- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിലത് സംഭവിച്ചു, നാലര വര്‍ഷത്തെ ആയുസ് മാത്രമുള്ള എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ നേരിട്ടുള്ള വിമാനത്തിന് അകാല മൃത്യു; തുടക്കം മുതലേ എപ്പോള്‍ ചിറകരിയും എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ പുലര്‍ച്ചെ; വേനല്‍ക്കാല യാത്രയ്ക്ക് വിമാനമെത്തില്ല; അവസാന വിമാനം മാര്‍ച്ച് 28ന്
എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ നേരിട്ടുള്ള വിമാനത്തിന് അകാല മൃത്യു
കവന്‍ട്രി: 2020 ആഗസ്റ്റ് 28. നെടുമ്പാശേരി വിമാനത്താവളത്തിനും യുകെ മലയാളികള്‍ക്കും ഒന്ന് പോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ചരിത്ര ദിനമാണ്. ആദ്യമായി ഒരു വിമാനം ലണ്ടനില്‍ നിന്നും നേരിട്ട് പറന്നു കൊച്ചിയുടെ മണ്ണില്‍ നിലംതൊട്ടപ്പോള്‍ പരമ്പരാഗതമായ ജലാഭിവാദ്യം ചെയ്തുള്ള സ്വീകരണം ഏറ്റുവാങ്ങാന്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നത് 130 യാത്രക്കാരാണ്. കോവിഡ് കാലത്തു ലോകം ചലനമറ്റു കിടന്ന സമയം തന്നെയാണ് അതി വിപ്ലവകരമായ ഈ തീരുമാനം ഉണ്ടായത്.
പല രാജ്യങ്ങള്‍ മാറിക്കയറിയുള്ള യാത്ര യുകെയിലെ മലയാളികള്‍ക്ക് ദുരിതമാണെന്നു കാട്ടി യുകെയിലെയും കേരളത്തിലെയും മലയാളി അഭിഭാഷകരുടെ സഹായത്തോടെ ഹൈക്കോടതിയില്‍ എത്തിയ കേസില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുമ്പോഴേക്കും പൊടുന്നനെ എത്തിയ വിമാനത്തിന്റെ പ്രഖ്യാപനം അപ്രതീക്ഷിതം തന്നെ ആയിരുന്നു. തുടക്കത്തില്‍ ഹീത്രൂവില്‍ നിന്നും പിന്നീട് ഒരു വര്‍ഷത്തിലേറെ ആയി സ്ലോട്ടുകളുടെ അഭാവത്തില്‍ ഗാറ്റ്വിക്കിലേക്കും മാറിയ വിമാനം തുടക്കം മുതലേ മുഴുവന്‍ യാത്രക്കാരുമായാണ് പറക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാം എന്ന ഭയം സൃഷ്ടിക്കപ്പെട്ടിരുന്നത് പലവട്ടം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
എന്നാല്‍ ആ ഭയം യാഥാര്‍ത്ഥ്യമായ വാര്‍ത്തയാണ് ഇന്നലെ പുറത്തു വന്നിരിക്കുന്നത്. ആത്യന്തികമായി യുകെ മലയാളികളുടെ സ്വന്തം എന്ന് പറയാവുന്ന കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാനം എന്ന സത്യത്തിനു അകാല മൃത്യു സംഭവിക്കുകയാണ്. ഈ വേനല്‍ക്കാല അവധി മുതല്‍ ബുക്കിംഗ് എടുക്കണ്ട എന്ന് സെയ്ല്‍സ് മാനേജര്‍ ദീപകിന്റെ കത്ത് ബുക്കിംഗ് ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ലഭ്യമായ ഔദ്യോഗിക സോഴ്‌സുകള്‍ പ്രകാരം ഈ റൂട്ടിലെ അവസാന വിമാനം മാര്‍ച്ച് മാസം 28നാകും ഗാട്വികില്‍ നിന്നും കൊച്ചിയില്‍ എത്തുക. കൊച്ചിയില്‍ നിന്നുള്ള വിമാനം ഗാട്വിക്കിലേക്ക് അവസാനമായി പറക്കുന്നത് മാര്‍ച്ച് 29നും. ഇതിനു ശേഷം നടത്തിയ ബുക്കിംഗിലെ യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങള്‍ വഴി യുകെയില്‍ എത്താനാകും എയര്‍ ഇന്ത്യ സൗകര്യം ഒരുക്കുക. യുകെയില്‍ നിന്നും ബുക്ക് ചെയ്തവര്‍ക്കും ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ വഴി കേരളത്തില്‍ എത്താന്‍ സൗകര്യമൊരുക്കും.
