കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സ്വമേധയാ കേസെടുക്കാന്‍ സാധിക്കില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ല. മൊഴി നല്‍കിയവര്‍ പരാതിയുമായി മുമ്പോട്ട് വരണമെന്നും റിപ്പോര്‍ട്ടില്‍ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വനിതാകമ്മിഷനെ കക്ഷി ചേര്‍ത്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീദേവി.

പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കാന്‍ കഴിയൂവെന്നും വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. നേരത്തെ, പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. കക്ഷി ചേരാന്‍ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അത് ചെയ്യും. വിഷയത്തില്‍ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് കമ്മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖലയുള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിനെ കമ്മീഷന്‍ പിന്തുണക്കും.

സിനിമാ മേഖലയില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥയില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. മൊഴികള്‍ നല്‍കിയവര്‍ പരാതി നല്‍കാന്‍ മുന്നോട്ടു വരണം. ഏതു തൊഴില്‍ മേഖലയിലും ഇതുപോലെ സ്ത്രീകള്‍ ധൈര്യത്തോടെ പരാതിപ്പെടാന്‍ മുന്നോട്ടു വരണമെന്നാണ് കമ്മീഷന്‍ നിലപാടെന്നും സതീദേവി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെ ഉള്ള നിലപാട്. പരാതിക്കാര്‍ക്ക് നീതി കൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാന്‍ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുന്‍പിന്‍ വരാന്‍ താല്‍പര്യം ഉണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.