കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചെന്ന സംശയത്തിനിടെ ഓംപ്രകാശിനെ കാണാനായി ചില യുവതാരങ്ങള്‍ എത്തിയെന്ന വാര്‍ത്ത വന്നതിന്റെ ഞെട്ടലില്‍ മലയാള ചലച്ചിത്രലോകം. പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാറില്‍ നിന്നും സിനിമ താരങ്ങളുടെയടക്കം വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ലഹരി ഇടപാടുകള്‍ നടക്കുന്ന ഈ ഹോട്ടല്‍ മുറിയിലേക്ക് എന്തിന് ഇത്രയും പേരെത്തിയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ഇവരെ വിളിച്ച് മൊഴിയെടുക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നേരത്തെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ അടക്കം പരാമര്‍ശമുണ്ടായിരുന്നു. പല താരങ്ങള്‍ക്കെതിരെയും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ചിലര്‍ക്കെതിരെ കേസുകളുമുണ്ട്. എഫ് ഐ ആറില്‍ പേരുളള നടന്‍ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാര്‍ട്ടിന്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നാണ് വിവരം.

മരടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്കാണ് ഓംപ്രകാശിനെയും കൂട്ടാളിയും കൊല്ലത്തെ മരവ്യവസായിയുമായ ഷിഹാസിനെയും പോലീസ് പിടികൂടുന്നത്. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിലാണ് ഇരുവരെയും പിടികൂടിയത്. കൊക്കെയ്‌നും എട്ടു ലിറ്ററോളം മദ്യവും ഇവരില്‍നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇവര്‍ ഹോട്ടലില്‍ എടുത്തിരുന്ന മൂന്നു മുറികളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വ്യക്തമായത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഓംപ്രകാശ് താമസിച്ച മുറിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പോലീസ് എത്തുന്നതിന് മുമ്പ് ഹോട്ടല്‍മുറിയില്‍ സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാര്‍ട്ടി നടന്നതായാണ് സംശയം. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു.

പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ബോബി ചലപതി എന്നയാളാണ് ഇവര്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നീ ചലച്ചിത്ര താരങ്ങളും ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്നേഹ, ടിപ്സണ്‍, ശ്രീദേവി, രൂപ,പപ്പി തുടങ്ങിയവരാണ് ഹോട്ടല്‍ റൂമുകളില്‍ ഓം പ്രകാശിനെ കാണുന്നതിനായി എത്തിയതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയില്‍ ഇന്നലെ ഡിജെ അലന്‍ വാക്കറിന്റെ ഷോ ഉണ്ടായിരുന്നു. ഈ ഡിജെ പാര്‍ട്ടിയിലേക്ക് അടക്കം ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഓം പ്രകാശിന്റെ മുറിയില്‍ നിന്നും കൊക്കെയിന്‍ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഹരി ഉപയോഗിച്ചത് ഓംപ്രകാശാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് പരിഗണിച്ച് ഇന്ന് കോടതി ഓം പ്രകാശിന് ജാമ്യം നല്‍കിയിരുന്നു.

താരങ്ങളെന്തിനെത്തി എന്ന് അറിയാന്‍ ചോദ്യം ചെയ്യണമെന്നും പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് വിവരം. ഇവര്‍ ബുക്ക് ചെയ്ത മുറിയിലും അടുത്തുളള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്.

പ്രതികള്‍ കൊക്കെയ്ന്‍ സംഭരിച്ച് ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് മനസ്സിലാക്കിയതായും പോലീസ് അറിയിച്ചു. വിദേശത്ത് നിന്നടക്കം കൊക്കെയ്ന്‍ കൊണ്ടുവന്ന് ഇവര്‍ എറണാകുളത്തും മറ്റു ജില്ലകളിലും ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു.

ഓംപ്രകാശ് പലതവണ കൊച്ചി നഗരത്തില്‍ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തവണയും ഹോട്ടലില്‍ മുറിയെടുത്തിരുന്നത് സ്വന്തം പേരിലായിരുന്നില്ല. ഓംപ്രകാശും ഷിഹാസും താമസിച്ചിരുന്ന മുറികളില്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന സൂചന. മുറികളില്‍ നിരവധി പേര്‍ എത്തിയ പശ്ചാത്തലത്തില്‍ ലഹരി പാര്‍ട്ടിയാണോ ഇവിടെ നടന്നത് എന്നതുള്‍പ്പെടയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കേസില്‍ പിടിയിലായ കുറ്റവാളി ഓംപ്രകാശ് ഏറെ നാളായി നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുനിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് ഡി.ജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നവരാണ് ഓംപ്രകാശും കൂട്ടാളികളുമെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഓംപ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്.