- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാപകലില്ലാതെ ജോലിയ്ക്കൊപ്പം മാനസിക-ശാരീരികപീഡനവും; ഭക്ഷണം ഒരു കുബൂസ് മാത്രം; ഏജന്‍സിയോട് പരാതി പറഞ്ഞതോടെ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍ക്ക് ഒപ്പം ഇരുട്ടുമുറിയില്‍; രക്ഷയായത് സുരേഷ് ഗോപിയുടെ ഇടപെടല്‍; കുവൈത്തില്‍ ഏജന്‍സിയുടെ ചതിയില്‍ തടവിലായ ജാസ്മിന്‍ നാട്ടില്‍ തിരിച്ചെത്തി
കുവൈത്തില്‍ ഏജന്‍സിയുടെ ചതിയില്‍ തടവിലായ ജാസ്മിന്‍ നാട്ടില്‍ തിരിച്ചെത്തി
ഇടുക്കി: കുവൈത്തില്‍ വീട്ടുജോലിക്കുപോയി ഏജന്‍സിയുടെ തടവിലായ ഇടുക്കി ബാലന്‍പിള്ള സിറ്റി സ്വദേശി വി.എം. ജാസ്മിന്‍ നാട്ടില്‍ തിരിച്ചെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് ജാസ്മിന്റെ മോചനത്തിന് തുണയായത്. ഭര്‍ത്താവ് മരിച്ചതോടെ ബാധ്യതയായ 12 ലക്ഷം രൂപയുടെ കടം വീട്ടാനാണ് നാലുമാസം മുന്‍പ് ജാസ്മിന്‍ കണ്ണൂര്‍ സ്വദേശിയായ ഏജന്റ് വഴി കുവൈത്തിലെത്തിയത്. പക്ഷേ എത്തിപ്പെട്ടതാകട്ടെ ദുരിതത്തിന്റെ മണലാരണ്യത്തിലേക്കും. ജോലിക്ക് നിന്ന വീട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ജോലിയില്‍ നിന്ന് മാറണമെന്ന് പലതവണ അപേക്ഷിച്ചിട്ടും ജാസ്മിനെ ഏജന്‍സിക്കാര്‍ കയ്യൊഴിഞ്ഞു. പിന്നീട് നിര്‍ബന്ധം പിടിച്ചതോടെ ജാസ്മിന്‍ ഏജന്‍സിയുടെ തടവിലായി. ആഹാരവും വെള്ളവുമില്ലാതെ 27 ദിവസം നേരിട്ടത് അതിക്രൂര പീഡനമായിരുന്നു.
സുഹൃത്ത് ലിഷാ ജോസഫാണ് ജാസ്മിന്റെ ദുരിതം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാര്‍ച്ച് 24 നാണ് വീട്ടുജോലിക്കായി ജാസ്മിന്‍ കുവൈറ്റിലേക്ക് പോയത്. കണ്ണൂര്‍ സ്വദേശിയായ മന്‍സൂറാണ് വിസ നല്‍കിയത്. എന്നാല്‍ ജാസ്മിനെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. കഠിനമായി ജോലി ചെയ്യിപ്പിച്ച വീട്ടുടമസ്ഥന്‍ ഭക്ഷണം പോലും കഴിക്കാന്‍ നല്‍കിയില്ല. കൂടാതെ കടുത്ത മാനസിക പീഡനവും. ഇതോടെ വീട്ടില്‍ നിന്നും മാറ്റണമെന്ന് ജാസ്മിന്‍ എജന്റിനോട് നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ ഏജന്റ് ആ വീട്ടില്‍ നിന്നും ജൂണ്‍ 12 ന് എജന്‍സിയുടെ ഓഫീസില്‍ എത്തിച്ചു. ഇവിടെ 17 ദിവസത്തോളം ജാസ്മിനെ പൂട്ടിയിട്ടു. ഏഴാം നിലയിലെ ഇടുങ്ങിയ മുറിയില്‍ വിദേശ വനിതകള്‍ അടക്കം നിരവധി പേരുണ്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും ജാസ്മിന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ നിര്‍ദ്ദേശപ്രകാരം കുവൈറ്റ് എംബസി ജാസ്മിനെ നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടക്കിയക്കുകയായിരുന്നു.കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഒരു കൂട്ടം മനുഷ്യരുടെയും കാരുണ്യത്തില്‍ ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ ആശ്വാസമുണ്ടെങ്കിലും ഇനിയെന്ത് ചെയ്യുമെന്ന ആശങ്കകൂടിയുണ്ട് ജാസ്മിന്റെ ഉള്ളില്‍.
കണ്ണൂര്‍ സ്വദേശിയായ മന്‍സൂറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാസ്മിന്‍ പറഞ്ഞു. സുഹൃത്തായ നെടുംകണ്ടം സ്വദേശിനി ലിസയോട്, ദുരിതങ്ങള്‍ വിവരിയ്ക്കാന്‍ സാധിച്ചതാണ് ജാസ്മിന്റെ മോചനത്തിലേയ്ക് വഴിതെളിച്ചത്. വിവരം ലിസ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. സമാനമായ തട്ടിപ്പിനിരയായി നിരവധിപേര്‍ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് ജാസ്മിന്‍ പറയുന്നു. കണ്ണൂരിലെ ഏജന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാസ്മിനും കുടുംബവും വ്യക്തമാക്കി.
നേരിട്ടത് കൊടിയ പീഡനം
ആദ്യം ജോലി ചെയ്ത വീട്ടില്‍ ക്രൂരമായാണ് ഉടമസ്ഥര്‍ പെരുമാറിയത്. ദിവസവും ഒരു കുബൂസ് മാത്രമായിരുന്നു ഭക്ഷണം. മാനസിക, ശാരീരിക പീഡനങ്ങള്‍ വേറെ. കുടിവെള്ളംപോലും ലഭിച്ചില്ല. രാപകലില്ലാതെ ജോലി. നന്നായി ഉറങ്ങാന്‍പോലും സാധിച്ചില്ല. ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അവിടെനിന്നും ഏജന്റിന്റെ അടുത്ത് തിരികെ എത്തിയത്. അവിടെ സ്ഥിതി ഇതിലും ഭീകരമായിരുന്നു. മറ്റൊരു തൊഴിലിടം നല്‍കാന്‍ ഏജന്‍സി തയ്യാറായില്ല. പകരം വെളിച്ചവും വായു സഞ്ചാരവും കുറഞ്ഞ ഇടുങ്ങിയ മുറിയില്‍ താമസിപ്പിച്ചു.
അവിടെ വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍. കൂട്ടത്തില്‍ മലയാളികളും. എല്ലാവരും സമാനമായ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍. നരകയാതന സുഹൃത്തായ നെടുങ്കണ്ടം സ്വദേശി ലിഷ ജോസഫിനെ അറിയിക്കാന്‍ കഴിഞ്ഞതാണ് മോചനത്തിന് വഴിയൊരുക്കിത്. ലിഷ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരമറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരും ഗള്‍ഫിലെ കുവൈത്ത് എംബസിയും മുഖേന മോചനം സാധ്യമായി. ജാസ്മിന്റെ ദുരവസ്ഥ അറിയാതെ ഇതേ ഏജന്റ് മുഖേന ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു ലിഷയും. എന്നാല്‍, ലിഷ ഏജന്റിന്റെ പക്കല്‍നിന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ തിരികെ വാങ്ങി. കണ്ണൂര്‍ സ്വദേശിയായ ഏജന്റിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.