എന്നാല്‍ എയര്‍ ഇന്ത്യ ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഈ വിവരം സാമൂഹ്യ മാധ്യമമായ എക്സില്‍ ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്നും കാണാനാകുന്നുണ്ട്. കൊച്ചി എയര്‍ പോര്‍ട്ടിന്റെ അഭിമാന സര്‍വീസ് ആയ ലണ്ടന്‍ വിമാനം ഇല്ലാതാകുന്ന സാഹചര്യത്തെക്കുറിച്ച് അഭിപ്രായം തേടി എയര്‍പോര്‍ട്ട് എംഡി സുഹാസ് ഐ എ എസിനെയും പി ആര്‍ ഒ യെയും ബന്ധപ്പെട്ടെങ്കിലും നിശബ്ദതയാണ് മറുപടിയായി ലഭിക്കുന്നത്. പൊതുവെ ഏതു ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കുന്ന ഇരുവരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയിലും വിമാനത്തിന്റെ മൃത്യു സംഭവിച്ചു കഴിഞ്ഞു എന്ന സൂചന തന്നെയാണ് നിഴലിക്കുന്നത്.
പുറത്തു വരുന്നത് കൊച്ചിക്ക് മാത്രം ബാധകമായ രസകരമായ വാദം
നാലര വര്‍ഷം എത്തുന്ന സര്‍വീസ് അതിന്റെ തുടക്കം മുതലേ ഒരു തരം ചിറ്റമ്മ നയമാണ് കാട്ടിയിരുന്നത്. ഏറ്റവും നിരുത്തരവാദപരമായ രീതിയില്‍ തന്നെയാണ് എയര്‍ ഇന്ത്യ ഈ റൂട്ടില്‍ കുത്തക നിരക്ക് ഈടാക്കി സര്‍വീസ് നടത്തിയിരുന്നത്. ഓഫ് സീസണ്‍ സമയത്തു പോലും നിറയെ യാത്രക്കാരുമായി പറന്ന റൂട്ടില്‍ ആണ് എയര്‍ ഇന്ത്യ തുടക്കം മുതലേ തങ്ങളുടെ താല്‍പര്യമില്ലായ്മ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചത്. പാതി പോലും തികയാത്ത യാത്രക്കാരുള്ള മറ്റു റൂട്ടുകളില്‍ മെച്ചപ്പെട്ട വിമാനങ്ങളും സേവനവും നല്‍കിയിരുന്ന എയര്‍ ഇന്ത്യക്ക് കൊച്ചി - ലണ്ടന്‍ സര്‍വീസിനോടുള്ള പുച്ഛം മുന്നറിയിപ്പില്ലാത്ത വിധം ഉള്ള ക്യാന്‍സലേഷനില്‍ വരെ എത്തിയിരുന്നു.
