തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. സംസ്ഥാനം കടന്നു പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ കേരളീയം വേണ്ടെന്ന് വെക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വന്‍തോതില്‍ ധനസമാഹരണം ഈ സാഹചര്യത്തില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടര്‍ന്ന് പദ്ധതി ചെലവുകള്‍ പകുതി വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവര്‍ഷവും കേരളീയം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയില്‍ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൂര്‍ണമായും കേരളീയം പരിപാടി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ തവണ നടത്തിയ കേരളീയം പരിപാടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച 11.47 കോടി രൂപ പരിപാടി ചെലവഴിച്ചു എന്നാണ് കണക്കുകളില്‍ പറയുന്നത്. ടൈം സ്‌ക്വയറിലെ വീഡിയോ പ്രദര്‍ശനത്തിന് 8.29 ലക്ഷം രൂപയാണ് ചിലവ് വന്നത്. 2023 നവംബറില്‍ ആയിരുന്നു കേരളിയം പരിപാടി. എക്സിബിഷന്‍ കമ്മിറ്റി 5.43 കോടി രൂപ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

25 ലക്ഷം രൂപയാണ് പബ്ലിസിറ്റി കമ്മിറ്റി ചിലവഴിച്ചത്. ആകെ എത്ര ചെലവായി എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ലെങ്കിലും നാലു കോടി അറുപത്തി മൂന്നു ലക്ഷം രൂപ കടമാണെന്നു പറയുന്നുണ്ട്. കടം വീട്ടാനായി ഈ തുക സര്‍ക്കാര്‍ അനുവദിച്ചെന്നും എല്‍ദോസ് കുന്നപ്പിള്ളിലിനു നല്‍കിയ മറുപടിയില്‍ പറയുന്നു. കോടികളൊഴുക്കി പ്രമുഖരേയും സെലിബ്രിറ്റികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ധൂര്‍ത്തെന്ന ആരോപണം അന്നേ ഉയര്‍ന്നതാണ്.

പ്രതിപക്ഷം കേരളീയം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ വീഡിയോ പോസ്റ്ററിനു എട്ടു ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരം രൂപ ചെലവായിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. വിവരപൊതുജനസമ്പര്‍ക്ക ഡയറക്ടറുടെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലാണ് സ്പോണ്‍സര്‍ഷിപ്പ് തുക എത്തിയത്. എന്നാല്‍ പണം നല്‍കിയവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.