- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന്; 1679 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; 62 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിന് 3200 രൂപ വീതം; ട്രഷറിയില്‍ ക്ഷാമമുള്ളപ്പോഴും പിണറായി സര്‍ക്കാരിന്റെ ആശ്വാസ ബോണസ്
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഈ തീരുമാനം.
ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം.
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുന്‍പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയും ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. വിഷക്കാലത്തും ഇതേ മാതൃകയില്‍ പെന്‍ഷന്‍ കൊടുത്തിരുന്നു.
ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. ട്രഷറിയില്‍ ഒരു ബില്ലില്‍ മാറാവുന്ന പരിധി 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി കുറച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതാണ് കാരണം. ബില്‍ മാറാനുള്ള നിയന്ത്രണം ശമ്പളം, പെന്‍ഷന്‍, ബോണസ്, ഓണം ഉത്സവബത്ത എന്നിവയ്ക്ക് ബാധകമല്ല. വകുപ്പുകളുടെ മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള പണം, കരാറുകാരുടെ ബില്ലുകള്‍ എന്നിവ മാറാന്‍ നിയന്ത്രണമുണ്ടാകും.
രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ 6000 കോടിയെങ്കിലും ഓണത്തിന് കടമെടുക്കേണ്ടിവരും. ഇതോടെ ഡിസംബര്‍വരെ അനുവദിച്ച കടത്തിന്റെ ഭൂരിഭാഗവും എടുത്തുതീരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സാമ്പത്തിക വര്‍ഷാവസാനത്തിലെ വന്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ട്രഷറി. കിട്ടാവിന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഓണമാണ് ഇത്. അടുത്ത വര്‍ഷം മേയില്‍ പുതിയ സര്‍ക്കാര്‍ വരും. ഇത് ഇടതുപക്ഷം ആകണമെന്നാണ് സിപിഎം നിലപാട്. ഇതുകൂടി കണക്കിലെടുത്താണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയിലും ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത്.