അറുപഴഞ്ചന്‍ വിമാനങ്ങള്‍ നല്‍കിയ ഈ റൂട്ടിലേക്ക് പത്തു മണിക്കൂര്‍ യാത്രയ്ക്ക് ഒരു വിധത്തില്‍ ഉള്ള എന്റര്‍ടൈന്‍മെന്റ് സൗകര്യവും നല്‍കാതിരിക്കാനാണ് എയര്‍ ഇന്ത്യ സ്‌പെഷ്യലൈസ് ചെയ്തത്. ജീവനക്കാരാകട്ടെ തങ്ങള്‍ക്ക് ഈ റൂട്ടില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പറഞ്ഞതും വാര്‍ത്ത ആയതാണ്. തുടക്കത്തില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഈ റൂട്ടിന് തടസം നില്‍ക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയെന്ന നിലയില്‍ തന്നെ ആയിരുന്നു, എന്നാല്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കപ്പെട്ടിട്ടിട്ടും ലണ്ടന്‍ - കൊച്ചി വിമാനത്തിനുള്ള പാരവയ്പ്പ് തുടരുകയായിരുന്നു എന്ന് വ്യക്തം. മറ്റു റൂട്ടുകളില്‍ മികച്ച വിമാനങ്ങള്‍ നല്‍കിയ എയര്‍ ഇന്ത്യ മലയാളികള്‍ സ്വയം ഈ വിമാനത്തെ ഉപേക്ഷിക്കട്ടെ എന്ന നിലപാടില്‍ ആയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.
കൊച്ചിക്കില്ലെങ്കില്‍ ബാംഗ്ലൂരിന് ഉണ്ടായതെങ്ങനെ? ചേര്‍ച്ചയില്ലാത്ത നുണയില്‍ എയര്‍ ഇന്ത്യ മൂക്കു കുത്തുമ്പോള്‍
പ്രത്യേക കാരണം ഒന്നും പറയാനില്ലാതെ ഇത്തരം ചില തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ പറഞ്ഞു വരുന്ന വാദങ്ങള്‍ വളരെ ബാലിശമായി പോകുന്ന പതിവ് എയര്‍ ഇന്ത്യയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ് കൊച്ചി റൂട്ട് വേണ്ടെന്നു വയ്ക്കുന്നത് എന്നാണ് ലണ്ടനിലെ എയര്‍ ഇന്ത്യ സെയ്ല്‍സ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന മറുപടി. ഈ വര്‍ഷം അവസാനത്തോടെ പുതുപുത്തന്‍ വിമാനങ്ങള്‍ ഏറെ ലഭിക്കുമ്പോള്‍ കൊച്ചി - ലണ്ടന്‍ റൂട്ടിലേക്കും ആവശ്യത്തിന് വിമാനങ്ങള്‍ ആകും എന്ന പതിവ് പല്ലവി വിഴുങ്ങുക മാത്രമല്ല തിരിച്ചൊരു ചോദ്യത്തിന് കൂടി എയര്‍ ഇന്ത്യയുടെ വാ അടഞ്ഞു പോകുകയാണ്.
കൊച്ചിക്ക് പറക്കാന്‍ വിമാനം ഇല്ലെങ്കില്‍ എങ്ങനെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 മുതല്‍ ബാംഗ്ലൂരിലേക്ക് ദിവസവും സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് വിമാനം ലഭിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. എയര്‍ ഇന്ത്യക്കൊപ്പം ഗാറ്റ്വിക്കിലേക്ക് കൂട്ടിക്കൊണ്ടുപോയ ബാംഗ്ലൂര്‍ സര്‍വീസിനെ ഒരു സ്ലോട്ട് ലഭിച്ചപ്പോള്‍ നേരെ ഹീത്രൂവില്‍ എത്തിച്ച എയര്‍ ഇന്ത്യ മുന്‍പിന്‍ നോക്കാതെയാണ് ദിവസവും സര്‍വീസ് എന്ന് പ്രഖ്യാപനം നടത്തിയത്. അന്ന് ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമാണ് പ്രസക്തം.
