കൊച്ചി: മുനമ്പം സമര പന്തലിലെത്തി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്തെ ഭൂമിപ്രശ്‌നം പരിഹരിക്കുമെന്ന് കിരണ്‍ റിജിജു പറഞ്ഞു. മുനമ്പം ജനതയുടെ റെവന്യൂ അവകാശം തിരികെ നല്‍കമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായിട്ട് ആണ് ഇവിടെ എത്തുന്നത്. പക്ഷെ ഈ പ്രശ്‌നം നേരിട്ട് അറിയാം. ഇവിടെ ഇപ്പോള്‍ എത്തിയിരികുനത് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന ഉറപ്പിലാണ്. ഉറപ്പ് നല്‍കാന്‍ ആണ്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന നേതാവ് ആണ് മോദി. രാജ്യത്ത് വിവിധ മതങ്ങള്‍ ഉണ്ട്. മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്.

എന്നാല്‍ വഖഫ് ബോര്‍ഡിന് നിയന്ത്രണം ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്ന നിയമം കേന്ദ്രം മാറ്റി എഴുതി. കിരാത നിയമം മാറ്റി എഴുതി. രാജ്യത്ത് മുനമ്പം പോലെ പ്രശ്‌നത്തില്‍ ആയ നിരവധി മനുഷ്യര്‍ ഉണ്ട്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പിക്കാന്‍ ആണ് നിയമം. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷം ഇതില്‍ ഞങ്ങളെ കുറ്റപ്പെടുത്തി. എന്നാല്‍ മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒപ്പം അവിശ്രമം പോരാടും. മുനമ്പത്ത് രാഷ്ട്രീയ പ്രശ്‌നം ആയല്ല ബിജെപി കാണുന്നത്. മനുഷ്യത്വ പ്രശ്‌നം ആണെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

'ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മാത്രം അല്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും എന്ന് ഉറപ്പ് നല്‍കാന്‍ കൂടിയാണ്', കിരണ്‍ റിജിജു പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരേ ഒരു പരിഹാരമാണ് നരേന്ദ്ര മോദി. നമ്മുടെ നാട് ഒരു മതേതര രാജ്യമാണ്. എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തതാനുള്ള നിയമം നമ്മുക്കുണ്ട്. രാജ്യത്തെ ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം വഖഫ് നിയമത്തിലുണ്ടായിരുന്നു. അതാണ് മോദി സര്‍ക്കാരാണ് എടുത്ത് കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.

വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണം തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്.

മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും എറണാകുളം ജില്ലാ കളക്ടര്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

അതേ സമയം ഗുഡ് ന്യൂസ് ഉണ്ടായില്ലെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു സമര സമിതി അംഗങ്ങളുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രഖ്യാപനം ഉണ്ടാകാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ പ്രതീക്ഷയുണ്ടെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

ബിജെപിയുടെ വാദം പൊളിഞ്ഞെന്ന് വിമര്‍ശനം

വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന യുഡിഎഫ് നിലപാട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. യുഡിഎഫ് നിലപാടാണ് ശരിയെന്ന ബില്‍ അവതരിപ്പിച്ച മന്ത്രിക്ക് പോലും സമ്മതിക്കേണ്ടിവന്നു. മുനമ്പത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവസാനിക്കാത്ത നിയമപോരാട്ടങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്ത് പ്രതിസന്ധിയുണ്ടായാലും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ട്. പ്രശ്നപരിഹാരത്തിന് ഇപ്പോള്‍ തടസമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. വഖഫ് ട്രിബ്യൂണലില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടേ നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നല്‍കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളേജും ട്രീബ്യൂണലില്‍ വ്യക്തമാക്കിയത്. എന്നാല്‍, പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞുവന്നപ്പോള്‍ സര്‍ക്കാര്‍ തന്നെ അത് അട്ടിമറിക്കുകയായിരുന്നെന്നും വി.ഡി സതീശന്‍ ആരോപിച്ചു. വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞതെന്നും ഇത് വഞ്ചനയായി പോയെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ട്രൈബ്യൂണലില്‍ പരിഹരിക്കാവുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ പോകാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശമേ കേന്ദ്ര സര്‍ക്കാറിനുള്ളൂ. വര്‍ഗീയത പറഞ്ഞു നടക്കുകയാണ്. കാട്ടാന മനുഷ്യരെ ചവിട്ടി കൊല്ലുന്നതിലും വന്യമൃഗ ആക്രമണത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കാനുണ്ടെന്നും അതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. കാട്ടാന ചവിട്ടി കൊല്ലുന്ന വിഷയത്തില്‍ അഞ്ച് മിനിറ്റ് ചെലവഴിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ രക്ഷപ്പെടുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് ബില്ലും മുനമ്പം പ്രശ്‌നവുമായി നേരിട്ട് ബന്ധമില്ലെന്നും വഖഫ് ബില്‍ പാസാകുന്നത് കൊണ്ട് മുനമ്പം ഭൂമി പ്രശ്‌നം തീരില്ലെന്നും യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇപ്പോള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ബി.ജെ.പി ഇതുവരെ നടത്തിയിരുന്ന പ്രതികരണം വെറുതേയായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് മനസിലായി. വെറുതേ സ്വീകരണം ഏറ്റുവാങ്ങാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.