കേരളത്തിന്റെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ ഈ സാങ്കേതിക പിഴവിനെ ചര്‍ച്ചയില്‍ കൊണ്ടുവന്നതെന്ന് മാത്രം.അല്ലാത്തപക്ഷം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇതും ശ്രദ്ധിക്കപ്പെടാതെ പോയേനെ. 2024 ല്‍ പ്രഖ്യാപിക്കുന്ന പുരസ്‌കാരത്തില്‍ പരിഗണിക്കുന്നത് തൊട്ടുമുന്‍പത്തെ വര്‍ഷം സെന്‍സര്‍ ചെയ്യുകയോ റിലീസ് ചെയ്യുകയോ ചെയ്ത ചിത്രമാണ്.
മറ്റ് അവാര്‍ഡുകളുടെ കാര്യത്തില്‍ ഇതില്‍ പ്രശ്നവുമില്ല.പക്ഷെ പേരിലെങ്കിലും ജനപ്രിയം എന്ന വാക്കുള്ള ഈ പുരസ്‌കാരത്തിന് ഈ മാനദണ്ഡം ഒരു പ്രശ്നമാണ്.കാരണം സെന്‍സര്‍ ചെയതത് കൊണ്ട് ചിത്രം അതേ വര്‍ഷം റിലീസ് ആവണമെന്നില്ല.പക്ഷെ അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യും.അങ്ങിനെ വരുമ്പോള്‍ ജനങ്ങള്‍ കാണാത്ത ഒരു ചിത്രം എങ്ങിനെ ജനപ്രിയമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
ആടുജീവിതത്തിന്റെ മുന്‍ഗാമികള്‍
ആടുജീവിതത്തിന് മുന്‍പ് അഞ്ചോളം സിനിമകള്‍ക്ക് ഇത്തരത്തില്‍ പ്രേക്ഷകര്‍ കാണുന്നതിന് മുന്‍പ് ജനപ്രിയമായി ആദരിക്കപ്പെടാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.1981 ലെ ഗാനം,പെരുന്തച്ചന്‍,കുലം,ഹൃദയം എന്നീ ചിത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പെ അവാര്‍ഡ് ലഭിച്ചത്.1982 ല്‍ പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍ തൊട്ടുമുന്നത്തെ വര്‍ഷത്തെ അതായത് 1981 ലെ കലാമൂല്യവും ജനപ്രിതിയുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് അമ്പരീഷ് ലക്ഷ്മി എന്നിവര്‍ മുഖ്യകഥാപാത്രമായി എത്തിയ ഗാനം എന്ന ചിത്രമായിരുന്നു.81 ലെ അവാര്‍ഡ് ലഭിച്ച ചിത്രം പക്ഷെ തിയേറ്ററിലെത്തിയത് 1982 ഏപ്രില്‍ 8 ന് ആയിരുന്നു.
മറ്റൊരു ഉദാഹരണം എംടി വാസുദേവന്‍ നായരെഴുതി അജയന്‍ സംവിധാനം ചെയ്ത തിലകന്‍ പ്രധാനവേഷത്തിലെത്തിയ പെരുന്തച്ചന്‍ ആയിരുന്നു.1990 ലെ കലാമൂല്യമുളള ജനപ്രിയ ചിത്രമായിരുന്ന പെരുന്തച്ചന്‍ പക്ഷേ തീയറ്ററിലെത്തിയത് 1991 ജനുവരി 25 നാണ്.എങ്കിലും റീലീസുശേഷം നല്ല ജനപ്രീതി നേടിയിരുന്നു.മറ്റ് അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.മൂന്നാമത്തെ ചിത്രം ലെനിന്‍ രാജേന്ദ്രന്റെ കുലമാണ്. 1996 ലെ കലാമൂല്യമുളള ജനപ്രിയ അവാര്‍ഡ് ചിത്രമായ കുലം തീയറ്ററിലെത്തിയത് 1997 ഫെബ്രുവരി 6 ന്. സുരേഷ് ഗോപി, ഭാനുപ്രിയ, തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍
ഇതൊക്കെ കുറച്ച് മുന്‍പത്തെ സംഭവങ്ങളാണെങ്കില്‍ സമീപകാലത്തും ഇതേ രീതിയില്‍ സംസ്ഥാന അവാര്‍ഡില്‍ പുരസ്‌കാരം നല്‍കിയിട്ടുണ്ട്.വിനിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഹൃദയത്തിന് പുരസ്‌കാരം ലഭിച്ചതിലും ഈ സാങ്കേതിക പിഴവ് കാണാം.2021 വര്‍ഷത്തെ മികച്ച കലാമൂല്യമുളള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന് ലഭിച്ചു. പക്ഷേ ചിത്രം റിലീസ് ചെയ്തത് 2022 ജനുവരി 21 നാണ്.