കൊച്ചിയേക്കാള്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ ഹീത്രൂവില്‍ നിന്നും ബാംഗ്ലൂരിലേക്ക് ലഭിക്കും എന്ന വാദം മനസിലാക്കാവുന്നത് ആണെങ്കിലും ആയിരത്തോളം മലയാളികള്‍ക്ക് ഓരോ ആഴ്ചയിലും നാട്ടില്‍ എത്താന്‍ സാധിക്കുന്ന വിമാനത്തിന്റെ ചിറകരിഞ്ഞു വേണമായിരുന്നോ ബാംഗ്ലൂരിലേക്ക് ചിറക് വിരിക്കാന്‍ എന്ന ചോദ്യത്തിനും എയര്‍ ഇന്ത്യ ഉത്തരം നല്‍കണം. പക്ഷെ ഈ ചോദ്യം പ്രവാസി സ്‌നേഹികളായ കേരള സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ ഉയര്‍ത്താന്‍ സാധ്യതയില്ല.
കാരണം പ്രവാസികളുടെ പ്രയാസങ്ങളും വേദനകളും ഒരിക്കലും കേരളത്തില്‍ വലിയ ചര്‍ച്ചയോ ശ്രദ്ധയോ നേടാറില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ ബാംഗ്ലൂരിലേക്ക് കൂടുതലായി പ്രഖ്യാപിച്ച ദിവസം തോറും ഉള്ള വിമാനത്തിന് ആവശ്യത്തിന് ഫ്ളൈറ്റുകള്‍ ലഭിക്കാതെ വന്നപ്പോള്‍ എയര്‍ ഇന്ത്യ കണ്ട ഏക പോംവഴിയാണ് കൊച്ചി വിമാനത്തിന്റെ ചിറകരിയുക എന്നത്. മറ്റു ഏതെങ്കിലും ഡെസ്റ്റിനേഷനെ കുറിച്ച് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ എയര്‍ ഇന്ത്യയുടെ മുട്ടിടിക്കും എന്നതും ഉറപ്പാണ്.
കൊച്ചിയാകുമ്പോള്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യയുടെ കോര്‍പറേറ്റ് ബുദ്ധിക്ക് ഉറപ്പാണ്. ഇതോടെ ബാംഗ്ലൂരിലേക്കുള്ള നിത്യവും ഉള്ള ഫ്ളൈറ്റിന് തടസം നേരിടാതിരിക്കാന്‍ കൊച്ചിയെ ലിസ്റ്റില്‍ നിന്നും പൂര്‍ണമായും വെട്ടി എന്ന് മാത്രമാണ് എയര്‍ ഇന്ത്യയുടെ തീരുമാനത്തെ നിരീക്ഷിക്കാനാകുക. കൊച്ചിയുടെ കാര്യത്തില്‍ ഇനിയെന്ത് ചെയ്യാനാകും എന്ന് എയര്‍ ഇന്ത്യയോട് തിരക്കുമ്പോള്‍ റീജിയണല്‍ മാനേജര്‍ക്ക് കത്തെഴുതാനുള്ള പഴയ വരട്ട് വാദ മറുപടിയാണ് ലഭിക്കുന്നത്.
നിര്‍ണായകവും നയപരവും ആയ തീരുമാനത്തില്‍ വലിയ റോള്‍ ഒന്നും ഇല്ലാത്ത റീജിയന്‍ ഓഫിസിന് അത്തരം പരാതി കത്തുകള്‍ വേണമെങ്കില്‍ ബിന്‍ ബാഗിലേക്ക് വലിച്ചെറിയാം, അല്ലെങ്കില്‍ സര്‍ക്കാര്‍ കാര്യം പോലെ ഹെഡ് ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യാം. രണ്ടായാലും ഫലം ഒന്നു തന്നെ ആയതിനാല്‍ അത്തരം പരാതികള്‍ മിക്കതും ബിന്‍ ബാഗില്‍ തന്നെ എത്താനാണ് സാധ്യത. മുകളിലേക്ക് പോയിട്ടും വിശേഷിച്ചു ഗുണം ഇല്ലെന്നറിയാവുന്ന യാത്രക്കാരാകട്ടെ അത്തരം പരാതികള്‍ക്ക് ഒന്നും സമയം കളയാനും തയ്യാറാകില്ല.
