തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദം പുതിയ വഴിത്തിരിവില്‍. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

രാജ്ഭവന്‍ ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. വൈസ് ചാന്‍സിലര്‍ക്കോ ചാന്‍സിലര്‍ക്കോ രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാമെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി. രജിസ്ട്രാര്‍ ഡോ:കെ.എസ്.അനികുമാറിനെ യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വിസി ഡോ:മോഹനന്‍ കുന്നുമ്മേല്‍ ആണ് ഉത്തരവിട്ടത്. പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നല്‍കി.

അതേസമയം നടപടി ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പ്രതികരിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ നടപടിക്ക് ആധാരം. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം. രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും മോഹന്‍ കുന്നുമ്മല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. പരിപാടിയുടെ സംഘാടകരായ ശ്രീപത്മനാഭ സേവാസമിതിയുടെ പരാതി അതേരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചാണ് വിസിയുടെ റിപ്പോര്‍ട്ട്.

ഭാരതാംബ വിഷയത്തില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് വിവാദത്തില്‍ കക്ഷി ചേര്‍ന്നുള്ള കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ രജിസ്ട്രാര്‍ കൂട്ടുനിന്നു എന്നതാണ് വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിലെയും ആരോപണം.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലായിരുന്നു രജിസ്ട്രാറുടെ നടപടി. അനില്‍കുമാര്‍ ഉത്തരവാദിത്വ ബോധം കാട്ടിയില്ല. മത ചിഹ്നം പ്രദര്‍ശിപ്പിച്ചത് കൊണ്ടാണ് പരിപാടി തടഞ്ഞതെന്നാണ് രജിസ്ട്രാര്‍ പറഞ്ഞത്. എന്നാല്‍ എന്താണ് മത ചിഹ്നം എന്നോ ഏതു മതത്തിന്റെ ചിഹ്നം എന്നോ എന്നോ വ്യക്തമാക്കാന്‍ രജിസ്ട്രാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ വേദിയിലിരിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഗവര്‍ണ റോടുള്ള അനാദരമാണെന്നും സര്‍വകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും വിസിയുടെ വി സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാല്‍ ചടങ്ങ് അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു എന്ന സംഘാടകരുടെ ആരോപണവും അതേ പടി ഇട്ടുപിടിച്ചാണ് വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. രജസ്ട്രാര്‍ക്കെതിരേ നടപടി ലക്ഷ്യമിട്ടുള്ളതാണ് മോഹനന്‍ കുന്നുമ്മലിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സര്‍വകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളില്‍ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാറും ഗവര്‍ണരും രണ്ട് വഴിക്ക് നീങ്ങുന്നു എന്ന വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ സംഭവത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.