ഇങ്ങനെ ആടുജീവിതത്തിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ കേരളസംസ്ഥാന ചലചിത്ര അവാര്‍ഡില്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്.
ചില സാഹചര്യങ്ങളില്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുവെന്ന് മാത്രം.
ആദ്യപുരസ്‌കാരം മുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന ജനപ്രിയം
ഇത്തരമൊരു വിഭാഗം സംസ്ഥാന പുരസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം മുതല്‍ തന്നെ ഈ പുരസ്‌കാരം വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നതായി കാണാം.1976 മുതലാണ് കലാമൂല്യമുളള ജനപ്രിയവുമായ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നല്‍കി തുടങ്ങുന്നത്.ഈ വിഭാഗത്തില്‍ ആദ്യമായി അവാര്‍ഡ് നേടിയ ചിത്രം (1976) സ്വാമി അയ്യപ്പനായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാന്റിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്. 1997 വരെ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നേരിട്ടാണ് അവാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നത്.1998 മുതല്‍, സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്.
ജനപ്രിയമെന്ന് പറയുമ്പോഴും ഒരു സിനിമയുടെ സാമ്പത്തിക വിജയം ഈ പുരസ്‌കാരത്തെ സ്വാധീനിച്ചിട്ടില്ല.പുരസ്‌കാരത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തവുമാണ്.ബോക്സ് ഓഫീസില്‍ വലിയ പരാജയമായ ചിത്രങ്ങള്‍ക്കും ജനപ്രിയ ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.തിയേറ്ററുകളില്‍ ചലനമുണ്ടാക്കിയ ചിത്രമായിരുന്നില്ല കുലം. പുതുമുഖങ്ങളെ അവതരിപ്പിച്ച് ഫാസില്‍ സംവിധാനം ചെയ്ത 'എന്നെന്നും കണ്ണേട്ടന്റെ' തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും 1984 ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഇത് അക്കാലത്ത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
മറ്റൊരു ഉദാഹരണമായിരുന്നു ദേവദൂതന്‍ റീ റീലീസ് സമയത്ത് സിബിമലയില്‍ തന്നെ പങ്കുവെച്ച അനുഭവം.ദേവദൂതന്‍ ഇറങ്ങിയ വര്‍ഷം ആ ചിത്രമായിരുന്നു ജനപ്രിയ ചിത്രം.പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയ ചിത്രം എങ്ങിനെ ജനപ്രിയ ചിത്രമാകുമെന്നാണ് അന്ന് താന്‍ ചിന്തിച്ചിരുന്നതെന്നും അ പുരസ്‌കാരം തന്നെ ഒട്ടും സന്തോഷിപ്പിച്ചില്ലെന്നും സിബിമലയില്‍ തുറന്ന് പറഞ്ഞത് ആഴ്ച്ചകള്‍ക്ക് മുന്‍പാണ്.2001 മുതലാണ് തീയറ്ററിലെത്തി വാണിജ്യപരമായി ഹിറ്റായ ചിത്രങ്ങള്‍ക്ക് മുന്‍ഗണന കിട്ടിത്തുടങ്ങിയത്.ആ വര്‍ഷം പുരസ്‌കാരം നേടിയത് രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു ആയിരുന്നു.
എങ്കിലും പിന്നീടും അത് അതേപടി തുടര്‍ന്നുവെന്നും പറയാന്‍ പറ്റില്ല.പുലിമുരകന്‍ ഹിറ്റായ വര്‍ഷം പുരസ്‌കാരം നേടിയത് മഹേഷിന്റെ പ്രതികാരമായിരുന്നു.ഇങ്ങനെ നിരവധി തവണ ഈ പുരസ്‌കാരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.സിനിമകളുടെ പേരുകള്‍ക്കപ്പുറം അവാര്‍ഡിന്റെ മാനദണ്ഡങ്ങളാണ് ഈ അവസരത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടത്.പ്രത്യേകിച്ചും ജനപ്രിയ ചിത്രങ്ങളുടെത്.ഒരു ജൂറി തന്നെ മുഴുവന്‍ സിനിമയും കണ്ടിരുന്നിടത്ത് നിന്ന് രണ്ട് ലെവല്‍ കാഴ്ച്ചയിലേക്ക് സര്‍ക്കാര്‍ മാനദണ്ഡം പരിഷ്‌കരിച്ചിട്ട് അധികം വര്‍ഷങ്ങളൊന്നുമായിട്ടില്ല. അതേപോലെ അവാര്‍ഡിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യിന്ന ഇത്തരം 'സാങ്കേതിക പിഴവു'കള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാവണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യവും.