ടെഹ്റാന്‍: യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യ മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെ (79) കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇറാാനിലെ മഷ്ഹദില്‍ ജനിച്ച ഇവര്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (IRIB) മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍ ഖൊജസ്‌തേ ബഗര്‍സാദെയുടെ സഹോദരിയാണ്. യുഎസ്-ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍ ടെഹ്റാനിലെ ഖമനേയിയുടെ വസതിയില്‍ മന്‍സൂറെയും ഉണ്ടായിരുന്നു.

1964-ലായിരുന്നു ഖമനേയിയുടെയും മന്‍സൂറെയുടെയും വിവാഹം. ആറ് മക്കളാണ് ഇവര്‍ക്കുള്ളത്. നാല് ആണ്‍മക്കളും (മുസ്തഫ, മൊജ്താബ, മസൂദ്, മെയ്‌സം) രണ്ട് പെണ്‍മക്കളും (ഹോദ, ബോഷ്‌റ).

പൊതുവേദിയില്‍ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയായിരുന്നു അവര്‍. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

1947-ല്‍ മഷ്ഹദില്‍ ഒരു മതപരമായ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. അവരുടെ പിതാവ് മൊഹമ്മദ് ഇസ്മായില്‍ ഖൊജസ്‌തേ ബഗര്‍സാദെ മഷ്ഹദിലെ ഒരു പ്രമുഖ വ്യവസായിയായിരുന്നു.

മക്കളില്‍, മുസ്തഫ ഖമനേയിക്ക് മതപഠനത്തിലാണ് ഏറെ താല്‍പ്പര്യം. മൊജ്താബ ഖമനേയി രാഷ്ട്രീയ തന്ത്രജ്ഞനാണ്. മസൂദ് ഖമേനി മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മെയ്‌സം ഖമനേയി പരമോന്നത നേതാവിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. ബോഷ്‌റ ഖമനേയി മൊഹമ്മദ് മൊഹമ്മദി ഗോള്‍പയേഗാനിയുടെ മകനെ വിവാഹം കഴിച്ചു. ഹോദ ഖമനേയി മൊഹമ്മദ് ബാഗര്‍ ബാഗേരിയുടെ മകനെ വിവാഹം കഴിച്ചു.

മന്‍സൂറെ ഒരു പൊതു വ്യക്തിത്വമല്ല, അവരുടെ കുടുംബജീവിതം വളരെ സ്വകാര്യമാണ്. ഇറാന്റെ രാഷ്ട്രീയത്തില്‍ മന്‍സൂറെയുടെ മക്കള്‍ക്ക് പ്രധാന പങ്കുണ്ട്.

ഖമനേയിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തിലെ മൂന്നംഗ താത്കാലിക സമിതി അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈന്‍ മൊഹ്‌സെനി എജെയ്, മുതിര്‍ന്ന പുരോഹിതനും ഖമനേയിയുടെ അടുത്ത അനുയായിയുമായ അലിറേസ അറാഫിയുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഖമനേയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും വരെ സമിതിക്കാണ് രാജ്യത്തിന്റെ ചുമതല. ഉടന്‍ തിരഞ്ഞെടുക്കുമെന്നാണ് സൂചന. അലിറേസയ്ക്കും ഖമനേയിയുടെ മകന്‍ രണ്ടാമത്തെ മകന്‍ സയ്യദ് മൊജ്തബാ ഹുസൈനിയ്ക്കും സാദ്ധ്യതയേറെയാണ്. ഖമനേയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.