സുരേഷ് ഗോപിയുടെ കണ്ണിലെത്തുമോ? യുകെയിലെ മലയാളി സംഘടനകളുടെ നിലപാട് എന്ത്?
കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിയാല്‍ മാത്രമേ തത്കാലം യുകെ മലയാളികളുടെ ആശങ്കയ്ക്ക് തെല്ലൊരു പരിഹാരം ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ലഭ്യമായ സൂചനകള്‍ വ്യക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ മാത്രമാണ് യുകെ മലയാളികള്‍ക്ക് ആശ്രയിക്കാവുന്നത്. മുന്‍പ് ഈ റൂട്ടിലെ വിമാനങ്ങള്‍ മുന്നറിയിപ്പ് ഇല്ലാതെ കാന്‍സല്‍ ചെയ്യുന്നതും പതിവായി സമയം തെറ്റുന്നതും ഒക്കെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒഐസിസി യുകെയും കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുമാണ് പേരിനൊരു കത്ത് എങ്കിലും എഴുതി പ്രതിഷേധം അറിയിച്ചത്. എയര്‍ ഇന്ത്യ അധികൃതര്‍ക്കും കേന്ദ്ര സര്‍ക്കാരിനും കത്തുകള്‍ പോയെങ്കിലും പതിവ് പോലെ മറുപടി ഒന്നും കാര്യമായ പ്രതീക്ഷ സൃഷ്ടിക്കുന്നതായിരുന്നില്ല. കത്തുകള്‍ വഴിയുള്ള പ്രതിഷേധത്തിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ വിമാനം തന്നെ ഇല്ലാതാകുന്നത് എന്നതും കൗതുകകരമാണ്.
ഈ സാഹചര്യത്തില്‍ പതിവ് പോലെ യുകെയിലെ മലയാളി സമൂഹവും സംഘടനകളും മൗനം പാലിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലെന്ന അവസ്ഥയില്‍ നിന്നും അഞ്ചു ലക്ഷത്തോളം യുകെ മലയാളികള്‍ക്ക് ശബ്ദം ഉണ്ടെന്ന് എങ്കിലും ബോധ്യയപ്പെടുത്താനുള്ള ബാധ്യത ഓരോ യുകെ മലയാളിക്കുമുണ്ട്. പ്രായമായവര്‍ക്കും കൊച്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സാഹചര്യത്തില്‍ വേഗത്തില്‍ നാട്ടില്‍ എത്തേണ്ടിയിരുന്നവര്‍ക്കും ഒക്കെ ആശ്വാസമായിരുന്ന ഒരു വിമാനം മുന്നറിയിപ്പ് പോലും ഇല്ലാതെ അപ്രത്യക്ഷം ആകുന്നത് തികഞ്ഞ അവഗണയും മുഷ്‌കും തന്നെയാണ് എന്ന് വ്യക്തം. ഒരു കോര്‍പറേറ്റ് കമ്പനിയുടെ മൂല്യത്തില്‍ നിന്നും ടാറ്റയുടെ വ്യതിചലനം തന്നെയാണോ ഇത്തരം തീരുമാനങ്ങള്‍ എന്നും എയര്‍ ഇന്ത്യ ഉടമസ്ഥരായ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനി വ്യക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഓരോ ഇന്ത്യക്കാരും അഭിമാനത്തോടെ നെഞ്ചേറ്റുന്ന കോര്‍പറേറ്റ് ഭീമന്‍ എന്ന നിലയിലും ടാറ്റയ്ക്ക് ഉള്ള ഉത്തരവാദിത്തം എയര്‍ ഇന്ത്യയില്‍ നിന്നും ഓരോ യാത്രക്കാരും പ്രതീക്ഷിക്കുന്നുണ്ട്.