- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവനവിടെ നല്ലപുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്; ഇത്രയും നീചമായ പ്രവര്‍ത്തി ചെയ്ത ഒരുത്തന് പരോള്‍ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനമല്ലേ? വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് 30 ദിവസം പരോള്‍ കിട്ടിയതിനെ വിമര്‍ശിച്ച് വിസ്മയയുടെ അച്ഛന്‍
കിരണ്‍ കുമാറിന് 30 ദിവസം പരോള്‍ കിട്ടിയതിനെ വിമര്‍ശിച്ച് വിസ്മയയുടെ അച്ഛന്‍
കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍. ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയില്‍ മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പരോള്‍.
വിധിയെന്ന് പറയാനല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്റെ ആദ്യപ്രതികരണം. 'അവനവിടെ നല്ലപുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്. അവനും ഒരു യൂണിഫോമിട്ടവനല്ലേ? കൊടി സുനിയുടെ കാര്യം എംഎല്‍എ പറയുന്നത് കേട്ടില്ലേ? അതുപോലെ വെളിയില്‍ നിന്ന് ഞാനും എന്ത് പറയാനാ? വക്കീലുമായി സംസാരിക്കണം. അവനിപ്പോള്‍ പരോള്‍ കിട്ടാന്‍ യാതൊരു ചാന്‍സുമില്ല. ജയിലിനുള്ളില്‍ നല്ലപുള്ളി ചമഞ്ഞതുകൊണ്ടായിരിക്കും ഉദ്യോഗസ്ഥന്‍ ഇത് കൊടുത്തിരിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയും നീചമായ പ്രവര്‍ത്തി ചെയ്ത ഒരുത്തന് പരോള്‍ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനമല്ലേ? പരോള്‍ കൊടുത്തിരിക്കുന്നത് അങ്ങേയറ്റം അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ്.'' ത്രിവിക്രമന്‍ പറഞ്ഞു.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വിസ്മയയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഒളിവില്‍ പോയ കിരണ്‍കുമാര്‍ ശാസ്താംകോട്ട സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കിരണിന് ജാമ്യം അനുവദിച്ചിരുന്നു.
വീട്ടില്‍ വച്ചുള്ള ആക്രമണങ്ങള്‍ക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയില്‍ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടില്‍ വച്ചും കാര്‍ മാറ്റി നല്‍കണമെന്ന് പറഞ്ഞ് കിരണ്‍കുമാര്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തര്‍ക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.