- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അച്ഛന്റെ അറസ്റ്റും മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തി; മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധി ചോദിച്ചു; താക്കോല്‍ സ്ഥാനം വേണ്ടെന്നും പറഞ്ഞു; പ്രിയപ്പെട്ട ഉദ്യോഗസ്ഥന് 'സേഫ് എക്‌സിറ്റ്'; പോലീസ് അഴിച്ചു പണിയിലെ കഥ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കവെ, സംസ്ഥാന പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് കൊച്ചി സിറ്റി കമ്മിഷണറുടെ മാറ്റമാണ്. സര്‍ക്കാരിന് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനെന്ന സന്ദേശത്തോടെ കൊച്ചിയിലെ നിര്‍ണ്ണായക ദൗത്യമേല്‍പ്പിച്ച ഡി.ഐ.ജി ഹരിശങ്കറിനെ, നിയമനം നടന്ന് ദിവസങ്ങള്‍ക്കകം മാറ്റിയത് രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
കൊച്ചി നഗരത്തിലെ ക്രമസമാധാനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളും വിശ്വസ്തമായ കൈകളില്‍ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിശങ്കറെ മുഖ്യമന്ത്രി അവിടെ പ്രതിഷ്ഠിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന ശബരമല സ്വര്‍ണ്ണക്കൊള്ള കേസ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഈ കണക്കുകൂട്ടലുകളെ പ്രതിരോധത്തിലാക്കി. ഈ കേസില്‍ ഹരിശങ്കറിന്റെ പിതാവ് കെ.പി. ശങ്കരദാസ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
പിതാവിന്റെ അറസ്റ്റും അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തിയിരുന്നു. ഒരു മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. കൊച്ചി പോലൊരു തന്ത്രപ്രധാനമായ സ്ഥലത്ത് കമ്മിഷണര്‍ അവധിയില്‍ പോകുന്നത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സര്‍ക്കാരിന് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തന്നെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും മാറ്റണമെന്നും ഹരിശങ്കര്‍ നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തി പ്രതിപക്ഷം ആയുധമാക്കാന്‍ അനുവദിക്കാതെ, അദ്ദേഹത്തിന് മാന്യമായ ഒരു 'സേഫ് എക്‌സിറ്റ്' നല്‍കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.
ഹരിശങ്കറെ സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി സ്ഥാനത്തേക്ക് മാറ്റിയതിലൂടെ അദ്ദേഹത്തെ വിവാദങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. പകരം, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി ഐ.ജിയായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി കമ്മിഷണറായി നിയമിച്ച് കൊച്ചിയിലെ ദൗത്യം സുരക്ഷിതമായ മറ്റൊരു കൈയ്യിലേക്ക് കൈമാറുകയും ചെയ്തു. 'തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രതിസന്ധികള്‍ ഭരണത്തെ ബാധിക്കരുത് എന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഹരിശങ്കറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചാണ് ഈ സ്ഥാനചലനം.' - ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ സൂചിപ്പിക്കുന്നു.
ഈ അഴിച്ചുപണിയിലൂടെ വിവാദങ്ങളെ തണുപ്പിക്കാനും അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കമ്മിഷണറായ ടി.നാഗരാജുവിനെ തൃശൂര്‍ റേഞ്ച് ഡിഐജിയാക്കി. തൃശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന അരുള്‍ ആര്‍.ബി.കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് (ഇന്റേണല്‍ സെക്യൂരിറ്റി) എസ്പി ആയിരുന്ന ജി.ജയ്‌ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കിരണ്‍ നാരായണ്‍ ആണ് പുതിയ സ്‌പെഷല്‍ ബ്രാഞ്ച് (ഇന്റേണല്‍ സെക്യൂരിറ്റി) എസ്പി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദര്‍ശനനെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
എറണാകുളം ജില്ലാ റൂറല്‍ പൊലീസ് മേധാവി ഹേമലതയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ആണ് പുതിയ കോസ്റ്റല്‍ പൊലീസ് എഐജി. കോസ്റ്റല്‍ പൊലീസ് എഐജി പദം സിങ്ങിനെ കോഴിക്കോട് സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി ആയിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. കൊച്ചി സിറ്റി ഡിസിപി ആയിരുന്ന ജുവനപ്പുഡി മഹേഷിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതരി ആണ് പുതിയ തിരുവനന്തപുരം സിറ്റി ഡിസിപി.
കോഴിക്കോട് സിറ്റി ഡിസിപി ആയിരുന്ന അരുണ്‍ കെ.പവിത്രനെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി. കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന്‍ കമന്‍ഡാന്റ് ആയിരുന്ന മുഹമ്മദ് നദിമുദ്ദീനെ റെയില്‍വേ എസ്പിയായി നിയമിച്ചു. റെയില്‍വേ എസ്പി കെ.എസ്.ഷഹന്‍ഷായെ കൊച്ചി സിറ്റി ഡിസിപിയാക്കി നിയമിച്ചു.


