തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍രജിസ്ട്രാര്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഓഫീസ് ഫയലുകള്‍ നേരിട്ട് പരിശോധിച്ച വിസി ഡോ. സിസാ തോമസിനെ സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞുവച്ചു.

പി ആര്‍ ഓ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പങ്കെടുത്ത പൊതു പരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാള്‍ രജിസ്ട്രാര്‍ റദ്ദ് ചെയ്തതെന്ന ഹര്‍ജിക്കാരനായ സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ വിശദീകരണത്തിന്റെ നിജ സ്ഥിതി പരിശോധിക്കുന്നതിനായി പി ആര്‍ ഓയുടെ ഓഫീസില്‍ നേരിട്ട് ചെന്ന് കമ്പ്യൂട്ടര്‍ പരിശോധിച്ച് സ്‌ക്രീന്‍ ഷോട്ട് എടുക്കവേ യാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസി യെ തടഞ്ഞത്.

വിസി സെക്ഷനില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും രജിസ്ട്രാര്‍ മുഖേന മാത്രമേ ഫയലുകള്‍ പരിശോധിക്കാന്‍ പാടുള്ളൂവെന്നുമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് വിസി യെ നേരിട്ട് കാണുവാന്‍ എത്തിയതാണെന്നും അംഗങ്ങള്‍ അറിയിച്ചു. ഏത് ഓഫീസില്‍ എപ്പോള്‍ പോകണമെന്നും ഏത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും വിസിയെ കാണണമെങ്കില്‍ അംഗങ്ങള്‍ വിസി യുടെ ചേമ്പറില്‍ വരുവാനും സിസാ തോമസ് നിര്‍ദ്ദേശിച്ചു.

വിസി ചേമ്പറില്‍ എത്തിയശേഷം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയെ നേരില്‍ കണ്ട് സിന്‍ഡിക്കേറ്റ് യോഗം ഉടനടി ചേരണമെന്ന് 16 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കി. അതിനിടെ സിന്‍ഡിക്കേറ്റ് യോഗം അടിയന്തിരമായി ചേരേ ണ്ടതില്ലെന്ന ആവശ്യവൂമായി ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസി യുടെ ചേമ്പറില്‍ കയറിയത് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും ബിജെപി അംഗങ്ങളുമായ ഏറ്റുമുട്ടലിന് കാരണമായി.

രണ്ടു കൂട്ടരേയും സമാധാനിപ്പിച്ച് വിസി അവരെ ചേമ്പറില്‍ നിന്ന് പുറത്താക്കി. സിന്‍ഡിക്കേറ്റ് യോഗം ചേരുന്ന കാര്യം പരിഗണിക്കാമെന്ന് വിസി ഇടത് അംഗങ്ങളെ അറിയിച്ചു. യോഗ തീയതി നിശ്ചയിക്കാന്‍ വിസി തയ്യാറായില്ല. യോഗം ചേരണമെന്ന നിവേദനം കൈപ്പറ്റിയതായ രേഖ വിസി നല്‍കി.

അതിനിടെ സര്‍വകലാശാലയ്ക്ക് വേണ്ടി വിസി കോടതിയില്‍ ഫയല്‍ ചെയ്യുന്ന സ്റ്റേറ്റ്‌മെന്റ് തങ്ങള്‍ അംഗീകരിച്ചു മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നും അതു മാത്രമേ യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ വെന്നുമുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വിസി നിരാകരിച്ചു. വൈസ് ചാന്‍സലര്‍ നല്‍കേണ്ട സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്‌സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും, സര്‍വ്വകലാശാലയും വിസി യും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിസിക്കുവേണ്ടി സീനിയര്‍ അഭിഭാഷകനെ ചുമതല പെടുത്താനും വിസി ഉത്തരവിട്ടു.

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. തന്നെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലാ രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അടിയന്തര സ്റ്റേ അനുവദിക്കാതിരുന്ന കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാടിയപ്പോള്‍ അങ്ങനെ സസ്പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കേറ്റിന്റെ അനുമതി തേടിയാല്‍ പോരെ എന്ന സംശയം കോടതി ഉയര്‍ത്തി.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിലാണ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. സീനിയര്‍ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.